റിയാദ് : സൗദി അറേബ്യയിൽ മഴയ്ക്കും, പൊടിക്കാറ്റിനും സാധ്യത. കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റേതാണ് മുന്നറിയിപ്പ്. തണുപ്പിന്റെ ശക്തി കുറയുന്നതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൊടിക്കാറ്റ് വീശിയേക്കും. ഒപ്പം മഴയും എത്തിയേക്കാമെന്നും ശനിയാഴ്ചയോടെ റിയാദിലും മക്ക മദീന പ്രവിശ്യകളിലുമെല്ലാം ഇടിയോട് കൂടിയ മഴയെത്തുമെന്നും മുന്നറിയിപ്പിൽ പറയുന്നു.
കൊടും തണുപ്പ് അനുഭവപ്പെടുന്ന സ്ഥലങ്ങളില്‍ വെള്ളിയാഴ്ച മുതല്‍ തന്നെ താപനില വർദ്ധിച്ചു തുടങ്ങി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ താപനില പെട്ടെന്നു തന്നെ മൈനസ് അഞ്ച് ഡിഗ്രി വരെ താഴ്ന്നിരുന്നു. വെള്ളിയാഴ്ച മുതല്‍ ഇതില്‍ കുറവ് വന്നു,ശനിയാഴ്ച മുതല്‍ വിവിധ ഭാഗങ്ങളില്‍ പൊടിക്കാറ്റിന് സാധ്യതയുള്ളതായും റിപോർട്ടുണ്ട്.
തണുപ്പ് ശമിക്കുന്നതിന്റെ ഭാഗമായി ഇടിയോട് കൂടിയ മഴ പെയ്തേക്കും. റിയാദ്, മക്ക, മദീന, ഖസീം, അല്‍ജൗഫ്, തബൂക്ക്, വടക്കന്‍ പ്രവിശ്യകളിലാണ് മഴ പെയ്യാന്‍ സാധ്യത. . ശനിയാഴ്ചക്കും തിങ്കളാഴ്ചക്കും ഇടയിലാകും ഈ കാലാവസ്ഥാ മാറ്റം പ്രകടമാവുകയെന്നു സൗദി കാലാവസ്ഥ പരിസ്ഥിതി വിഭാഗം അറിയിച്ചു.
കഴിഞ്ഞയാഴ്ച റിയാദില്‍ താപനില 12 ഡിഗ്രിയില്‍ നിന്നും ഒറ്റയടിക്കാണ് രണ്ട് ഡിഗ്രിയിലേക്ക് താഴ്ന്നത്. തബൂക്ക്, തുറൈഫ്, ഹാഇല്‍, ബുറൈദ, അല്‍ജൗഫ് ഭാഗങ്ങളിലെ ചിലയിടങ്ങളില്‍ കാലാവസ്ഥ മൈനസ് മൂന്നു മുതല്‍ അഞ്ച് ഡിഗ്രി വരെ എത്തിയിരുന്നു. കാലാവസ്ഥാ മാറ്റത്തോടെ നൂറുകണക്കിന് ആളുകളാണ് ചികിത്സ തേടിയത്. മുൻകാലങ്ങളെ അപേക്ഷിച്ച് ഏറ്റവും ശക്തമായ തണുപ്പായിരുന്നു ഇത്തവണ അനുഭവപ്പെട്ടത്.
Post Your Comments