കേരള നിയമസഭയിൽ നടന്ന ഒരു രസകരമായി ചർച്ചയാണ് ഇപ്പോൾ സോഷ്യൽ മിഡിയയിൽ ശ്രദ്ധ നേടുന്നത്. കേരളീയരുടെ പ്രിയ ഭക്ഷണമായ അരിയാഹാരം നിരോധിക്കണമെന്ന ആവശ്യമാണ് പിസി ജോർജ് എംഎൽഎ ഉന്നയിച്ചത്. ശരീരത്തിന് വളരെയധികം ദോഷം ചെയ്യുന്നതാണ് അരി കൊണ്ട് ഉണ്ടാക്കുന്ന വിഭവങ്ങൾ എന്നായിരുന്നു ജോർജിന്‍റെ വാദം. ഉടൻ തന്നെ പിസി യുടെ വയറിനെ കുറിച്ച് കമന്‍റും എത്തി. എന്നാൽ അതിന് കാരണം തന്‍റെ ഭക്ഷണ ശീലമല്ല, ദീർഘനേരം ഇരിക്കുന്നതാണ് പ്രശ്നമാകുന്നതെന്നായിരുന്നു ജോർജിന്‍റെ മറുപടി.
താൻ അരിയാഹാരം കഴിക്കില്ലെന്നും ജോർജ് വ്യക്തമാക്കി. രാവിലെ എല്ലാവരും ഇഡ്ഡലി കഴിച്ചപ്പോൾ താൻ പൂരി മസാലയാണ് നിയമസഭ കാന്‍റീനിൽ നിന്ന് കഴിച്ചതെന്നും പിസി പറഞ്ഞു. എന്നാൽ ജോർജിന്‍റെ ആവശ്യത്തോട് അരോഗ്യ മന്ത്രി പറഞ്ഞത് പൂർണമായും അരിയാഹാരം നിരോധിക്കാനാവില്ലെന്നാണ്. കാർബോ ഹൈഡ്രേറ്റ് കൂടിയതാണ് അരിയെന്ന് ഷൈലജ ടീച്ചറും സമ്മതിച്ചു.
മുഖ്യമന്ത്രിയും ചർച്ചയിൽ പങ്കെടുത്തു. അധികമായാൽ അമൃതും വിഷമാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. അരിയാഹാരം നിരോധിക്കാൻ കഴിയില്ലെന്നും മിതമായി കഴിക്കുന്നത് കൊണ്ട് കുഴപ്പമില്ലെന്നും അദ്ദേഹം പറഞ്ഞു.
പിസിയുടെ വയറ് കണ്ടാൽ അദ്ദേഹം ചോറ് കഴിക്കില്ലെന്ന് വിശ്വസിക്കാൻ പ്രയാമാണെന്നായിരുന്നു ചെന്നിത്തലയുടെ അഭിപ്രായം.ചോറ് കഴിക്കുമ്പോൾ കറികൾ കൂടുതൽ കഴിച്ചാൽ പ്രശ്നം ഒഴിവാക്കാമെന്ന നിർദേശവും ചെന്നിത്തല മുന്നോട്ട് വച്ചു. താൻ കറികൾ കൂടുതൽ കഴിക്കുമെന്നും അപ്പോൾ വയർ നിറയുമെന്നും അധിക കാർബോ ഹൈഡ്രേറ്റ് എന്ന പ്രശ്നം ഉണ്ടാകില്ലെന്നും രമേശ് പറഞ്ഞപ്പോൾ സഭയിൽ ചിരി പടർന്നു.
Post Your Comments