കോട്ടയം: കല്യാണം കഴിക്കാൻ വീട്ടമ്മ നൽകിയത് അയൽവാസിയായ യുവതിയുടെ ഫോട്ടോ. കല്യാണ ആവശ്യത്തിനായി ബ്ലൗസിന്‍റെ അളവ് വാങ്ങാനെത്തിയ യുവാവ് കള്ളി പൊളിച്ചു. ആറു മാസം മുമ്പ് ഫോണിലൂടെയാണ് ഇരുവരും പരിചയപ്പെടുന്നത്. വാട്സാപ് ചാറ്റിലൂടെ വളർന്ന ബന്ധം പ്രണയാമായി. ഈ മാസം 16ന് വിവാഹം നടത്താനിരിക്കെയാണു കള്ളി വെളിച്ചത്തായത്. കണ്ണൂർ തളിപ്പറമ്പ് കൂവേരി കാക്കമണി വിഗേഷാണു തട്ടിപ്പിനിരയായത്. തിരുവാർപ്പ് സ്വദേശിയാണ് വീട്ടമ്മ. അയൽവാസിയായ 23 കാരിയുടെ ചിത്രമുപയോഗിച്ചാണ് വീട്ടമ്മ യുവാവിനെ പ്രണയത്തിൽ വീഴ്ത്തിയത്.
വിവാഹം ഉറപ്പിക്കുന്നതിനായി വിഗേഷിന്റെ അച്ഛൻ ബാലകൃഷ്ണനും സഹോദരി വിനീഷയും ഭർത്താവ് ജയദീപും കഴിഞ്ഞ മാസം 27ന് തിരുവാർപ്പിലെ വീട്ടിലേക്കു പോകാൻ തീരുമാനിച്ചു. ബന്ധു മരിച്ചതു മൂലം വീട്ടിലേക്കു വരേണ്ടെന്നും കോട്ടയം റെയിൽവേ സ്റ്റേഷനു സമീപത്തെ ലോഡ്ജിൽ എത്തിയാൽ മതിയെന്നും വിഗേഷിന്റെ ബന്ധുക്കളെ വീട്ടമ്മ അറിയിച്ചു. ഇതിനുസരിച്ച് യുവാവിന്റെ വീട്ടുകാർ ലോഡ്ജിൽ എത്തി. പെൺകുട്ടിയുടെ ബന്ധുവാണെന്ന് പരിചയപ്പെടുത്തി വീട്ടമ്മയും മറ്റൊരാളും അവിടെ വന്നു. ഇരുകൂട്ടരും പരിചയപ്പെട്ട് വിവാഹം ഉറപ്പിക്കുകയും ചെയ്തു. പെൺകുട്ടിയെ കാണണമെന്നു വിഗേഷിന്റെ അച്ഛൻ ബാലകൃഷ്ണൻ നിർബന്ധം പിടിച്ചപ്പോൾ ഗതാഗതക്കുരുക്കു മൂലം അവിടെ എത്താൻ കഴിയില്ലെന്നു പറഞ്ഞു വീട്ടമ്മ കൂടിക്കാഴ്ച മുടക്കി .
16ന് നടത്തേണ്ട വിവാഹത്തിന്റെ ഒരുക്കങ്ങൾ വിഗേഷിന്റെ വീട്ടിൽ നടന്നു വരികയായിരുന്നു. 3 ലക്ഷത്തിലേറെ രൂപ ചെലവഴിച്ചു വീട് മോടി പിടിപ്പിച്ചു. പന്തലും ഇട്ടു. കല്യാണപ്പെണ്ണിന് ഇടാനുള്ള അളവ് ബ്ലൗസുമായി കണ്ണൂരിലുള്ള ബന്ധുവീട്ടിൽ എത്താമെന്നു വീട്ടമ്മ അറിയിച്ചിരുന്നു. എത്താതെ വന്നപ്പോൾ വിഗേഷിന്റെ സഹോദരി വിനീഷയും ഭർത്താവ് ജയദീപും കോട്ടയത്ത് എത്തി.
അമ്മയ്ക്കു ചിക്കൻപോക്സാണെന്നും വീട്ടിലേക്കു വരേണ്ടന്നും വീട്ടമ്മ അവരെ അറിയിച്ചു. ഇതോടെ സഹോദരിക്കും ഭർത്താവിനും സംശയമായി. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് വീട്ടമ്മയുടെ തട്ടിപ്പ് പുറത്തായത്. വിഗേഷ് പരാതി നൽകിയതിനെ തുടർന്ന് വീട്ടമ്മയെ പൊലീസ് അറസ്റ്റു ചെയ്തു.
Post Your Comments