ഔറംഗാബാദ്: ബിജെപിക്കെതിരെ ആക്രമണവുമായി സിപിഐ നേതാവും ജെഎന്‍യു മുന്‍ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റുമായ കനയ്യ കുമാര്‍. ഭിന്നിപ്പിച്ചു ഭരിക്കുക, ധ്രൂവീകരണമുണ്ടാക്കുക എന്നിവയാണ് ബിജെപിയുടെ നയമെന്നും പൗരത്വ നിയമ ഭേദഗതി എന്‍ആര്‍സിയെ വെള്ളപൂശുക മാത്രമാണ് ചെയ്യുന്നതെന്നും കനയ്യ പറഞ്ഞു. ജന്‍ ഗണ്‍ മന്‍ യാത്രയുടെ 12-ാം ദിവസം ബീഹാറിലെ ഔറംഗബാദില്‍ സംസാരിക്കുകയായിരുന്നു കനയ്യ.
ഞങ്ങള്‍ വിദ്യാഭ്യാസ യോഗ്യതകള്‍ തെളിയിക്കാനുള്ള രേഖകള്‍ കാണിക്കും, എന്നാല്‍ പൗരത്വത്തിന്റെ തെളിവ് ഞങ്ങള്‍ കാണിക്കില്ല… എന്റെ സഹോദരന്റെ സര്‍ട്ടിഫിക്കറ്റില്‍ അച്ഛന്റെ പേര് എഴുതിയതില്‍ അക്ഷരത്തെറ്റുണ്ട്. ഒരു ദരിദ്രന്‍ അവരുടെ മാതാപിതാക്കളുടെ രേഖകള്‍ കാണിക്കുമെന്ന് ഞാന്‍ എങ്ങനെ പ്രതീക്ഷിക്കും? എന്നും അദ്ദേഹം ചോദിച്ചു. മതത്തെ സംരക്ഷിക്കാനല്ല മറിച്ച് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും നല്ല സ്‌കൂളുകളും ആശുപത്രികള്‍കളും നിര്‍മ്മിക്കുന്നതിനുമാണ് ജനങ്ങള്‍ സര്‍ക്കാരിനെ തെരഞ്ഞെടുത്തതെന്ന് കനയ്യ പറഞ്ഞു.
സംസ്ഥാനത്തൊട്ടാകെയുള്ള പര്യടനത്തിനിടെ തന്റെ വാഹനങ്ങള്‍ക്ക് നേരെയുള്ള ആക്രമണത്തെക്കുറിച്ച് ആശങ്കപ്പെടുന്നില്ലെന്നും ചില ആളുകള്‍ മോട്ടോര്‍ ഓയില്‍, മഷി, മുട്ട, കല്ലുകള്‍ തുടങ്ങിയവ എറിയുന്നു. എന്നാല്‍, അതിനെക്കാള്‍ സന്തോഷിപ്പിക്കുന്നത് ഇത്രയേറെ ആളുകള്‍ താന്‍ പറയുന്നത് കേള്‍ക്കാന്‍ എത്തുന്നതാണെന്നും കനയ്യ വ്യക്തമാക്കി.
Post Your Comments