കേരള ബജറ്റ് 2020 കഴിഞ്ഞതിന് ശേഷം പരക്കെ ഉയര്‍ന്ന ഒരു ആക്ഷേപമായിരുന്നു തലസ്ഥാനത്തെ ബജറ്റില്‍ നിന്നും പാടെ അവഗണിച്ചു എന്നത്. എന്നാല്‍ഡ ഇതിന് മറുപടിയുമായി ധനമന്ത്രി തോമസ് ഐസക് തന്നെ രംഗത്തെത്തിയിരിക്കുകയാണ്. കേരള ബജറ്റില്‍ തിരുവനന്തപുരത്തെ അവഗണിച്ചുവെന്ന മുറവിളിയോടെ വലിയൊരു രാഷ്ട്രീയ കാമ്പയിന്‍ നടക്കുകയാണ്. ഒരു പ്രമുഖ പത്രം രണ്ട് പുള്‍ ഔട്ടുകളാണ് ഇറക്കിയാണ് തങ്ങളുടെ സംഭാവന ഉറപ്പുവരുത്തിയത്. ഈ കാമ്പയിനില്‍ ഒരു വസ്തുതയുമില്ല എന്ന് അദ്ദേഹം ആവര്‍ത്തിച്ചു.
ഇങ്ങനെ കാമ്പയിന്‍ നടത്തുന്നവര്‍ക്ക് ഒന്നുകില്‍ ബജറ്റ് വായിക്കാനറിയില്ല. അല്ലെങ്കില്‍ ബജറ്റ് പ്രസംഗത്തെ ബജറ്റായി ചിത്രീകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പക്ഷെ, ശിവകുമാറിനെപ്പോലുള്ള ജനപ്രതിനിധികള്‍ അങ്ങനെയാകാന്‍ പാടില്ലല്ലോ എന്നും ഐസക് ഓര്‍മിപ്പിച്ചു. മാത്രവുമല്ല തലസ്ഥാന വികസനത്തെക്കുറിച്ചുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ കാഴ്ച്ചപ്പാടും അതിനായി ഇപ്പോള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന പ്രോജക്ടുകളും സ്‌കീമുകളും അദ്ദേഹം വിശദീകരിച്ചു.
തലസ്ഥാനത്ത് സര്‍ക്കാര്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന പ്രോജക്ടുകളും സ്‌കീമുകളും
* ഒരു നഗരത്തിന്റെ ആദ്യ പരിഗണനാ വിഷയം ഗതാഗത ശൃംഖലയാണ്. ഇപ്പോള്‍ ഈ ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നതടക്കം റോഡിന് 2000ത്തോളം കോടി രൂപ നഗരത്തിലുണ്ട്.
* ഏറ്റവും വലുത് സ്മാര്‍ട്ട് സിറ്റി ട്രാന്‍സ്‌പോര്‍ട്ട് നെറ്റുവര്‍ക്കാണ്. അതിന് 864 കോടിയുണ്ട്. കൂടാതെ റോഡ്, പാലം തുടങ്ങിയ ഗതാഗത പദ്ധതികള്‍ക്ക് 770 കോടി രൂപയുടെ കിഫ്ബി പ്രവൃത്തികളാണ് പുരോഗമിക്കുന്നത്. 120 കോടി രൂപയുടെ പൊതുമരാമത്ത് പ്രവൃത്തികളും മള്‍ട്ടിലെവല്‍ പാര്‍ക്കിംഗിന് വിവിധ പദ്ധതികളില്‍പ്പെടുത്തി 131 കോടി രൂപയും തിരുവനന്തപുരം നഗരത്തില്‍ ചെലവഴിക്കുന്നുണ്ട്. ഇങ്ങനെ ഗതാഗത ശൃംഖലയ്ക്കായി ഏതാണ്ട് 2000 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്.
* കരമന – കളിയിക്കാവിള റോഡ് കിഫ്ബിയില്‍ ഏറ്റെടുത്ത് പ്രവര്‍ത്തനം പുരോഗമിക്കുന്ന റോഡാണ്. ഇതിന്റെ പ്രാവച്ചമ്പലം മുതല്‍ – കൊടിനട വരെയുള്ള റീച്ചാണ് ഇപ്പോള്‍ നിര്‍മ്മാണം നടക്കുന്നത്. ഇതിന്റെ ബാക്കിയുള്ള ഭാഗത്തിന് പ്രൊവിഷന്‍ ഇല്ല എന്ന പ്രചരണം ഇതു സംബന്ധിച്ച് നടക്കുന്ന കള്ളപ്രചരണങ്ങള്‍ക്ക് ഏറ്റവും നല്ല ഉദാഹരണമാണ്. ഭരണാനുമതി നല്‍കിയിട്ടുള്ളത് കരമന മുതല്‍ കളിയിക്കാവിള വരെയുള്ള പൂര്‍ണ്ണ സ്ട്രച്ചിനാണ്. ഭൂമിയും മറ്റും ലഭ്യമായ സ്ഥലത്ത് ആദ്യ നിര്‍മ്മാണം തുടങ്ങിയെന്നു മാത്രം. ബാക്കിയുള്ള റീച്ചിന്റെ പ്രവര്‍ത്തനവും പ്രഖ്യാപിച്ചപോലെ കിഫ്ബി തന്നെയായിരിക്കും ഏറ്റെടുക്കുക.
