Latest NewsIndiaNews

തോറ്റ എൻജിനീയർമാരും തോൽക്കാത്ത ഡോക്ടർമാരും എന്ത് ചെയ്യുകയാണ്?

മുരളി തുമ്മാരുകുടി, നീരജ ജാനകി

ഏതൊരു വിഷയത്തിലും കേരളത്തിലെ ആളുകൾക്ക് വ്യക്തമായ അഭിപ്രായമുണ്ട്. വൈകുന്നേരത്തെ ടി വി ചർച്ചകൾ എടുത്താൽ തന്നെ അതറിയാം. നോട്ടു നിരോധിക്കുന്പോൾ സാന്പത്തിക വിദഗ്ദ്ധരാവുന്നവർ, പ്രളയം വരുന്പോൾ ദുരന്ത സ്പെഷ്യലിസ്റ്റുകൾ ആകുന്നത് നാം കാണുന്നു. എല്ലാവരും എന്തിനെപ്പറ്റിയും അഭിപ്രായം പറയുന്പോൾ ആര് എന്ത് പറയുന്നു എന്നതല്ല, എത്ര രസകരമായി പറയുന്നു എന്നാകും ആളുകൾ ശ്രദ്ധിക്കുന്നത്. അന്തിച്ചർച്ചകൾ ന്യൂസിൽ നിന്നും വ്യത്യസ്തമായി വിനോദപരമാകുന്നത് അങ്ങനെയാണ്.

പറയുന്ന വിഷയത്തിൽ ആളുകൾക്ക് അറിവില്ല എന്നത് മാത്രമല്ല പ്രശ്നം, ഒരു പ്രശ്നത്തെ സമീപിക്കുന്പോൾ അടിസ്ഥാനമായ കുറച്ചു ഡേറ്റ ഉണ്ടായിരിക്കണം. അതില്ലെങ്കിൽ നമ്മൾ പറയുന്നത് നമ്മുടെ മുൻവിധികൾ മാത്രമാണ്. മുൻവിധികൾ അനുസരിച്ചു നയങ്ങളോ പദ്ധതികളോ ഉണ്ടാക്കിയാൽ അത് പാളിപ്പോകും എന്നതിൽ സംശയം വേണ്ട.

കേരളത്തിൽ സർക്കാർ ഉൾപ്പെടെ ചർച്ച ചെയ്യേണ്ട രണ്ടു വിഷയങ്ങളുണ്ട്. രണ്ടും വേണ്ടത്ര കണക്കുകൾ ശേഖരിച്ചു നയങ്ങൾ ഉണ്ടാക്കേണ്ടവയാണ്.

ഒന്ന് തോറ്റ എഞ്ചിനീയർമാരുടെ കാര്യമാണ്.

കഴിഞ്ഞ വർഷം കേരള ടെക്നോളോജിക്കൽ യൂണിവേഴ്സിറ്റിയിൽ അവസാന വർഷം എഞ്ചിനീയറിങ്ങ് പരീക്ഷ എഴുതിയ 35000 കുട്ടികളിൽ 37 ശതമാനം പേരാണ് പാസായത്.

ഫൈനൽ ഇയർ എത്തുന്നതിന് മുൻപ് തന്നെ ആയിരക്കണക്കിന് കുട്ടികൾ പുറത്തുപോകുന്നുണ്ട്.

ഇവരിൽ കുറെ പേർ വീണ്ടും പരീക്ഷ എഴുതി എഞ്ചിനീയറിങ്ങ് പാസായേക്കാം. എന്നാലും ഒരു വർഷം പതിനായിരത്തിന് മുകളിൽ ‘തോറ്റ എൻജിനീയർമാർ’ കേരളത്തിൽ ഉണ്ടാകുന്നു.

ഇവരിപ്പോൾ എന്താണ് ചെയ്യുന്നത് ?

രണ്ടുമുതൽ നാലു വർഷം വരെ എഞ്ചിനീയറിങ്ങ് പഠിച്ച ഇവരെ ഒന്നുമല്ലാതാക്കി പുറത്തു നിർത്തുന്നത് സമൂഹത്തിന് ഗുണകരമാണോ?

അവർ പഠിച്ച വിഷയങ്ങൾക്ക് അൽപം ക്രെഡിറ്റ് നൽകി ഒരു സർട്ടിഫിക്കറ്റ് കൊടുത്ത് അവരെ നമ്മുടെ തൊഴിൽ മേഖലയിലേക്ക് എത്തിക്കാൻ സാധിക്കില്ലേ?

(എങ്ങനെയാണ് ഇത്രയധികം തോൽക്കുന്ന എൻജിനീയർമാർ ഉണ്ടാകുന്നത് എന്നതും സമൂഹം ചർച്ച ചെയ്യണം. അത് മറ്റൊരു വിഷയമാണ്, പിന്നൊരിക്കലാകാം).

അടുത്തതായി ഈ തോറ്റ എഞ്ചിനീയർമാരേക്കാൾ കഷ്ടമാണ് ജയിച്ചു വരുന്ന കുറെ ഡോക്ടർമാരുടെ കാര്യം. ഉക്രൈനും ഫിലിപ്പീൻസും ഉൾപ്പെടെയുള്ള അനവധി രാജ്യങ്ങളിൽ മെഡിസിൻ പഠിച്ചിട്ട് വരുന്നവരുടെ കാര്യമാണ് ഞാൻ പറയുന്നത്.

