ഗുവാഹട്ടി : അസമില്‍ ഇനി ഒരു സാധാരണക്കാരന്റെയും ജീവന് അക്രമത്തിന്റെ പേരില്‍ പൊലിയില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചരിത്ര പ്രധാനമായ ബോഡോ കരാറിലൂടെ അസമില്‍ വികസനത്തിന്റെ പാത തുറന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. കൊക്രാജറിലെ റാലിയില്‍ ബോഡോ കരാറിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.ഇത് അസമിന്റെ പുത്തന്‍ ഉദയമാണ്. ഭീകരവാദത്തിന്റെ കറുത്ത ദിനങ്ങള്‍ അവസാനിച്ചിരിക്കുന്നു.
ഭീകരവാദം വീണ്ടും തിരിച്ച് വരാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കില്ല. അസം ജനതയുടെ സഹായവും നിശ്ചയ ദാര്‍ഢ്യവും സംസ്ഥാനത്ത് വികസനത്തിന്റെ പുതിയൊരു പാത തുറക്കാന്‍ കാരണമായിരിക്കുകയാണ്. നിരവധി അവസരങ്ങളാണ് അസമിനെത്തേടി ഇനി എത്താനിരിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.ദശകങ്ങളായി അസമില്‍ യുദ്ധസമാനമായ അന്തരീക്ഷമാണ് നിലനിന്നിരുന്നത്. അതുകൊണ്ട് തന്നെ നാഷണല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാന്റുമായി ഒപ്പുവെച്ച സമാധാന കരാര്‍ ചരിത്രപരമായ ഒന്നാണെന്നും, മഹാത്മാ ഗാന്ധിയുടെ ജന്മ വാര്‍ഷികത്തില്‍ തന്നെ ഇത്തരം ഒരു കരാറില്‍ ഒപ്പുവെക്കാന്‍ കഴിഞ്ഞത് തീര്‍ത്തും ആകസ്മികമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഭീകരവാദത്തില്‍ നിന്ന് പിന്തിരിഞ്ഞവരുടെ അമ്മമാര്‍ ഇന്ന് തങ്ങളെ ആശിര്വദിക്കുകയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.അഹിംസയിലും സമാധാനത്തിലും അടിയുറച്ച് വിശ്വസിക്കുന്നവരാണ് ബോഡോ ജനത. അതുകൊണ്ട് തന്നെ ഇന്ത്യന്‍ ഭരണഘടനയ്ക്ക് മഹത്തായ സ്ഥാനവും ഇക്കൂട്ടര്‍ നല്‍കുന്നുണ്ട്. ദശകങ്ങള്‍ക്ക് ശേഷം അസമില്‍ സമാധാനത്തിന്റെ പാത തുറന്നിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
അസമിന്റെ സമ്പൂര്‍ണ്ണ വികസനമാണ് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യം. ഇതിനായാണ് ഇതിനായാണ് കേന്ദ്രസര്‍ക്കാര്‍ പ്രയത്നിക്കുന്നത്. ബോഡോ ജനതയുടെ വികസനത്തിനായി 1500 കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബോഡോ കരാറില്‍ ഒപ്പുവയ്ക്കുന്നതിനായി അഖിലേന്ത്യ സ്റ്റുഡന്റ് യൂണിയനും, നാഷണല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാന്റും നല്കിയ പിന്തുണയെയും അദ്ദേഹം പ്രത്യേകം പരാമര്‍ശിച്ചു.
Post Your Comments