ചത്തീസ്ഗഢ് : നമ്മുടെ ശരീരത്തില്‍ ചെറിയ എന്തെങ്കിലും പ്രശ്‌നം ഉണ്ടായാല്‍ ടെന്‍ഷന്‍ അടിക്കുന്നവരാണ് പലരും. അപ്പോ പിന്നെ ശരീരമാസകലം മീനിനു സമാനമായ ചെതുമ്പല്‍ വരുന്ന സ്ഥിതി ചിന്തിക്കാന്‍ കൂടി പറ്റില്ല. എന്നാല്‍ അങ്ങനെ ശരീരമാസകലം ത്വക്ക് രോഗം ബാധിച്ച ഏഴുവയസുകാരിയുടെ ജീവിതം തള്ളിനീക്കാന്‍ കഷ്ടപ്പെടുകയാണ്. സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ച പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ വേദനിപ്പിക്കുന്നതാണ്.
ചത്തീസ്ഗഢ് സ്വദേശിനിയായ ഏഴു വയസുള്ള രാജേശ്വരി എന്ന പെണ്‍കുട്ടിക്കാണ് ‘ ഇക്ത്യോസിസ്’ എന്ന അപൂര്‍വ ത്വക്ക് രോഗം ബാധിച്ചിരിക്കുന്നത്. ഇത് കാരണം കുട്ടിയുടെ ശരീരം മീന്‍ ചെതുമ്പലിന് സമാനമായി കറുത്ത തടിച്ച കല്ല് പോലെ ആയി മാറിയിരിക്കുകയാണ്. ഒരു വയസു മുതലാണ് പെണ്‍കുട്ടിയുടെ ശരീരത്തില്‍ രോഗബാധയുടെ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങുന്നത്. ഇരു കാലുകളും കൈകളും ശരീരവും മുഴുവന്‍ രോഗം ബാധിച്ചു കഴിഞ്ഞു. ഏഴുന്നേറ്റ് നില്‍ക്കാനോ നടക്കാനോ സാധിക്കാത്ത സാഹചര്യമാണ് ഈ പെണ്‍കുട്ടിയ്ക്ക്.
ചത്തീസ്ഢിലെ ഗോത്രവര്‍ഗ്ഗ ജില്ലയായ ദ്വന്ദ്വാഡ എന്ന പ്രദേശത്താണ് ഈ പെണ്‍കുട്ടി ഉള്ളത്. നഗരത്തിലെത്തി ചികിത്സിക്കാനും ഇവരെക്കൊണ്ട് കഴിയുന്നില്ല. ‘ഇക്ത്യോസിസ്’ എന്ന ത്വക്ക് രോഗത്തില്‍ കല്ലു പോലെയാണ് ശരീരം മുഴുവന്‍ മാറുന്നത്. ഈ ത്വക്ക് രോഗം ജീവനെ ബാധിക്കില്ലെങ്കിലും പ്രത്യേക ചികിത്സ ഈ രോഗത്തിനില്ലെന്നും ,ജീവിത കാലം മുഴുവന്‍ ഈ രോഗലക്ഷണങ്ങള്‍ ശരീരത്ത് ഉണ്ടാകുമെന്നും പെണ്‍കുട്ടി പ്രാഥമിക ചികിത്സ തേടിയ ദ്വന്ദ്വാഡ ആശുപത്രിയിലെ ഡെര്‍മറ്റോളജിസ്റ്റ് ഡോ. യാഷ് ഉപേന്ദ്ര പറയുന്നത്.
Post Your Comments