കൊച്ചി: സംസ്ഥാനത്തെ ഓട്ടോറിക്ഷകള്‍ക്ക് കടിഞ്ഞാണിട്ട് ഹൈക്കോടതി. ഓട്ടോറിക്ഷകളില്‍ യാത്രക്കാര്‍ക്കു കാണുംവിധം അച്ചടിച്ച യാത്രാനിരക്ക് കാര്‍ഡ് ഒട്ടിക്കാമോയെന്ന് മോട്ടോര്‍വാഹന വകുപ്പും ലീഗല്‍ മെട്രോളജി അധികൃതരും പരിശോധിക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. കണ്ണൂര്‍ ജില്ലയില്‍ ഓട്ടോറിക്ഷകള്‍ അധികചാര്‍ജ് വാങ്ങുന്നെന്ന് ആരോപിച്ച് ദി ട്രൂത്ത് എന്ന സംഘടനയുള്‍പ്പെടെ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ജസ്റ്റിസ് എ കെ ജയശങ്കരന്‍ നമ്പ്യാരുടെ ഉത്തരവ്.
യാത്രക്കാര്‍ക്ക് പരാതികള്‍ പറയാനുള്ള ഫോണ്‍ നമ്പരുകള്‍ വാഹനങ്ങളിലും പൊതുസ്ഥലത്തും പ്രദര്‍ശിപ്പിക്കാന്‍ കണ്ണൂരിലെ പൊലീസ് അധികൃതര്‍ ഉടന്‍ നടപടിയെടുക്കണമെന്നും മറ്റു ജില്ലകളില്‍ ഇതു നടപ്പാക്കുന്നെന്ന് ഡി.ജി.പി ഉറപ്പാക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
ഹൈക്കോടതിയുടെ മറ്റുനിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ. എമര്‍ജന്‍സി സപ്പോര്‍ട്ട് റെസ്‌പോണ്‍സ് സംവിധാനം(112 ടോള്‍ ഫ്രീ നമ്ബര്‍), ഹൈവേ പൊലീസ് (9846100100), പിങ്ക് പൊലീസ്(1515), വനിതാ ഹെല്‍പ്പ് ലൈന്‍(1091) തുടങ്ങിയവയുടെ നമ്പരുകള്‍ യാത്രക്കാരുടെ പരാതികളോടു പ്രതികരിക്കാന്‍ കഴിയുന്ന തരത്തിലാകണം. അമിതനിരക്ക് ഈടാക്കിയെന്ന പരാതി ലഭിച്ചാല്‍ പരിശോധിച്ച് ഓട്ടോക്കാരന്റെ ഭാഗത്ത് വീഴ്ചയുണ്ടോ എന്നുറപ്പാക്കണം. ഉചിതമായ നടപടിയും സ്വീകരിക്കണം. യാത്രക്കാര്‍ വിളിച്ചാല്‍ മറ്റൊരു നമ്പരിലേക്ക് വിളിക്കാന്‍ പറയരുത്. ഇക്കാര്യം എസ്.പി ഉറപ്പാക്കണം. ഇത്തരം കോളുകള്‍ ഉചിതമായ കണ്‍ട്രോള്‍ സെന്ററിലേക്ക് തിരിച്ചുവിടാന്‍ സംവിധാനം വേണം. ഓട്ടോഡ്രൈവറുടെ ഭാഗത്ത് വീഴ്ചയുണ്ടെന്ന് കണ്ടാല്‍ മോട്ടോര്‍വാഹന നിയമം, ലീഗല്‍ മെട്രോളജി നിയമം തുടങ്ങിയവ പ്രകാരം നടപടിക്ക് റിപ്പോര്‍ട്ട് ചെയ്യണം. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
Post Your Comments