ഭൂരിഭാഗം വിദേശ രാജ്യങ്ങളിലും മെഡിസിൻ ഡിഗ്രി നേടി ഇന്ത്യയിൽ എത്തിയാൽ അവർക്ക് പ്രാക്ടീസ് ചെയ്യാൻ മെഡിക്കൽ കൗസിലിന്റെ ഒരു പരീക്ഷ എഴുതണം. Foreign Medical Graduate Exam എന്നാണ് ഇതിന്റെ പേര്.

ഇരുപത് ശതമാനത്തിൽ താഴെയാണ് ഇതിലെ പാസ് റേറ്റ്.

അതായത് വിദേശത്ത് പോയി അഞ്ചോ ആറോ വർഷം മെഡിസിൻ പഠിച്ചു വരുന്നവരിൽ പത്തിൽ എട്ടുപേർ ജയിച്ച ഡോക്ടർമാർ ആയിട്ടും ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യാൻ പറ്റാതെ വെറുതെ ഇരിക്കേണ്ടി വരുന്നു.

ഇതിൽ എത്ര പേർ കേരളത്തിൽ നിന്നുണ്ട് ?

ഇങ്ങനെ മെഡിസിൻ പരീക്ഷ പാസ്സാവുകയും FMGE തോൽക്കുകയും ചെയ്തവർ എന്താണ് ചെയ്യുന്നത്?

ഇന്ത്യയിലെ മൊത്തം കാര്യമെടുത്താൽ കഴിഞ്ഞ നാല് വർഷത്തിനകം 61000 വിദേശ ഡോക്ടർമാർ പരീക്ഷയെഴുതി, അവരിൽ 8700 പേർ പാസായി. ശരാശരി 15 ശതമാനം!.

ഇതിൽ എത്ര പേർ കേരളത്തിൽ നിന്നുണ്ടാകും? ഈ കണക്ക് കേരളത്തിന് മാത്രമായി ലഭ്യമല്ല. ഓരോ വർഷവും ആയിരക്കണക്കിന് കുട്ടികൾ കേരളത്തിൽ നിന്നും വിദേശ രാജ്യങ്ങളിൽ മെഡിസിൻ പഠിക്കാൻ പോകുന്നുണ്ട് എന്നാണ് അനൗദ്യോഗിക കണക്കുകൾ. അതുകൊണ്ടു തന്നെ കേരളത്തിലെ ആയിരക്കണക്കിന് കുട്ടികൾ ഓരോ വർഷവും ഇങ്ങനെ കുടുങ്ങുന്നുണ്ടാകും.

എങ്ങനെയാണ് മെഡിസിൻ പഠിച്ചിട്ടും പ്രാക്ടീസ് ചെയ്യാൻ പറ്റാതിരിക്കുന്ന സ്ഥിതിവിശേഷത്തിൽ നിന്നും നമ്മുടെ കുട്ടികളെ രക്ഷിക്കുന്നത് ?

ഡോക്ടർമാരുടെ ക്ഷാമം ഇത്രമാത്രമുള്ള ഇന്ത്യയിൽ – എല്ലാത്തരം വ്യാജ ഡോക്ടർമാരും വ്യാജ മെഡിക്കൽ സംവിധാനങ്ങളും പട്ടാപ്പകൽ പ്രാക്ടീസ് നടത്തുന്ന ഇന്ത്യയിൽ – അഞ്ചോ ആറോ വർഷം മെഡിസിൻ പഠിച്ച ഡോക്ടർമാരെ വെറുതെയിരുത്തുന്നത് ശരിയാണോ?

പുറത്തുപോയി പഠിച്ചിട്ടു വന്നാൽ ഇത്തരം ഊരാക്കുടുക്കിൽ പെടുമെന്ന് നമ്മുടെ കുട്ടികളെയും മാതാപിതാക്കളെയും ബോധവൽക്കരിക്കേണ്ടേ?

ചിന്തിക്കേണ്ട വിഷയങ്ങളാണ്. ആദ്യം ചെയ്യേണ്ടത് ഈ വിഷയത്തിൽ വേണ്ടത്ര ഡേറ്റ ശേഖരിക്കുകയാണ്. അതനുസരിച്ചു വേണം നയങ്ങൾ ഉണ്ടാക്കാൻ.

വിദേശത്ത് പഠിക്കുന്ന ഡോക്ടർമാർക്ക് വേണ്ടത്ര പരിശീലനം കിട്ടാത്തവരാണെന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട്. ഇന്ത്യയിലെ വിവിധ മെഡിക്കൽ കോളേജുകൾ തമ്മിൽ പരിശീലനത്തിൽ മാറ്റം ഉണ്ടെന്നതു പോലെയേ ഇതിനെ ഞാൻ കാണുന്നുള്ളു. അല്ലാതെ ഇന്ത്യയിലെ പരിശീലനം അടി പൊളി, വിദേശം വെറും പൊളി എന്നൊന്നും ഞാൻ ചിന്തിക്കുന്നില്ല. വാസ്തവത്തിൽ ഡോക്ടർമാരുടെ കഴിവ് ഉറപ്പു വരുത്താനാണ് എം സി ഐ പരീക്ഷ നടത്തുന്നതെങ്കിൽ ഇന്ത്യൻ മെഡിക്കൽ കോളേജുകളിൽ നിന്നും വിദേശ കോളേജുകളിൽ നിന്നും ഉള്ളവർക്ക് ഒരുപോലെ പരീക്ഷകൾ നടത്തട്ടെ, അതല്ലേ ഹീറോയിസം!)

shortlink

Related Articles

Post Your Comments

Related Articles


Back to top button