തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട കെ സുരേന്ദ്രന് അഭിനന്ദനങ്ങളറിയിച്ച് കേന്ദ്ര മന്ത്രി വി മുരളീധരൻ. ഇരട്ടത്താപ്പിനെയും അഴിമതിയെയും തുറന്നു കാട്ടുന്ന സുരേന്ദ്രനെ മലയാളികൾ എങ്ങനെ ഇഷ്ടപ്പെടാതിരിക്കും. ഇടതു-വലത് മുന്നണികളെ ഞെട്ടിച്ച സമരനായകന് പ്രവർത്തന മികവിനുള്ള അംഗീകാരമാണ് ഇതെന്നും മുരളീധരൻ പറഞ്ഞു.
കഴിഞ്ഞ പത്തുവര്‍ഷമായി ബിജെപിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായി മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന വ്യക്തിയാണ് കെ സുരേന്ദ്രൻ. വിശ്വാസ സംരക്ഷണത്തിനും ദേശീയ താൽപര്യം ഉയർത്തിപ്പിടിക്കുന്നതിനും സ്വാർത്ഥ താത്പര്യങ്ങളില്ലാതെ നിൽക്കുന്ന സുരേന്ദ്രന്‍ ഇന്ന് കേരളത്തിന്റെ സമര നായകനാണ്. മുരളീധരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
മഞ്ചേശ്വരവും കാസർകോടും കടന്ന്, 2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍, പത്തനംതിട്ട മണ്ഡലത്തില്‍ മത്സരിച്ച് മൂന്ന് ലക്ഷത്തോളം വോട്ട് പിടിച്ച് ഇടതു-വലത് മുന്നണികളെ ഞെട്ടിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ കോന്നി മണ്ഡലത്തില്‍ മത്സരിച്ച് നാല്‍പതിനായിരത്തോളം വോട്ട് പിടിച്ച് കരുത്ത് കാട്ടാനും സുരേന്ദ്രനായി. സുരേന്ദ്രന്‍റെ യുവ നേതൃത്വം സംസ്ഥാന ബിജെപിയെ ബഹുദൂരം മുന്നിലെത്തിക്കുമെന്നതിൽ ഒരു സംശയവുമില്ലെന്നും മുരളീധരന്‍ പറഞ്ഞു.
വി മുരളീധരന്റെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം
കെ.സുരേന്ദ്രൻ. ജനകീയൻ എന്ന വിശേഷണത്തിന് ഇന്ന് കേരളത്തിൽ ഏറ്റവും അനുയോജ്യനായ വ്യക്തി. കഴിഞ്ഞ പത്തുവര്‍ഷമായി ബിജെപിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായി മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന കെ. സുരേന്ദ്രനിലേക്ക് സംസ്ഥാന അധ്യക്ഷ പദവിയെത്തുന്നത് പ്രവർത്തന മികവിനുള്ള അംഗീകാരമായാണ്.
കോഴിക്കോട് ഉള്ളിയേരിയിലെ കര്‍ഷകകുടുംബത്തിൽ കുഞ്ഞിരാമന്റെയും കല്ല്യാണിയുടെയും ഇളയമകനായി ജനിച്ച കെ.സുരേന്ദ്രൻ ഇന്ന് ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിനാളുകളുടെ മകനും സഹോദരനും ഒക്കെയാണ്. വിശ്വാസ സംരക്ഷണത്തിനും ദേശീയ താൽപര്യം ഉയർത്തിപ്പിടിക്കുന്നതിനും സ്വാർത്ഥ താത്പര്യങ്ങളില്ലാതെ നിൽക്കുന്ന, ഇരട്ടത്താപ്പിനെയും അഴിമതിയെയും തുറന്നു കാട്ടുന്ന സുരേന്ദ്രനെ മലയാളികൾ എങ്ങനെ ഇഷ്ടപ്പെടാതിരിക്കും? ഇടത് സർക്കാരിന്റെ വിശ്വാസികൾക്കെതിരായ നടപടിയെ ചോദ്യം ചെയ്ത് ശബരിമല പ്രക്ഷോഭത്തിന്റെ മുൻ നിരയിൽ നിന്നതിന് എത്ര കേസുകൾ ചുമത്തിയിട്ടും പിൻ വാങ്ങാത്ത ചങ്കുറപ്പും നിശ്ചയദാർഢ്യവുമാണ് കെ എസ് എന്ന രണ്ടക്ഷരം ജനഹൃദയങ്ങളിൽ ഉറപ്പിച്ചു നിർത്തിയത്. പിണറായി സർക്കാർ ജയിലിലടച്ചിട്ടും അദ്ദേഹം തന്റെ നിലപാടിലുറച്ചു നിന്നു.
എബിവിപിയിലൂടെ പൊതുപ്രവര്‍ത്തന രംഗത്തെത്തിയ സുരേന്ദ്രൻ എനിക്ക് കഴിഞ്ഞ 30 വർഷത്തിലധികമായി എന്റെ സ്വന്തം സഹോദരനാണ്, കുടുംബാംഗമാണ്. കെ.ജി. മാരാര്‍ജിയുടെ നിര്‍ദ്ദേശത്തെതുടര്‍ന്നാണ് ഭാരതീയ ജനതാ യുവമോര്‍ച്ചയുടെ മുഴുവന്‍ സമയപ്രവര്‍ത്തകനായി സുരേന്ദ്രൻ മാറിയത്.
യുവമോര്‍ച്ചയുടെ സംസ്ഥാന അദ്ധ്യക്ഷനായ ശേഷമാണ് കെ. സുരേന്ദ്രന്‍ സമരപോരാട്ടങ്ങളിലൂടെ കേരളത്തില്‍ മാറി മാറി വന്ന ഇടതുവലതു മുന്നണികളെ സമ്മര്‍ദ്ദത്തിലാക്കിയത്. കോവളം കൊട്ടാരം സമരം, കേരളാ യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് ഗ്രേഡ് അഴിമതിക്കെതിരായ സമരം, ടോട്ടല്‍ ഫോര്‍ യു തട്ടിപ്പ്, മലബാര്‍ സിമന്റ്‌സ് അഴിമതി, സോളാര്‍ തട്ടിപ്പ് തുടങ്ങിയ അഴിമതികള്‍ക്കെതിരായ സമരം, വാളയാറിലെ കുഞ്ഞുങ്ങൾക്ക് നീതി തേടിയുള്ള പോരാട്ടം… സുരേന്ദ്രനിന്ന് കേരളത്തിന്റെ സമര നായകനാണ്.
മഞ്ചേശ്വരവും കാസർകോടും കടന്ന്, 2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ ,പത്തനംതിട്ട മണ്ഡലത്തില്‍ മത്സരിച്ച് മൂന്ന് ലക്ഷത്തോളം വോട്ട് പിടിച്ച് ഇടതു-വലത് മുന്നണികളെ ഞെട്ടിക്കാനും, നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ കോന്നി മണ്ഡലത്തില്‍ മത്സരിച്ച് നാല്‍പതിനായിരത്തോളം വോട്ട് പിടിച്ച് കരുത്ത് കാട്ടാനും കഴിഞ്ഞ സുരേന്ദ്രന്റെ യുവ നേതൃത്വം സംസ്ഥാന ബിജെപിയെ ബഹുദൂരം മുന്നിലെത്തിക്കുമെന്നതിൽ ഒരു സംശയവുമില്ല. കേരളത്തിന്റെ കാവലാളായി കൂടെയുണ്ടാകും കെ.എസ് എന്ന കരുത്തൻ. എന്റെ പ്രിയ അനുജന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ???
Post Your Comments