ന്യൂഡല്‍ഹി : പുല്‍വാമ ഭീകരാക്രമണത്തിന് നേതൃത്വം നല്കിയ ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറും കുടുംബവും ഒളിവിലാണെന്ന പാകിസ്താന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ഇന്ത്യ . പാകിസ്താന് കഴിയില്ലെങ്കില്‍ മസൂദ് അസറിനെ കണ്ടെത്താന്‍ തങ്ങള്‍ തയ്യാറാണെന്ന് ഇന്ത്യ വ്യക്തമാക്കി .പാക് സര്‍ക്കാര്‍ പിടികൂടുമെങ്കില്‍ മസൂദ് ഇപ്പോള്‍ കഴിയുന്ന സ്ഥലം ഇന്റലിജന്‍സിന്റെ സഹായത്തോടെ ഞങ്ങള്‍ പറഞ്ഞുതരാമെന്നും ഇന്ത്യന്‍ പ്രതിനിധികള്‍ പറഞ്ഞു.
എഫ്.എ.ടി.എഫിന്റെ പാരിസ് പ്ലീനറി മുതല്‍ അസര്‍ ഒളിവിലാണെന്ന നയമാണ് പാക് ഭരണകൂടം സ്വീകരിക്കുന്നതെന്ന് ഇന്ത്യന്‍ പ്രതിനിധികള്‍ പറയുന്നു. വീണ്ടും പാകിസ്താന് ഈ നിലപാട് തന്നെയാണ് തുടരുന്നതെങ്കില്‍ മസൂദ് അസറിനെ പിടികൂടാനുള്ള നീക്കം ഇന്ത്യ നടത്തും. മസൂദ് അസറും കുടുംബവും റാവല്‍പിണ്ടിയിലെ ചക്സസാദ് എന്ന സ്ഥലത്താണുള്ളത്. ഇസ്മബാദില് നിന്ന് പത്ത് കിലോമീറ്റര്‍ അകലെയുള്ള ഇവിടെ പാക് ചാരസംഘനയായ ഐ.എസ്.ഐയുടെ സഹായത്താലാണ് മസൂദ് കഴിയുന്നതെന്നും ഇന്ത്യന്‍ ഇന്റലിജന്‍സ് വൃത്തങ്ങള്‍ പറയുന്നു .
മസൂദിനെ കൂടാതെ മുംബൈ ഭീകരാക്രമണത്തിലെ സൂത്രധാരന്മാരില് ഒരാളായ സക്കീര്‍ ഉര് റഹ്മാന് ഒളിവില്‍ കഴിയുന്ന സ്ഥലവും ഇന്റലിജന്‍സ് പുറത്തുവിട്ടു. ബര്‍മ്മ ടൗണില്‍ ഐ.എസ്.ഐയുടെ സംരക്ഷണത്തിലാണ് സക്കീറും കഴിയുന്നത് . എന്നാല്‍ ഇയാളും ഒളിവിലാണെന്ന് പറഞ്ഞ് പാകിസ്താന് ഇവരെ സംരക്ഷിക്കാന്‍ ശ്രമിക്കുകയാണെന്നും ഇന്ത്യ കുറ്റപ്പെടുത്തി.
Post Your Comments