ബെംഗളൂരു: അമ്മയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം സഹോദരനെ മാരകമായി പരിക്കേൽപ്പിച്ച് ആന്‍ഡമാനിലേക്ക് കടന്ന വനിതാ ടെക്കിയെ പോലീസ് വിശദമായി ചോദ്യം ചെയ്തു.പോലീസ് സ്റ്റേഷനിലെത്തിച്ച അമൃത പലതവണ തല ചുമരിലിടിച്ച് നിലവിളിച്ചത് പോലീസുകാരെ ഭയപ്പെടുത്തി. ഇതോടെ മനഃശാസ്ത്ര വിദഗ്ധരുടെ കൗണ്‍സിലിങ് ഏര്‍പ്പെടുത്തി. അമ്മയെ അത്രയേറെ സ്നേഹിച്ചിരുന്നതിനാലാണ് അവരെ കൊലപ്പെടുത്തിയതെന്നായിരുന്നു അമൃത പോലീസിനോടും മനഃശാസ്ത്ര വിദഗ്ധരോടും പറഞ്ഞത്. ആന്‍ഡമാനിലെ പോര്‍ട്ട് ബ്ലെയറില്‍നിന്ന് കാമുകനൊപ്പം പിടികൂടിയ അമൃതയെ ബുധനാഴ്ച രാത്രിയോടെ ബെംഗളൂരുവിലെത്തിച്ചിരുന്നു.
ഇതിനുപിന്നാലെയാണ് പോലീസ് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞത്.ബാങ്കുകാരും കടക്കാരും അവരെ ഉപദ്രവിക്കുന്നത് കാണാന്‍ ഒരിക്കലും താന്‍ ഇഷ്ടപ്പെട്ടിരുന്നില്ല. അതിനാലാണ് അമ്മയെയും സഹോദരനെയും കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചതെന്നും അമൃത വെളിപ്പെടുത്തി.അമ്മയെ കൊലപ്പെടുത്തിയതിന് ശേഷം യുവതി ഒന്ന് കരയുകയോ ഉറങ്ങുകയോ ചെയ്തിട്ടില്ലെന്നും പോലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഏകദേശം 15 ലക്ഷത്തോളം രൂപയുടെ കടബാധ്യതയാണ് അമൃതയ്ക്കുണ്ടായിരുന്നത്. വിവിധ ബാങ്കുകളില്‍നിന്നും പണമിടപാടുകാരില്‍നിന്നുമായാണ് ഇത്രയധികം തുക വായ്പ എടുത്തിരുന്നത്.
നേരത്തെ ഒരു മള്‍ട്ടിനാഷണല്‍ കമ്പനിയില്‍ ജോലിചെയ്തിരുന്ന അമൃതയ്ക്ക് 2017 ല്‍ ആ ജോലി നഷ്ടമായി. ഇതോടെയാണ് വായ്പ തിരിച്ചടവ് മുടങ്ങുകയും സാമ്പത്തിക പ്രതിസന്ധി രൂക്ഷമാവുകയും ചെയ്തത്.തിരിച്ചടവ് മുടങ്ങിയതോടെ ബാങ്കുകാരും പണമിടപാടുകാരും പതിവായി വീട്ടിലെത്തിയിരുന്നു. ഇതിനെചൊല്ലി അമൃതയും അമ്മയും തമ്മില്‍ വഴക്കിടുകയും ചെയ്തു. സാമ്ബത്തിക പ്രതിസന്ധി രൂക്ഷമായതോടെ ആത്മഹത്യ ചെയ്യാനാണ് നേരത്തെ ഉദ്ദേശിച്ചിരുന്നതെങ്കിലും താന്‍ മരിച്ചാല്‍ അമ്മയും സഹോദരനും ഈ ബാധ്യതകള്‍ ഏറ്റെടുക്കേണ്ടിവരുമെന്ന് ഇന്റര്‍നെറ്റില്‍ നടത്തിയ തിരച്ചിലില്‍ മനസിലാക്കിയിരുന്നു.
ഇതോടെയാണ് ഇരുവരെയും കൊലപ്പെടുത്താന്‍ തീരുമാനിച്ചുറപ്പിച്ചത്. കൃത്യം നടത്തിയ ശേഷം നാടുവിടുകയോ ജീവനൊടുക്കുകയോ ചെയ്യാമെന്നും തീരുമാനിച്ചു.ഫെബ്രുവരി രണ്ടിന് പുലര്‍ച്ചെയാണ് അമൃത അമ്മയെ കുത്തിക്കൊന്നത്. ശേഷം സഹോദരനെ കൊലപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഇതിനു പിന്നാലെ കാമുകനായ ശ്രീധര്‍ റാവുവിനൊപ്പം ബെംഗളൂരു വിമാനത്താവളത്തിലെത്തി. അവിടെനിന്ന് ആന്‍ഡമാനിലേക്കും പോയി. എന്നാല്‍ ആത്മഹത്യ ചെയ്യാന്‍ ഉദ്ദേശിച്ചിരുന്ന യുവതി എന്തിനാണ് കാമുകനൊപ്പം ആന്‍ഡമാനിലേക്ക് കടന്നതെന്ന ചോദ്യം ബാക്കിയുണ്ട്. പോലീസും ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തിവരികയാണ്.
അതേസമയം കൃത്യം നടന്നതിന്റെ രണ്ടു ദിവസം മുമ്പ് തന്നെ അമൃത വിമാന ടിക്കറ്റുകള്‍ ബുക്ക് ചെയ്തിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല, യാത്രയ്ക്കിടെ ഒരു മൊബൈല്‍ ഫോണ്‍ ഉപേക്ഷിക്കുകയും ചെയ്തു. ഇതെല്ലാം കൂടുതല്‍ സംശയം ജനിപ്പിക്കുന്നതാണ്. അതിനാല്‍തന്നെ യുവതിയുടെ മൊഴികള്‍ പോലീസ് പൂര്‍ണമായും വിശ്വാസത്തിലെടുത്തിട്ടില്ല.മൂന്നുവര്‍ഷത്തോളം അമൃതയുടെ സഹപ്രവര്‍ത്തകനായിരുന്നു ശ്രീധര്‍ റാവു. ഇയാള്‍ നിരപരാധിയാണെന്നും കേസില്‍നിന്ന് ഒഴിവാക്കണമെന്നും ശ്രീധറിന്റെ അഭിഭാഷകന് കഴിഞ്ഞ ദിവസം കോടതിയില്‍ വാദിച്ചിരുന്നു, പക്ഷേ, അമൃതയ്ക്ക് വേണ്ടി ആരും കോടതിയില്‍ ഹാജരായില്ല. ഇവരുടെ ബന്ധുക്കളും കോടതിയില്‍ എത്തിയിരുന്നില്ല.
Post Your Comments