പട്ന: ബീഹാറില്‍ മഹാസഖ്യത്തില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ ചൊല്ലി രൂക്ഷമായ പോര് മുറുകുന്നു. എന്‍ഡിഎയ്‌ക്കെതിരെ ശക്തമായി രംഗത്തിറങ്ങാന്‍ രൂപം കൊടുത്ത മുന്നണിയാണ് മഹാസഖ്യം. ആര്‍ജെഡി നേതാവ് തേജസ്വി യാദവ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകണം എന്ന നിലപാടിലാണ് ബീഹാറിലെ മഹാസഖ്യത്തെ നയിക്കുന്ന ആര്‍ജെഡി.
അതേസമയം മഹാസഖ്യത്തിലെ രാഷ്ട്രീയ ലോക്സമതാ പാര്‍ട്ടി ,ഹിന്ദുസ്ഥാന്‍ അവാം മോര്‍ച്ച, വികാസ് ശീല്‍ ഇന്‍സാന്‍ പാര്‍ട്ടി എന്നീ പാര്‍ട്ടികള്‍ മഹാ സഖ്യത്തിന്‍റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ലോക് താന്ത്രിക്ക് ജനതാദള്‍ നേതാവ് ശരദ് യാദവിനെ പ്രഖ്യാപിക്കണമെന്ന നിലപാടിലാണ്. നവംബര്‍ മാസം ബീഹാറില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനാണ് സാധ്യത. എന്തായാലും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ കോണ്‍ഗ്രസ് അവരുടെ നിലപാട് ഇതുവരെ പ്രഖ്യാപിച്ചിട്ടുമില്ല. നിലവില്‍ സീറ്റ് വിഭജന ചര്‍ച്ചകള്‍ ആരംഭിക്കാത്തതില്‍ കോണ്‍ഗ്രസ് ഇടഞ്ഞ് നില്‍ക്കുകയാണ്.
സംസ്ഥാനത്ത് അധികാരത്തിലിരിക്കുന്ന എന്‍ഡിഎ സര്‍ക്കാരിനെതിരെ ആര്‍ജെഡി ആകട്ടെ പ്രക്ഷോഭ പരിപാടികളും പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ മഹാസഖ്യവുമായി ഇടതു പാര്‍ട്ടികള്‍ സഹകരിക്കുമോ എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. തങ്ങള്‍ക്ക് അര്‍ഹമായ പരിഗണന കിട്ടണമെന്ന നിലപാട് ഇടത് പാര്‍ട്ടികള്‍ സ്വീകരിക്കുകയാണ്. സിപിഐ നേതാവ് കനയ്യ കുമാറിന്റെ നേതൃത്വത്തില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാനത്ത് പ്രക്ഷോഭ പരിപാടികള്‍ നടക്കുകയാണ്.
എന്നാല്‍ ഇടത് പാര്‍ട്ടികള്‍ അവരുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ആരെയും പ്രഖ്യാപിക്കുന്നതിന് സാധ്യതയില്ല. അതേസമയം ആര്‍ജെഡിയോ കോണ്‍ഗ്രസോ ചര്‍ച്ചയ്ക്ക് സന്നദ്ധമായാല്‍ ഇടതു പാര്‍ട്ടികള്‍ മഹാ സഖ്യത്തിനോപ്പം നിന്നേക്കും.എന്തായാലും സീറ്റ് വിഭജനവും പൂര്‍ത്തിയാക്കി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുകയും ചെയ്യുക എന്നത് മഹാസഖ്യത്തിന് വലിയ വെല്ലുവിളിയാണ്.
Post Your Comments