ന്യൂഡല്‍ഹി : ഗാര്‍ഗി കോളജിലെ വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസില്‍ അറസ്റ്റിലായ 10 പേര്‍ക്കും ജാമ്യം. അതിക്രമിച്ചു കയറിയതിനു മാത്രമാണു തെളിവുള്ളതെന്നും ലൈംഗികാതിക്രമം നടത്തിയതിനു തെളിവില്ലെന്നും പൊലീസ് അറിയിച്ചതിനു പിന്നാലെയാണു പ്രതികള്‍ക്കു സാകേത് കോടതി ജാമ്യം നല്‍കിയത്. കോളജിനു സമീപത്തെ 23 സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണു പ്രതികളെ കണ്ടെത്തിയത്. 18 മുതല്‍ 25 വയസുവരെയുള്ളവരെയാണു കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തിരുന്നത്. പ്രായപൂര്‍ത്തിയാകാത്തവരെ ജുവനൈല്‍ കസ്റ്റിഡിയില്‍ വിട്ടിരുന്നു.
വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെയുണ്ടായ ലൈംഗിക അതിക്രമത്തെക്കുറിച്ച് സിബിഐ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. ജസ്റ്റിസുമാരായ ജി.എസ്.സസ്താനി, സി.ഹരിശങ്കര്‍ എന്നിവരടങ്ങിയ ബെഞ്ച് തിങ്കളാഴ്ച ഹര്‍ജി പരിഗണിക്കും. നേരത്തെ സമാന ഹര്‍ജി സുപ്രീം കോടതിയില്‍ നല്‍കിയിരുന്നെങ്കിലും ഹൈക്കോടതിയെ സമീപിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. കോളജിലെയും സമീപത്തെയും സിസിടിവി ദൃശ്യങ്ങള്‍ സംരക്ഷിക്കണമെന്ന് അഭിഭാഷകനായ എം.എല്‍.ശര്‍മ നല്കിയ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് ഗാര്‍ഗികോളേജ് വിദ്യാര്‍ത്ഥിനികള്‍ക്ക് നേരിടേണ്ടിവന്ന ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് പൊലീസില്‍ പരാതി നല്‍കിയത്. കോളേജ് ഫെസ്റ്റിനിടെ മദ്യപിച്ച് പുറത്ത് നിന്നെത്തിയ ഒരു സംഘം കയറിപിടിക്കുകയായിരുന്നെന്നായിരുന്നു വിദ്യാര്‍ത്ഥിനികള്‍ പരാതിയില്‍ പറഞ്ഞിരുന്നു. മദ്യപിച്ച് ലക്കുകെട്ട ആളുകള്‍ ക്യാംപസിനകത്ത് എത്തി വിദ്യാര്‍ത്ഥിനികളെ കടന്നുപിടിച്ചതായും ബാത്ത്റൂമുകളില്‍ അടച്ചിട്ടതായും പിന്നാലെ നടന്ന് ശല്യം ചെയ്തതായും ഗാര്‍ഗി കോളേജ് വിദ്യാര്‍ഥിനി പരാതിപ്പെട്ടിരുന്നു. തങ്ങള്‍ക്കു നേരെ നടന്ന അക്രമം കോളേജ് അധികൃതരെ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ലെന്നും വിദ്യാര്‍ത്ഥികള്‍ കുറ്റപ്പെടുത്തിയിരുന്നു.തുടര്‍ന്ന് സമൂഹികമാധ്യമങ്ങളിലൂടെ വിദ്യാര്‍ത്ഥിനികള്‍ നേരിട്ട ദുരനുഭവം വിശദീകരിച്ചതോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്.
ഗാര്‍ഗി സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹി സര്‍വകലാശാലയിലെ വിവിധ കോളജുകളിലെ വാര്‍ഷികാഘോഷങ്ങളില്‍ കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തി. പുറത്തു നിന്നുള്ളവര്‍ക്കു പ്രവേശിക്കുന്നതിനു നിയന്ത്രണമുണ്ട്.
Post Your Comments