ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ മൂന്ന് പാകിസ്താന്‍ ഭീകരരെ സൈന്യം വധിച്ചു. മെന്താര്‍ സെക്ടറില്‍ ഭീകരര്‍ വെടിവെച്ചതിന് പിന്നാലെ സൈന്യം നടത്തിയ തിരിച്ചടിയിലാണ് ഭീകരര്‍ കൊല്ലപ്പെട്ടതെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചത്. രഹസ്യാന്വേഷണ ഏജന്‍സികളുടെ അറിയിപ്പിനെ തുടര്‍ന്നാണ് സൈന്യം തിരച്ചില്‍ നടത്തിയത്. സ്ഥലത്ത് ഏറ്റുമുട്ടല്‍ തുടരുകയാണെന്നാണ് വിവരം.
കുറച്ച് ദിവസങ്ങളായി മെന്താര്‍ സെക്ടറിലും മറ്റു മേഖലകളിലും പാകിസ്താന്‍ സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിരുന്നു. ഇതിനെതിരെ ശക്തമായി തിരിച്ചടി നല്‍കുന്നതായി സൈന്യം അറിയിച്ചു. കഴിഞ്ഞ ഞായറാഴ്ച പൂഞ്ച് ജില്ലയിലും ബലാക്കോട്ടും പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിരുന്നു. അതിര്‍ത്തിയില്‍ പാക് സൈന്യം തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ ലംഘിക്കുന്നത് ഭീകരര്‍ക്ക് നുഴഞ്ഞുകയറാന്‍ സൗകര്യം ഒരുക്കുന്നതിന് വേണ്ടിയാണെന്നാണ് സൈന്യം സംശയിക്കുന്നത്.
Post Your Comments