ന്യൂഡല്‍ഹി: ഡൽഹി തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി മുന്നേറുമ്പോഴും വോട്ടു ശതമാനത്തിൽ വൻ കുറവ് രേഖപ്പെടുത്തി. അതേസമയം, ഏഴു ശതമാനത്തിൽ അധികം വോട്ടു വിഹിതം ബിജെപി വർധിപ്പിച്ചത് വലിയ നേട്ടമായാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
2015-ലെ നിയമസഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ചു ബിജെപിക്ക് ഇത്തവണ ഏഴു ശതമാനം അധികം വോട്ടു വിഹിതം ലഭിച്ചിട്ടുണ്ട്. ഇത്തവണ 39 ശതമാനത്തിനു മുകളിലാണ് ബിജെപിയുടെ വോട്ടുവിഹിതം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 32.2 ശതമാനം വോട്ടാണ് ബിജെപിക്കു ലഭിച്ചത്. കഴിഞ്ഞ തവണ 54.3 ശതമാനം വോട്ട് നേടിയ എഎപി ഇക്കുറി 52 ശതമാനത്തിലേക്കു താഴ്ന്നു. കഴിഞ്ഞ തവണ 9.7 ശതമാനം വോട്ട്വിഹിതം ലഭിച്ച കോണ്‍ഗ്രസ് ഇക്കുറി അഞ്ചു ശതമാനത്തിനും താഴേക്കു വീണു.
ഏറ്റവും അവസാനം ലഭിച്ച ഫലമനുസരിച്ച് എഎപി 57 സീറ്റുകളിലും ബിജെപി 13 സീറ്റുകളിലും മുന്നിട്ട് നില്‍ക്കുകയാണ്. 2015-ല്‍ മൂന്ന് സീറ്റുകള്‍ മാത്രം നേടിയ ബിജെപി ഇക്കുറി നില മെച്ചപ്പെടുത്തിയെന്ന് ആശ്വസിക്കുമ്പോൾ കോണ്‍ഗ്രസ് കഴിഞ്ഞ തവണ വട്ടപ്പൂജ്യമായതിനാല് ഇക്കുറിയും നഷ്ടങ്ങളില്ല.
അതേസമയം, രാജ്യം ഏറെ പ്രതീക്ഷയോടെ നോക്കിയ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വീണ്ടും തകര്‍ന്നടിഞ്ഞത് ആശങ്കപ്പെടുത്തുന്നുവന്ന് കോണ്‍ഗ്രസ് എംപി അധീര്‍ രഞ്ജന്‍ ചൗധരി വ്യക്തമാക്കി. വോട്ടെണ്ണല്‍ തുടങ്ങിയതിനു ശേഷം ആദ്യമായാണ് ഒരു കോണ്‍ഗ്രസ് നേതാവിന്റെ പ്രതികരണം പുറത്തു വരുന്നത്. ആംആദ്മി പാര്‍ട്ടി വീണ്ടും അധികാരത്തില്‍ തിരിച്ചെത്തുമെന്ന് ഏവര്‍ക്കും ഉറപ്പായിരുന്നുവെന്നും ബിജെപിക്കു മേല്‍ ആപ് നേടിയ മുന്നേറ്റം മഹത്തരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments