ദില്ലി: ഈ വര്‍ഷത്തെ പദ്മ പുരസ്‌കാരങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത് സംസ്ഥാനസര്‍ക്കാരിന്റെ പട്ടിക പൂര്‍ണമായും തള്ളിക്കളഞ്ഞുകൊണ്ടാണ്. കേരളം ശുപാര്‍ശ ചെയ്ത ആരെയും തന്നെ കേന്ദ്രം പരിഗണിച്ചില്ല. പത്മവിഭൂഷന്‍ പുരസ്‌കാരത്തിനായി മലയാളത്തിന്റെ അഭിമാനമായ എഴുത്തുകാരന്‍ എം ടി വാസുദേവന്‍ നായരുടെയും പത്മഭൂഷണ്‍ പുരസ്‌കാരത്തിനായി മമ്മൂട്ടിയുടെയും മധുവിന്റെയും പേര് അടക്കം ശുപാര്‍ശ ചെയ്തുകൊണ്ടുള്ള പട്ടികയാണ് കേന്ദ്രം തള്ളിയത്.
ഇതിന് പകരം കേരളത്തില്‍ നിന്ന് ആത്മീയരംഗത്ത് നിന്ന് ശ്രീ മുംതാസ് അലി, നിയമപണ്ഡിതന്‍ പ്രഫ.എന്‍.ആര്‍.മാധവമേനോന് മരണാനന്തരമായും പത്മഭൂഷന്‍ നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. ശാസ്ത്രജ്ഞനായ കെ എസ് മണിലാല്‍, സാമൂഹ്യ പ്രവര്‍ത്തകന്‍ എം കെ കുഞ്ഞോള്‍, എഴുത്തുകാരന്‍ എന്‍ ചന്ദ്രശേഖരന്‍ നായര്‍, നോക്കുവിദ്യ പാവകളി കലാകാരിയായ എം എസ് പങ്കജാക്ഷി എന്നിവര്‍ക്ക് പത്മശ്രീയും നല്‍കി ആദരിച്ചു.
വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ലഭിക്കുന്ന ശുപാര്‍ശകള്‍ പരിഗണിക്കുന്ന പത്മ അവാര്‍ഡ് കമ്മിറ്റി രൂപീകരിക്കുന്നത് പ്രധാനമന്ത്രിയാണ്. കാബിനറ്റ്, ആഭ്യന്തര സെക്രട്ടരിമാര്‍, പ്രസിഡന്റിന്റെ സെക്രട്ടറി എന്നിവരോടൊപ്പം വിവിധ മേഖലകളില്‍ പ്രശസ്തരായ നാല് മുതല്‍ ആറ് വരെ അംഗങ്ങളെ ചേര്‍ത്താണ് പത്മ അവാര്‍ഡ് കമ്മിറ്റി രൂപീകരിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിലെ ശുപാര്‍ശകള്‍ ഒന്നിച്ച് ചേര്‍ത്ത് പരിശോധിച്ച് ചില പേരുകള്‍ തെരഞ്ഞെടുത്ത് ഇവര്‍ പ്രധാനമന്ത്രിയുടെയും രാഷ്ട്രപതിയുടെയും അംഗീകാരത്തിനായി സമര്‍പ്പിക്കുകയാണ് ചെയ്യുക.
എന്നാല്‍ കേരളം നല്‍കിയ ആരെയും ആ കമ്മിറ്റി പരിഗണിച്ചിട്ടില്ല. ഉന്നത ബഹുമതികളിലൊന്നായ പത്മവിഭൂഷന്‍ നല്‍കാന്‍ ശുപാര്‍ശ നല്‍കിയത് മലയാള സാഹിത്യത്തിന്റെ അഭിമാനവും തലയെടുപ്പുമുള്ള എം ടി വാസുദേവന്‍ നായര്‍ക്കാണ്. എന്നാല്‍ അദ്ദേഹത്തെ പരിഗണിച്ചില്ല. കഥകളി ആചാര്യന്‍ കലാമണ്ഡലം ഗോപിയാശാനെയും അഭിനേതാക്കളായ മമ്മൂട്ടി, മധു, ശോഭനയേയും കവി സുഗതകുമാരിയേയും ചെണ്ടയുടെ ആശാന്‍മാരായ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി, പെരുവനം കുട്ടന്‍ മാരാരെയും ഓസ്‌കര്‍ ജേതാവായ ശബ്ദലേഖകന്‍ റസൂല്‍ പൂക്കുട്ടിക്കും പദ്മഭൂഷന്‍ പുരസ്‌കാരത്തിന് സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ നല്‍കിയിരുന്നു.
അതേസമയം പദ്മശ്രീ പുരസ്‌കാരം നല്‍കാന്‍ ശുപാര്‍ശ ചെയ്തത് അഭിനേതാവ് നെടുമുടി വേണു, അഭിനേത്രി കെപിഎസി ലളിത, ഗായകന്‍ എം ജയചന്ദ്രന്‍, സിനിമയിലെ സംഭാവനകള്‍ക്ക് ജി കെ പിള്ള, സംഗീതജ്ഞന്‍ രമേശ് നാരായണന്‍, സൂര്യ ഫെസ്റ്റിവല്‍ സംഘാടകനായ സൂര്യ കൃഷ്ണമൂര്‍ത്തി, സംഗീതജ്ഞ കെ ഓമനക്കുട്ടി, കഥകളി ആശാന്‍ സദനം കൃഷ്ണന്‍കുട്ടി നായര്‍, ശില്‍പി കാനായി കുഞ്ഞിരാമന്‍, എഴുത്തുകാരന്‍ എം എന്‍ കാരശ്ശേരി, സാമൂഹ്യപ്രവര്‍ത്തനത്തിന് ബിഷപ്പ് സൂസൈപാക്യം, മാധ്യമരംഗത്തെ സംഭാവനകള്‍ക്ക് എം എസ് മണി, മാധ്യമപ്രവര്‍ത്തകന്‍ കെ മോഹനന്‍, എഴുത്തുകാരായ വിപി ഉണിത്തിരി, ഡോ. ഖദീജ മുംതാസ്, കാര്‍ട്ടൂണിസ്റ്റ് ഇ പി ഉണ്ണി, ചിത്രകാരന്‍ ആര്‍ട്ടിസ്റ്റ് നമ്പൂതിരി, പ്രശസ്ത കാന്‍സര്‍ ചികിത്സകന്‍ ഡോക്ടര്‍ വി പി ഗംഗാധരന്‍, യോഗ- നാച്ചുറോപ്പതി രംഗത്തെ സംഭാവനകള്‍ക്ക് എം കെ രാമന്‍ മാസ്റ്റര്‍, ഡോ. ടി കെ ജയകുമാര്‍ എന്നിവര്‍ക്കായിരുന്നു.
Post Your Comments