* മറ്റൊന്ന് പൂര്‍ണ്ണമായും ശിവകുമാറിന്റെ മണ്ഡലത്തിലാണ്. ഇതു മറച്ചുവച്ച് എന്തു നിലവിളിയാണ് നടത്തിയത്. ഏതാണ്ട് 1500 കോടിയുടെ നിര്‍മ്മാണ പ്രവൃത്തികളാണ് അദ്ദേഹത്തിന്റെ മണ്ഡലത്തില്‍ നടക്കുന്നത്.
* കുടിവെള്ളമാണ് അടുത്തത്. നെയ്യാര്‍, അരുവിക്കര കുടിവെള്ള പദ്ധതി, നവീകരണ ശൃംഖലയുടെ വിപുലീകരണം എന്നിവയ്ക്കായി 635 കോടി രൂപയുണ്ട്.
* സീവേജ് – മൂന്നിലൊന്നു മാത്രം പൂര്‍ത്തിയായി, ഇനി പ്ലാന്‍ എന്താണെന്നാണ് വിമര്‍ശകരുടെ ചോദ്യം. ലോകബാങ്കിന്റെ അര്‍ബന്‍ സര്‍വ്വീസ് ഡെലിവറി പ്രോജക്ട്, ഫിനാന്‍സ് കമ്മീഷന്റെ മഹാനഗര അവാര്‍ഡ് ഇതില്‍ ആദ്യ പരിഗണന സീവേജിനാണ്. ചുരുങ്ങിയത് 300 കോടി രൂപ ഇതില്‍ ചെലവഴിക്കും. അമൃത് പദ്ധതിയില്‍ ഇപ്പോള്‍ തന്നെ 225 കോടി രൂപയുണ്ട്. ഇങ്ങനെ സീവേജ് ട്രീറ്റ്‌മെന്റിന് 525 കോടി രൂപ ലഭ്യമാകും.
* തിരുവനന്തപുരം വിദ്യാനഗരം – 824 കോടി രൂപ വിദ്യാലയങ്ങള്‍ക്കായി ഉണ്ട്. ഇതില്‍ 700 കോടി രൂപ മെഡിക്കല്‍ കോളേജിനു വേണ്ടിയാണ്. ഇതിനുപുറമേ 100 കോടിയോളം രൂപ കിഫ്ബിയില്‍ നിന്നും കേരള യൂണിവേഴ്‌സിറ്റിക്കുള്ളത് അപ്രൈസല്‍ ഘട്ടത്തിലാണ്.
* ഐടി, വ്യവസായ പാര്‍ക്കുകള്‍ – ഇപ്പോള്‍ നിര്‍മ്മാണത്തിലിരിക്കുന്നത് 534 കോടി രൂപയുടേതാണ്.
* സാംസ്‌കാരിക മേഖലയില്‍ 155 കോടി രൂപയാണുള്ളത്.
* ടൂറിസം – 180 കോടി രൂപ. ട്രാവന്‍കൂര്‍ ഹെറിറ്റേജ് പദ്ധതി ടെണ്ടറായി. കൂടുതല്‍ വിപുലീകരിക്കുന്നതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് 10 കോടി രൂപയുണ്ട്.
തിരുവനന്തപുരത്തിനുവേണ്ടി ഇത്രയും പദ്ധതികള്‍ നടപ്പിലായിക്കൊണ്ടിരിക്കുകയാണ്. ഈ പദ്ധതികള്‍ക്ക് പണം നീക്കിവെയ്ക്കുന്നതും ബജറ്റിംഗിന്റെ ഭാഗമാണ് എന്ന് വിവാദമുണ്ടാക്കുന്നവര്‍ മറച്ചുവെയ്ക്കുകയാണ്. ഇതുകൊണ്ടൊന്നും ആരെയും തെറ്റിദ്ധരിപ്പിക്കാന്‍ കഴിയില്ലെന്ന് വിവാദമുണ്ടാക്കുന്നവര്‍ക്ക് വഴിയേ മനസിലാകുമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.
Post Your Comments