KeralaLatest NewsNews

കൈക്കൂലി കേസില്‍ പോലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

ഷൊര്‍ണൂര്‍: കൈക്കൂലി കേസില്‍ പോലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍.ഷൊര്‍ണൂര്‍ പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ എ. വിനോദിനെയാണ് കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് അറസ്റ്റ് ചെയ്തത്.ബുധനാഴ്ചരാവിലെയാണ് സംഭവം.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചകേസില്‍ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തി മുണ്ടായ ലക്ഷംവീട് കോളനിയില്‍ ബിനോയുടെ പക്കല്‍നിന്ന് 4000 രൂപ വാങ്ങുന്നതിനിടെയാണ് അറസ്റ്റ്. സഹായിയായ ലോട്ടറി കച്ചവടക്കാരന്‍ ഉണ്ണികൃഷ്ണനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.ആറായിരംരൂപ വിനോദ് ബിനോയിയില്‍നിന്ന് ഇതിന് മുമ്പും വാങ്ങിയിട്ടുണ്ട്.ലോട്ടറിക്കടയില്‍ എത്തി 4000 രൂപ വിനോദിന് ബിനോയ് നല്‍കുന്നതിനിടെ ഡിവൈ.എസ്.പി. മാത്യുരാജ് കള്ളിക്കാടന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടുകയായിരുന്നു.

പീഡനക്കേസില്‍ ബിനോയ് പ്രതിയല്ലെന്നും കേസുമായി ബന്ധപ്പെട്ട പ്രതിക്കൊപ്പം ജോലി ചെയ്തിരുന്നതും ബൈക്കില്‍ സഞ്ചരിച്ചിരുന്നതും ചൂണ്ടിക്കാട്ടി വിനോദ് ഭീഷണിപ്പെടുത്തുകയായിരുന്നെന്നും വിജിലന്‍സ് സംഘം പറഞ്ഞു. 6000 രൂപ ബിനോയിയില്‍നിന്ന് വാങ്ങി വിനോദിന് നല്‍കിയതിനാണ് ഉണ്ണിക്കൃഷ്ണനെ അറസ്റ്റുചെയ്തത്.

പ്രതിയാക്കാതിരിക്കാം എന്നുപറഞ്ഞ് വിനോദിന്റെ നിര്‍ദേശപ്രകാരം ഉണ്ണികൃഷ്ണന്‍ ബിനോയിയുടെ വീട്ടിലെത്തി അമ്മയുമായി സംസാരിച്ച് ആദ്യം 20,000 രൂപ ആവശ്യപ്പെട്ടിരുന്നതായി അധികൃതര്‍ പറഞ്ഞു.പിന്നീട് 10,000 രൂപ നല്‍കിയാല്‍ രക്ഷപ്പെടുത്താമെന്നും പറഞ്ഞു. എന്നാല്‍ 6000 രൂപ നല്‍കിട്ടും ബാക്കി നല്‍കിയില്ലെങ്കില്‍ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ബിനോയി വിജിലന്‍സിനെ സമീപിക്കുകയും പരാതി നല്‍കുകയും ചെയ്തു. വിജിലന്‍സ് നല്‍കിയ പണം ബിനോയി വിനോദിന് നല്‍കുകയായിരുന്നു.  ഇതിനിടയിലാണ് വിജിലന്‍സ് ഇയാളെ പിടികൂടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button