അബുദാബി; യുഎഇയില്‍ വ്യാജ മരുന്നുകളെ കണ്ടെത്താനായി മൊബൈല്‍ ആപ്ലിക്കേഷന്‍. ലോകത്ത് നൂറുകണക്കിന് ആളുകളാണ് ഇത്തരത്തില്‍ വ്യാജ മരുന്നുകള്‍ കഴിച്ച് മരണപ്പെടുന്നത്. ഇതിനെത്തുടര്‍ന്നാണ് യുഎഇ വ്യാജ മരുന്നുകളെ കണ്ടെത്താനായി മൊബൈല്‍ ആപ്ലിക്കേഷന്‍ ഒരുക്കിയത്.
മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് മരുന്നുപായ്ക്കറ്റിലെ ബാര്‍കോഡ സ്‌കാന്‍ ചെയ്യുമ്പോള്‍ വ്യാജ മരുന്നാണോ എന്ന് തിരിച്ചറിയാനാകുമെന്ന് യുഎഇ ആരോഗ്യ, രോഗപ്രതിരോധ മന്ത്രി അബ്ദുറഹ്മാന്‍ അല്‍ ഒവൈസ് ഫെഡറല്‍ നാഷണല്‍ കൗണ്‍സിലില്‍ വ്യക്തമാക്കി. കൂടാതെ രാജ്യത്തിനകത്തു നിര്‍മിക്കുന്ന മരുന്നുകളുടെ നിലവാരം പരിശോധിക്കാനും സംവിധാനമുണ്ട്. പുതുതായെത്തുന്ന മരുന്നുകള്‍ ആരോഗ്യമന്ത്രാലയം പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷമേ വിപണിയിലെത്തിക്കാന്‍ അനുമതി നല്‍കുകയുള്ളുവെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
അമിതവിലയും തെറ്റായ പരസ്യവും നല്‍കുന്ന മരുന്നു കമ്പനികള്‍ക്കെതിരെ ഇന്ത്യയിലും കേന്ദ്രസര്‍ക്കാര്‍ നടപടിക്കൊരുങ്ങുകയാണ്. സര്‍ക്കാര്‍ നിശ്ചയിച്ചതില്‍ നിന്ന് കൂടിയ വില വാങ്ങുന്ന കമ്പനികള്‍ക്കെതിരെ പിഴ ഉള്‍പ്പെടെ കടുത്ത ശിക്ഷാനടപടികള്‍ സ്വീകരിക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം. കമ്പനികള്‍ ചട്ടവിരുദ്ധമായി അധികലാഭം നേടിയിട്ടുണ്ടെങ്കില്‍ പിഴയും പലിശയും ഈടാക്കുമെന്നും സര്‍ക്കാര്‍ മുന്നറിയിപ്പു നല്‍കി. സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നതോ ആക്ഷേപിക്കുന്നതോ വിധത്തിലോ പ്രസിദ്ധീകരിക്കുന്ന ഔഷധ പരസ്യങ്ങള്‍ക്ക് കനത്ത ശിക്ഷനല്‍കുന്ന നിയമം കേന്ദ്രം ഒരുക്കുകയാണ്. ഇത് കേരളത്തിലെ പ്രമുഖ കമ്പനികള്‍ക്ക് അടക്കം പണി കിട്ടും.
Post Your Comments