ബെയ്ജിങ് : ചൈനയിലെ വുഹാനില്‍ ഭീതി പടര്‍ത്തി പകരുന്ന കൊറോണ വൈറസ് രോഗവിവരം പുറംലോകത്തെത്തിച്ച മാധ്യമ പ്രവര്‍ത്തകരില്‍ ഒരാളെ കാണാനില്ലെന്നു പരാതി. കൊറോണ വൈറസ് ബാധ പൊട്ടിപ്പുറപ്പെട്ടതും ഏറ്റവും കൂടുതല്‍ ബാധിച്ചതുമായ വുഹാന്‍ നഗരത്തിലായിരുന്നു മാധ്യമപ്രവര്‍ത്തകരായ ചെന്‍ ക്വിഷി, ഫാങ് ബിന്‍ എന്നിവര്‍ കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഉണ്ടായിരുന്നത്. എന്നാല്‍ ചെന്‍ ക്വിഷിയെക്കുറിച്ചു കഴിഞ്ഞ 20 മണിക്കൂറുകളായി യാതൊരു വിവരവുമില്ലെന്നാണു രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ചെന്നിന്റെ സുഹൃത്തുക്കളാണ് അദ്ദേഹത്തെക്കുറിച്ചു വിവരമൊന്നുമില്ലെന്ന പരാതിയുമായി രംഗത്തെത്തിയത്
അതേസമയം കഴിഞ്ഞ വെള്ളിയാഴ്ച ഒരു വിഡിയോ പുറത്തുവിട്ടതൊഴിച്ചാല്‍ ഫാങ് ബിന്നില്‍ നിന്നും പ്രതികരണങ്ങളില്ല. ഫാങ് ബിന്നിന്റെ വീടിന്റെ വാതില്‍ രോഗം തടയുന്നതിനുള്ള സുരക്ഷാ വസ്ത്രങ്ങള്‍ ധരിച്ച ഉദ്യോഗസ്ഥര്‍ തകര്‍ക്കുന്ന ദൃശ്യങ്ങളും ഇയാള്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ആശുപത്രിയില്‍നിന്ന് മൃതദേഹങ്ങളുടെ വിഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തിയതിനാണ് ഇയാളെ ചൈനീസ് അധികൃതര്‍ തടവിലിട്ടത്. തുടര്‍ന്ന് ഫാങ്ങിനെ മോചിപ്പിക്കണമെന്ന ആവശ്യവുമായി നിരവധി പേര്‍ രംഗത്തെത്തി.
വുഹാനിലെ ജനങ്ങളെ വൈറസ് എത്രത്തോളം ബാധിച്ചിട്ടുണ്ടെന്നതു പുറത്തുകൊണ്ടുവരുന്നതില്‍ കാണാതായ ചെന്‍ ക്വിഷിയാണ് മികച്ചു നിന്നത്. കൊറോണ വൈറസ് വുഹാന്‍ നഗരത്തെ എത്രത്തോളം ബാധിച്ചിട്ടുണ്ടെന്നു ലോകത്തെ അറിയിച്ചത് മൊബൈല്‍ ഫോണ്‍ വഴി ഇവര്‍ പുറത്തുവിട്ട വാര്‍ത്തകളാണ്. ട്വിറ്ററിലും യൂട്യൂബിലും വുഹാനില്‍നിന്നുള്ള ഇവരുടെ വിഡിയോകള്‍ വന്നിരുന്നു.
Post Your Comments