തിരുവനന്തപുരം: പ്ലസ് ടു സര്‍ട്ടിഫിക്കറ്റുകളിലെ തട്ടിപ്പ് തടയാന്‍ സര്‍ക്കാരിന്റെ പുതിയ തീരുമാനം. സര്‍ട്ടിഫിക്കറ്റുകളില്‍ വ്യക്തിഗത വിവരങ്ങള്‍ കൂടി ഉള്‍പ്പെടുത്താനാണ് സര്‍ക്കാര്‍ തീരുമാനം. മാതാപിതാക്കളുടെ വിവരങ്ങളും വിദ്യാര്‍ത്ഥിയുടെ ഫോട്ടോയും ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ കൂടി ഉള്‍പ്പെട്ടതാണ് പുതിയ സര്‍ട്ടിഫിക്കറ്റ്.
2013 മുതല്‍ വിദ്യാര്‍ത്ഥിയുടെ പേരു മാത്രം ഉള്‍പ്പെടുത്തിയുള്ള സര്‍ട്ടിഫിക്കറ്റാണ് നല്‍കി വരുന്നത്. നിലവിലെ രീതി മാറ്റി പുതിയ മാതൃക അംഗീകരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ഈ അധ്യയന വര്‍ഷം മുതല്‍ പുതിയ രീതിയിലുള്ള സര്‍ട്ടിഫിക്കറ്റാണ് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുക. തട്ടിപ്പ് നടക്കുന്നുവെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് സര്‍ട്ടിഫിക്കറ്റ് മാതൃക പരിഷ്‌കരിക്കാന്‍ തീരുമാനിച്ചത്.
വിദ്യാഭ്യാസ വകുപ്പിന് ലഭിച്ച പരാതികളിലേറയും വിദ്യാര്‍ത്ഥിയുടെ പേരില്‍ മാറ്റം വരുത്തി സര്‍ട്ടിഫിക്കറ്റ് തട്ടിപ്പു നടത്തുന്നുവെന്നായിരുന്നു. ഇതേതുടര്‍ന്നാണ് സര്‍ട്ടിഫിക്കറ്റ് പരിഷ്‌കരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. അടിയന്തരമായി സര്‍ട്ടിഫിക്കറ്റ് പരിഷ്‌കരിക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ 2019 ഡിസംബര്‍ 23ന് സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തുടര്‍ന്നാണ് പുതിയ മാതൃക സര്‍ക്കാര്‍ അംഗീകരിച്ചത്. വിദ്യാര്‍ത്ഥിയുടെ പേര്, പിതാവിന്റേയും മാതാവിന്റേയും പേര്, ജനനതീയതി, വിദ്യാര്‍ത്ഥിയുടെ ഫോട്ടോ, പരീക്ഷയില്‍ നേടിയ സ്‌കോര്‍, സ്‌കൂള്‍ കോഡ് എന്നീ വിവരങ്ങളാണ് പുതിയ സര്‍ട്ടിഫിക്കറ്റിലുണ്ടാകുക. ഈ അധ്യയന വര്‍ഷം മുതല്‍ പുതിയ സര്‍ട്ടിഫിക്കറ്റാണ് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുക.
Post Your Comments