Latest NewsKeralaNews

അബദ്ധജടിലവും യാഥാര്‍ത്ഥ്യബോധമില്ലാത്തതുമായ പിണറായി സര്‍ക്കാരിന്‍റെ ബഡ്ജറ്റ് സാധാരണക്കാരനുമേല്‍ അധികഭാരം ചുമത്തുന്നു – കൊടിക്കുന്നില്‍ സുരേഷ് എം.പി

തിരുവനന്തപുരം• ധനകാര്യമന്ത്രി ഡോ.തോമസ് ഐസക് കേരള നിയമസഭയില്‍ അവതരിപ്പിച്ച 2020-21 വര്‍ഷത്തെ ബഡ്ജറ്റ് അബദ്ധജടിലവും യാഥാര്‍ത്ഥ്യബോധമില്ലാത്തതുമാണെന്ന് കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്‍റ് കൊടിക്കുന്നില്‍ സുരേഷ് എം.പി കുറ്റപ്പെടുത്തി. സാമ്പത്തിക കടക്കെണിയിലകപ്പെട്ട് പാപ്പരായി നില്‍ക്കുന്ന പിണറായി സര്‍ക്കാരിലെ ധനകാര്യവകുപ്പ് മന്ത്രി സ്വപ്നലോകത്തിരുന്ന് നടത്തിയ ഒരു വാചകക്കസര്‍ത്ത് മാത്രമാണെന്ന് എം.പി അഭിപ്രായപ്പെട്ടു.

കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ച ബഡ്ജറ്റിലെ പ്രഖ്യാപനങ്ങളില്‍ ബഹുഭൂരിപക്ഷവും ജലരേഖയായി മാറി. 500,1000,2000 കോടി രൂപ ചെലവാകുന്ന പദ്ധതികള്‍ കഴിഞ്ഞ ബഡ്ജറ്റില്‍ പ്രഖ്യാപിച്ചത് ഒന്നും നടപ്പാക്കാനായിട്ടില്ല.

രണ്ടാം കുട്ടനാട് പാക്കേജിന് വേണ്ടി കഴിഞ്ഞ ബഡ്ജറ്റില്‍ 1500 കോടി രൂപാ അനുവദിച്ചിരുന്നത് ചെലവാക്കാതെ ഈ വര്‍ഷം വീണ്ടും 2400 കോടി അനുവദിച്ചു എന്ന് പ്രഖ്യാപിച്ചത് വിരോധാഭാസമാണ്. കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച പാക്കേജ് ഇതുവരെയും നടപ്പാക്കിയിട്ടില്ല എന്നുമാത്രമല്ല രണ്ടാം പ്രളയം നേരിട്ട കുട്ടനാട്ടില്‍ ബണ്ട് നവീകരണത്തിനോ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനോ അടിസ്ഥാന സൗകര്യ വികസനത്തിനോ പണമനുവദിക്കാത്തത് ശുദ്ധ തട്ടിപ്പാണെന്നും എം.പി പറഞ്ഞു.

കേരളത്തിലെ കശുവണ്ടി വ്യവസായം സംരക്ഷിക്കുന്നതിനും പൂട്ടിക്കിടക്കുന്ന കശുവണ്ടി ഫാക്ടറികള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിനും യാതൊരു നിര്‍ദ്ദേശങ്ങളും ബഡ്ജറ്റിലില്ലാത്തത് കശുവണ്ടി തൊഴിലാളികളോടുള്ള വഞ്ചനയാണ്. കാഷ്യൂ ബോര്‍ഡിന് നീക്കി വച്ചിരിക്കുന്ന പണം ഇടനിലക്കാര്‍ക്ക് തട്ടിയെടുക്കാനുള്ള ഉപാധി മാത്രമാണ്. കശുവണ്ടി പുനരുദ്ധാരണ പാക്കേജ് പ്രഖ്യാപിക്കാനും ധനമന്ത്രിക്ക് കഴിഞ്ഞിട്ടില്ല. എസ്.സി/എസ്.ടി വിഭാഗങ്ങളുടെ ക്ഷേമത്തിനും അവരുടെ ഭവന നിര്‍മ്മാണത്തിനും തൊഴിലവസരങ്ങള്‍ക്കും ഊന്നല്‍ നല്‍കുന്ന ഒരു നിര്‍ദ്ദേശവുമില്ലാത്ത ബഡ്ജറ്റാണിതെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി കുറ്റപ്പെടുത്തി. സര്‍ക്കാര്‍ സര്‍വ്വീസില്‍ ഒഴിഞ്ഞു കിടക്കുന്ന പട്ടികജാതി/വര്‍ഗ്ഗ വിഭാഗങ്ങളുടെ ഉദ്യോഗങ്ങളില്‍ നിയമനം നടത്താതെ ഈ സര്‍ക്കാര്‍ ഒളിച്ചുകളിക്കുകയാണ്. ഇതിനായി സ്പെഷ്യല്‍ റിക്രൂട്ട്മെന്‍റ് പ്രഖ്യാപിക്കാനും മന്ത്രിക്ക് കഴിഞ്ഞിട്ടില്ല. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കുള്ള ലംപ്സംഗ്രാന്‍റ്, സ്കോളര്‍ഷിപ്പുകള്‍ എന്നിവയുടെ തുക ഉയര്‍ത്താനും ഈ ബഡ്ജറ്റില്‍ യാതൊരു നിര്‍ദ്ദേശവുമില്ലാത്തത് നിരാശാജനകമാണ്.

ജനങ്ങളുടെമേല്‍ അധികഭാരം അടിച്ചേല്‍പിച്ച് ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച ഈ ബഡ്ജറ്റ് ജനങ്ങള്‍ക്ക് താങ്ങാനാവത്തതാണെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button