നിലമ്പൂര്‍ പൊലീസ് സ്റ്റേഷനില്‍ അതിക്രമിച്ചു കയറി പൊലീസുകാരെ ഭീഷണിപ്പെടുത്തുകയും നാശനഷ്ടമുണ്ടാക്കുകയും ചെയ്ത കേസില്‍ ഗുണ്ടാസംഘത്തിലെ മൂന്നു പേര്‍ പൊലീസ് പിടിയിലായി. നിലമ്പൂര്‍ ചന്തക്കുന്ന് ചാരംകുളം പാലോട്ടില്‍ ഫാസില്‍ (ഇറച്ചി ഫാസില്‍ 28), തെക്കരതൊടിക ഷാബിര്‍ റുഷ്ത് (29), കരുളായി വലമ്പുറം കോലോത്തുതൊടിക അഹമ്മദ് ആഷിഖ് (കുഞ്ഞാവ 25) എന്നിവരെയാണു ഇന്‍സ്‌പെക്ടര്‍ സുനില്‍ പുളിക്കല്‍ അറസ്റ്റ് ചെയ്തത്. കേസില്‍ ഇനി ഒരാളെക്കൂടി പിടികിട്ടാനുണ്ട്.
ഒന്നായിരുന്ന ഗുണ്ടാസംഘം 2 ആയി പിരിഞ്ഞപ്പോഴുള്ള കുടിപ്പകയാണു സംഭവത്തിനു പിന്നിലെന്നു പൊലീസ് പറഞ്ഞു. എതിര്‍ സംഘത്തിലെ മമ്പാട് സ്വദേശി യുവാവിനെ മര്‍ദ്ദിച്ചവശനാക്കിയ പ്രതികള്‍ 5 നു പുലര്‍ച്ചെ സ്റ്റേഷനില്‍ കൊണ്ടുവന്നു. യുവാവിനെ അറസ്റ്റു ചെയ്യണമെന്ന് ആവശ്യപ്പെട്ടു ബഹളം വച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ പൊലീസുകാര്‍ നിര്‍ദ്ദേശിച്ചപ്പോള്‍ അവരെ അസഭ്യം വിളിച്ചു ഭീഷണിപ്പെടുത്തി. സിസിടിവിയുടെ മോണിറ്റര്‍ അടിച്ചു തകര്‍ക്കുകയും ചെയ്തു.
ചക്കാലക്കുത്ത് നിന്നാണു ഉച്ചയോടെ മൂന്നു പേരെ അറസ്റ്റു ചെയ്തത്. ഫാസില്‍ നിലമ്പൂര്‍ സ്റ്റേഷനില്‍ റൗഡി ലിസ്റ്റില്‍പ്പെട്ടയാളാണ്. ആഷിഖ് പൂക്കോട്ടുംപാടം സ്റ്റേഷനില്‍ മാനഭംഗം കേസില്‍ ഉള്‍പ്പെടെ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. സംഘത്തിലെ നാലാമനു വേണ്ടി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡു ചെയ്തു.
Post Your Comments