Latest NewsIndiaNews

കൊറോണ: ചിലർക്ക് രോഗലക്ഷണങ്ങൾ; ചൈനയിൽ നിന്ന് തിരിച്ചു വരാനുള്ള ഇന്ത്യക്കാരുടെ കണക്കുകൾ പുറത്ത്

ന്യൂഡല്‍ഹി: കൊറോണ രോഗം പടർന്നുപിടിച്ച ചൈനയിൽ നിന്ന് തിരിച്ചു വരാനുള്ള ഇന്ത്യക്കാരുടെ കണക്കുകൾ പുറത്തു വിട്ടു. വുഹാനിൽ നിന്ന് ഇനിയും 80 ഇന്ത്യക്കാർ തിരിച്ചെത്താൻ ബാക്കിയുണ്ടെന്നും ഇവരിൽ 10 പേർക്ക് രോഗ ലക്ഷണങ്ങളുണ്ടെന്നും കേന്ദ്രസർക്കാർ അറിയിച്ചു.

ചൈനയിൽ നിന്നെത്തിയ 150-ഓളം പേരിൽ രോഗലക്ഷണം കണ്ടെത്തിയ സാഹചര്യത്തിൽ രാജ്യസഭയിൽ നടത്തിയ വിശദീകരണത്തിൽ ആരോഗ്യമന്ത്രി ഡോ. ഹർഷവർധനും വിദേശ കാര്യ മന്ത്രി എസ്. ജയ്‌ശങ്കറുമാണ് വെള്ളിയാഴ്ച ഇക്കാര്യം വ്യക്തമാക്കിയത്.

ചൈന വഴി ഇന്ത്യയിലേക്കു വരുന്ന എല്ലാ വിദേശീയരുടെയും വിസകൾ ഇന്ത്യ റദ്ദാക്കിയതായി മന്ത്രി ജയ്‌ശങ്കർ പറഞ്ഞു. രാജ്യത്ത് ഇതുവരെ മൂന്നുപേർക്കു മാത്രമേ കൊറോണ രോഗം സ്ഥിരീകരിച്ചിട്ടുള്ളൂവെന്നും, കേരളീയരായ മൂവരുടെയും നിലയിൽ മാറ്റമില്ലെന്നും മന്ത്രിമാർ പറഞ്ഞു.

വുഹാനിൽ ഇപ്പോൾ 80 ഇന്ത്യക്കാർ ബാക്കിയുണ്ട്. എയർ ഇന്ത്യയുടെ വിമാനത്തിൽ കയറാൻ ഇവർ എത്തിയപ്പോൾ 10 പേരിൽ രോഗലക്ഷണങ്ങൾ കണ്ടതിനെത്തുടർന്ന് ചൈനീസ് അധികൃതർ തടഞ്ഞുവെച്ചു. ബാക്കി 70 പേർ സ്വന്തം നിലയിൽ അവിടെ തുടരാൻ തയ്യാറായതാണെന്ന് മന്ത്രി പറഞ്ഞു.

647 ഇന്ത്യക്കാരെയും ഏഴു മാലദ്വീപുകാരെയും ഇതുവരെ വുഹാനിൽനിന്ന് നാട്ടിലെത്തിച്ചിട്ടുണ്ട്. വുഹാനിൽനിന്ന് ആൾക്കാരെ തിരിച്ചെത്തിക്കാൻ പാകിസ്താൻ ഉൾപ്പെടെയുള്ള എല്ലാ അയൽരാജ്യങ്ങളെയും സഹായസന്നദ്ധത അറിയിച്ചിരുന്നെന്നും മാലദ്വീപ് മാത്രമാണ് വാഗ്ദാനം സ്വീകരിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

ജപ്പാൻ തീരത്ത് രണ്ടാഴ്ചയായി നിരീക്ഷണത്തിലുള്ള ഡയമണ്ട് പ്രിൻസസ് എന്ന കപ്പലിൽ ജീവനക്കാരടക്കം ഒട്ടേറെ ഇന്ത്യക്കാരുണ്ട്. 3700-ലേെറപ്പേരുള്ള കപ്പലിൽ ഇതുവരെ 61 പേർക്ക് വൈറസ് ബാധ റിപ്പോർട്ടു ചെയ്തിട്ടുണ്ടെങ്കിലും ഇതിൽ ഇന്ത്യക്കാരാരുമില്ലെന്ന് ടോക്യോയിലെ ഇന്ത്യൻ എംബസി അറിയിച്ചിട്ടുണ്ട്.

ALSO READ: മ​നു​ഷ്യ​രെ​ക്കാ​ള്‍ കൂ​ടു​ത​ല്‍ വ​വ്വാ​ലു​ക​ള്‍; വ​വ്വാ​ലു​ക​ള്‍ അടക്കി വാഴുന്ന ചെ​റു​പ​ട്ട​ണ​ത്തി​ല്‍ ജ​ന​ജീ​വി​തം ദു​സ​ഹ​മാ​കുന്നു

സ്ഥിതിഗതികൾ വിലയിരുത്താൻ വിദേശകാര്യ മന്ത്രിമാർ, വ്യോമയാന മന്ത്രി, ആഭ്യന്തര സഹമന്ത്രി, ആരോഗ്യ മന്ത്രി, ഷിപ്പിങ് മന്ത്രി എന്നിവരടങ്ങിയ സമിതി രൂപവത്കരിച്ചിട്ടുണ്ട്. കാബിനറ്റ് സെക്രട്ടറി ദിവസവും ഇവരിൽനിന്നെല്ലാം വിവരങ്ങൾ ശേഖരിക്കുന്നു. ഇതുവരെ 1,257 വിമാനങ്ങളും 1,39,539 യാത്രക്കാരും പരിശോധിക്കപ്പെട്ടു. ഇതിലാണ് 150 യാത്രക്കാരെ രോഗബാധിതരായി കണ്ടെത്തിയതും പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റിയതുമെന്ന് ജയ്‌ശങ്കർ പറഞ്ഞു.

21 വിമാനത്താവളങ്ങളിലും 12 പ്രമുഖ തുറമുഖങ്ങളിലും എല്ലാ ചെറുകിട തുറമുഖങ്ങളിലുമെത്തുന്ന യാത്രക്കാരിൽ കർശന പരിശോധന തുടരുന്നതായി ആരോഗ്യ മന്ത്രി ഹർഷവർധൻ അറിയിച്ചു. രോഗബാധ റിപ്പോർട്ട് ചെയ്തതിനാൽ നേപ്പാളിന്റെ അതിർത്തിയിലും പരിശോധന നടക്കുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button