ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് വിവിധ വകുപ്പുകൾ നടത്തേണ്ട മുന്നൊരുക്കങ്ങൾ ഈ മാസം തന്നെ പൂർത്തീകരിക്കാൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർദ്ദേശം നൽകി. ഉത്സവമേഖലയായ 31 വാർഡുകളിൽ റോഡുകളുടെ അറ്റകുറ്റപ്പണികളും നിർമ്മാണ പ്രവർത്തനങ്ങളും യുദ്ധകാല അടിസ്ഥാനത്തിൽ പൂർത്തിയാക്കണം. സ്വിവറേജ് ശുചീകരണവും നടത്താൻ ആറ്റുകാൽ ക്ഷേത്ര ഓഡിറ്റോറിയത്തിൽ ചേർന്ന അവലോകന യോഗത്തിൽ തീരുമാനിച്ചു. പൊങ്കാല ഉത്സവത്തിന്റെ സുഗമ നടത്തിപ്പിന് നോഡൽ ഓഫീസറായി എ ഡി എം വി.ആർ വിനോദിനെ ചുമതലപ്പെടുത്തി. അന്നദാനവും കുടിവെള്ള വിതരണവും നടത്തുന്ന സന്നദ്ധ സംഘടനകൾക്ക് രജിസ്‌ട്രേഷൻ നിർബന്ധമാക്കി ഹരിതചട്ടപാലനം ഉറപ്പാക്കും. ഉത്സവം പ്ലാസ്റ്റിക് വിമുക്തമാക്കുന്നതിനായി ഭക്തജനങ്ങളും, സന്നദ്ധ സംഘടനകളും സ്റ്റീൽ പാത്രങ്ങളും കപ്പുകളും ഉപയോഗിക്കുന്നതിന് ബോധവൽക്കരണം നടത്താനും മന്ത്രി നിർദ്ദേശിച്ചു. ഇതിനായി പരസ്യ പ്രചാരണം നടത്തും.
3500 പോലീസുകാരെ പൊങ്കാല ഉത്സവദിനത്തിലെ സുരക്ഷയ്ക്കായി നിയോഗിക്കും. 2000 വനിതാ പോലീസുകാരാണ് ക്ഷേത്രത്തിലെയും പരിസരത്തെയും സുരക്ഷാ ചുമതലയിലുള്ളത്. മോഷണം തടയുന്നതിനായി പ്രത്യേക സ്‌ക്വാഡുകൾ രൂപീകരിക്കുമെന്ന് ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണർ പ്രതാപൻ അറിയിച്ചു. പ്രത്യേക ബൈക്ക് പട്രോളിംഗ് സംഘങ്ങളെയും നിയോഗിക്കും. സിസി ടിവി ക്യാമറകൾക്ക് പുറമെ ഡ്രോണിൽ ഘടിപ്പിച്ച ക്യാമറകൾ വഴിയും നിരീക്ഷണം നടത്തും. പൊങ്കാല ഉത്സവത്തോട് അനുബന്ധിച്ച് കിള്ളിപ്പാലം പി.ആർ.എസ് ജംഗ്ഷനിൽ നിന്ന് ആറ്റുകാൽ ക്ഷേത്രത്തിലേക്കുള്ള ബണ്ട് റോഡ് ബാരിക്കേഡുകൾ സ്ഥാപിച്ച് സുരക്ഷാ പാതയാക്കും. 25 ട്രാഫിക് വാർഡൻമാരെയും നിയോഗിക്കും. ഇവർക്കാവശ്യമായ സൗകര്യങ്ങൾ ട്രസ്റ്റ് നൽകും. പൊങ്കാല കഴിഞ്ഞാൽ ഉടൻ തന്നെ ശുചീകരണ പ്രവർത്തനങ്ങൾ നടത്താൻ 2250 ജീവനക്കാരെ ചുമതലപ്പെടുത്തുമെന്ന് മേയർ കെ. ശ്രീകുമാർ വ്യക്തമാക്കി. 60 ടിപ്പർ ലോറികൾ വാടകയ്ക്ക് എടുക്കും. ഇഷ്ടികകൾ ശേഖരിച്ച് പാവപ്പെട്ടവർക്കുള്ള വീട് നിർമ്മാണത്തിന് നൽകുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി. കഴിഞ്ഞ രണ്ടു വർഷം പൊങ്കാലയ്ക്ക് ഉപയോഗിച്ച ഇഷ്ടികകൾ 23 വീടുകൾ നിർമ്മിക്കുന്നതിന് ഉപയോഗിച്ചിരുന്നു. പൊങ്കാല ഉത്സവത്തിന് എത്തുന്നവർക്ക് പ്രാഥമികാവശ്യങ്ങൾക്കായി ബയോ ടോയ്‌ലറ്റുകളും, പോർട്ടബിൾ ടോയ്‌ലറ്റുകളും സ്ഥാപിക്കും. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ കണക്കിലെടുത്ത് പോലീസിന്റെ അനുവാദം കൂടാതെയും നിശ്ചിത പരിധിയിൽ കൂടുതൽ ശബ്ദത്തിലും ഉച്ചഭാഷിണികൾ ഉപയോഗിക്കുന്നത് അനുവദിക്കില്ല. രണ്ടു സ്പീക്കറുകൾ വീതമാണ് അനുവദിക്കുക. അനുമതി ഇല്ലാതെ പ്രവർത്തിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും.
ഫയർഫോഴ്‌സിനെ വിന്യസിക്കുന്നതിനൊപ്പം അഗ്‌നിശമനോപകരണങ്ങൾ ഉപയോഗിക്കുന്നതിന് ക്ഷേത്രജീവനക്കാർക്ക് പരിശീലനം നൽകും. അടിയന്തിര വൈദ്യ സഹായം ലഭ്യമാക്കുന്നതിന് മെഡിക്കൽ ടീമിനെ നിയോഗിക്കും. ആറ്റുകാൽ പൊങ്കാല ദിവസം തിരുവനന്തപുരം ജില്ലയ്ക്ക് പ്രാദേശിക അവധിയായിരിക്കും. ഉത്സവദിവസങ്ങളിൽ കെഎസ്ആർടിസി ചെയിൻ സർവീസ് നടത്തും. മുന്നൂറിലധികം ബസുകളുണ്ടാകും. ഒൻപത് പ്രത്യേക ട്രെയിൻ സർവീസുകളും അവയ്ക്ക് കൂടുതൽ സ്റ്റോപ്പുകളും പൊങ്കാല ദിവസം ഉണ്ടാകും. മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിന് നടത്തിയ മൂന്നാമത്തെ യോഗമാണ് ദേവസ്വം മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്നത്. മേയർ കെ ശ്രീകുമാർ, ഡോ. ശശി തരൂർ എം.പി, വി.എസ് ശിവകുമാർ എംഎൽഎ, കൗൺസിലർമാർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
Post Your Comments