ന്യൂഡല്‍ഹി: ഇന്ത്യയുടെ ദേശീയ ജനസംഖ്യാ രജിസ്റ്ററില്‍(എന്‍ പി ആര്‍) ആദ്യ പേര് നിലവിലെ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റേതാകുമെന്ന് സൂചന. ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നുള്ള സ്ഥിരീകരിക്കാത്ത സൂചനയാണിതെന്ന നിലയിലാണ് ദേശീയ മാധ്യമങ്ങള്‍ ഈ വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. ജനസംഖ്യാ പട്ടികയെ സംബന്ധിച്ച് രാഷ്ട്രപതി ഭവന്റേതായ പ്രസ്താവനകളൊന്നും പുറത്തുവന്നിട്ടില്ല. എന്നാല്‍ ദേശീയ ജനസംഖ്യാ പട്ടികയില്‍ പ്രഥമപൗരന്‍ തന്നെ ആദ്യം വരുന്നത് സ്വാഭാവികമാണെന്നാണ് പേരു വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരു കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു.
രാഷ്ട്രപതിയുടെ പേര് തന്നെ ആദ്യം രേഖപ്പെടുത്തുന്നതിലൂടെ ഏറ്റവും ഔദ്യോഗിക രേഖതയ്യാറാക്കുന്ന പ്രക്രീയക്ക് അതീവഗൗരവ സ്വഭാവവും പൊതുജനങ്ങളില്‍ വിശ്വാസ്യതയും വര്‍ധിക്കുമെന്നും ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി. ഏപ്രില്‍ 1 മുതലാണ് രാജ്യത്തെ ജനസംഖ്യാ വിവരം ശേഖരിക്കുന്ന പട്ടിക തയ്യാറാക്കാന്‍ തുടങ്ങുക.ഇതിനിടെ ദേശീയ ജനസംഖ്യാ പട്ടികയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ പ്രത്യേകമായി മുന്നേകൂട്ടി വിജ്ഞാപനം ചെയ്യേണ്ടതില്ലെന്ന് കേന്ദ്ര നിയമ മന്ത്രാലയം അറിയിച്ചു.
സെന്‍സസ് രീതിയിലുള്ള ചോദ്യാവലിയൊന്നും ജനസംഖ്യാ പട്ടികയുമായി ബന്ധപ്പെട്ട് വിജ്ഞാപനം ചെയ്യാന്‍ നിയമത്തില്‍ സാധുതയില്ലെന്നും കേന്ദ്രനിയമമന്ത്രാലയം അറിയിച്ചു. രജിസ്റ്റര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ സംശയത്തിന് മറുപടിയാണ് നടപടിക്രമം വ്യക്തമാക്കിയത്. ദേശീയ പൗരത്വ പട്ടികയുടെ ഡാറ്റാ ബേസ് 2010ല്‍തന്നെ നിര്‍മ്മിക്കുകയും 2015-16ല്‍ അത് പുതുക്കുകയും ചെയ്തതായി നിയമമന്ത്രാലയം വ്യക്തമാക്കി.
Post Your Comments