കൊച്ചി: പാലാരിവട്ടം മേൽപ്പാലം അഴിമതിക്കേസിൽ കുരുങ്ങി മുൻ പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ്. കേസിൽ വിജിലൻസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. അറസ്റ്റ് തടയാനുള്ള നീക്കത്തിന്റെ ഭാഗമായി ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകാൻ ഒരുങ്ങുകയാണ് മുൻ മന്ത്രി.
പാലം അഴിമതിക്കേസിൽ മുൻ പൊതുമരാമത്ത് മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണർ ഇന്നലെയാണ് അനുമതി നൽകുന്നത്. ഇബ്രാഹിം കുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി തേടി സർക്കാർ സമർപ്പിച്ച ഫയലിൽ ഗവണർ ഒപ്പുവച്ചതോടെ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് അന്വേഷണ സംഘത്തിന് കടക്കാൻ സാധിക്കും.
പാലാരിവട്ടം മേൽപ്പാലം നിർമ്മാണത്തിൽ കരാറിന് വിരുദ്ധമായി 8.25 കോടി രൂപ കരാറുകാരായ ആർഡിഎസ് പ്രോജക്ടിന് അനുവദിച്ചതിലും അതിന് പലിശ ഇളവ് അനുവദിക്കാൻ നിർദേശിച്ചതിലും ഇബ്രാഹിം കുഞ്ഞിന് വ്യക്തമായ പങ്കുണ്ടെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ.
നിയമവൃത്തങ്ങളുമായി കൂടിയാലോചിച്ച ശേഷമാണ് ഗവർണർ പ്രോസിക്യൂഷന് അനുമതി നൽകിയത്. ഒക്ടോബർ രണ്ടിനാണ് ഇബ്രാഹിംകുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി തേടി വിജിലൻസ് സർക്കാരിന് കത്തുനൽകിയത്. രേഖകളുടേയും സാക്ഷിമൊഴികളുടേയും അടിസ്ഥാനത്തിലായിരുന്നു തുടരന്വേഷണത്തിനുള്ള അനുമതി തേടൽ. സർക്കാർ ഫയൽ ഗവർണർക്ക് കൈമാറി. തുടർന്ന് രാജ്ഭവൻ നിരവധി തവണ കേസിന്റെ വിശദാംശങ്ങളിൽ മുഖ്യമന്ത്രിയുടെ ഓഫിസിനോട് വിശദീകരണം തേടി. മതിയായ തെളിവുകളുണ്ടെന്ന് ബോധ്യപ്പെടുത്തുന്ന രേഖകളും മറ്റും വിജിലൻസ് രാജ്ഭവന് കൈമാറി.
കേസിൽ അറസ്റ്റിലായ മുൻ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ സൂരജ്, കരാർ കമ്പനി ഉടമ സുമിത് ഗോയൽ അടക്കമുള്ളവരുടെ മൊഴികളും, പൊതുമരാമത്ത് മന്ത്രി ആയിരിക്കെ ഒപ്പിട്ടയച്ച ഫയലുകളുമാണ് ഇബ്രാഹിംകുഞ്ഞിന് കുരുക്കായത്.
Post Your Comments