ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിന്റെ ഒന്നാം വാര്‍ഷിക ദിനത്തിൽ കശ്മീരിലെ ലെതോപോരയിലെ സിആര്‍പിഎഫ് ക്യാമ്പില്‍ നടന്ന അനുസ്മരണ ചടങ്ങിലെ പ്രത്യേക ക്ഷണിതാവായിരുന്നു ബെംഗളൂരുവിലെ പാട്ടുകാരനായ ഉമേഷ് ഗോപിനാഥ് ജാധവ്. പുല്‍വാമയില്‍ വീരമൃത്യു വരിച്ച 40 സിആര്‍പിഎഫ് ജവാന്‍മാരുടെയും വീടുകള്‍ സന്ദര്‍ശിച്ച് അവിടെനിന്നും ഒരു പിടി മണ്ണ് ചെറുഭരണിയില്‍ ശേഖരിച്ച് സൈനികരോടുള്ള തന്റെ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചതിനാലാണ് ഇദ്ദേഹത്തെ ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നത്.
ശേഖരിച്ച മണ്ണ് സൈനികരുടെ ഓര്‍മയ്ക്കായി അനുസ്മരണ ചടങ്ങില്‍ ഉമേഷ് സിആര്‍പിഎഫിന് സമര്‍പ്പിക്കുകയും ചെയ്തു. പുല്‍വാമയില്‍ ജീവന്‍ നഷ്ടമായ ധീരജവാന്‍മാരുടെ കുടുംബങ്ങളെ അവരുടെ വീടുകളിലെത്തി സന്ദര്‍ശിക്കാനായതില്‍ അഭിമാനമുണ്ടെന്നും, ജീവന്‍ പൊലിഞ്ഞ സൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാനാണ് ഇത്തരത്തില്‍ യാത്ര നടത്തിയതെന്നും അദ്ദേഹം പറയുന്നു. രാജ്യത്തുടനീളം ഏകദേശം 61,000 കിലോമീറ്ററിലേറെ ദൂരം സഞ്ചരിച്ചാണ് ഉമേഷ് ജാധവ് 40 സൈനികരുടെയും വീടുകള്‍ സന്ദര്‍ശിച്ചത്.
Post Your Comments