- അഞ്ജു പാര്‍വ്വതി പ്രഭീഷ്
വാ വിട്ട വാക്കും കൈ വിട്ട ആയുധവും തിരിച്ചെടുക്കാനാവില്ല. പലപ്പോഴും വാ വിട്ട് പോയ വാക്കുകളേൽപ്പിക്കുന്ന മുറിവുകൾ ആയുധമേല്‌പ്പിക്കുന്ന മുറിവുകളേക്കാൾ മൂർച്ചയേറിയതാണ്. അങ്ങനെ മുറിവേൽപ്പിക്കുന്ന വാക്കുകൾ ഉണക്കാൻ കാലത്തിനു അത്ര വേഗം കഴിയില്ല.പറഞ്ഞു വന്നത് ഇന്നലത്തെ ബിഗ് ബോസ് ഹൗസിലെ കോൾ സെന്റർ ടാസ്ക്കിനെ കുറിച്ചും അതിലെ മത്സരാർത്ഥികളായ മഞ്ജുപത്രോസും ജസ്‌ലയും രജിത് എന്ന മുതിർന്ന മനുഷ്യനോട് സഭ്യതയുടെ വരമ്പുകൾ ലംഘിച്ച വാക്കുകൾ കൊണ്ട് നടത്തിയ വൃത്തികെട്ട പൊറാട്ടുനാടകത്തെക്കുറിച്ചുമാണ്.
അശക്തിബോധത്തിന്റെ തുറന്ന പ്രഖ്യാപനമാണ് ഒരാൾക്കെതിരെ നടത്തുന്ന ഹീനഭാഷാപ്രയോഗം. തന്റെ പ്രതിയോഗി തനിക്ക് എതിരിടാനും തറ പറ്റിക്കാനും ആവാത്തവിധം അതിശക്തനാണെന്ന തിരിച്ചറിവിൽ മനസ്സിൽ ഉടലെടുക്കുന്ന അപകർഷതാബോധവും അസൂയ കലർന്ന ആത്മബോധവുമാണ് മഞ്ജുവെന്ന മത്സരാർത്ഥിയെ തുടക്കംമുതലേ സാറിനെതിരെ തിരിയാൻ പ്രേരിപ്പിച്ചത്.അതിനവർ തിരഞ്ഞെടുത്തതാകട്ടെ ഹീനമായ ഭാഷാപ്രയോഗവും.ആശയത്തെ ആശയംകൊണ്ട് നേരിടാനുള്ള ബുദ്ധിവൈഭവമോ വിവരമോ ഇല്ലാത്തതുക്കൊണ്ട് അസഭ്യപ്രയോഗത്താൽ സാറിനെ നേരിടാനിറങ്ങിയ അവരുടെ ശരീരഭാഷയും വാക്പ്രയോഗങ്ങളും തുറന്നുകാട്ടിയതാകട്ടെ അവരുടെ അധമസംസ്കാരത്തെയാണ്. ഉപയോഗിക്കുന്ന വാക്കിന്റെ അടിസ്ഥാനത്തില്‍ നാം ആളുകളെ വിലയിരുത്താറുണ്ട്. ആ അർത്ഥത്തിൽ ഒരു മാസത്തോളം ബിഗ്ബോസ് ഹൗസിൽ കഴിഞ്ഞുവരുന്ന മഞ്ജു പത്രോസിനെ ഇന്ന് പ്രേക്ഷകർ വിലയിരുത്തുന്നതാകട്ടെ ഏറ്റവും സംസ്കാരശൂന്യയായ മത്സരാർത്ഥി എന്ന നിലയിലാണ്.
അസഭ്യഭാഷാപ്രയോഗത്തിനൊരു പ്രത്യേക സ്വഭാവമുണ്ട്. അത് തിരിഞ്ഞടിക്കും. കേട്ടുനില്‍ക്കുന്നവരില്‍ ഭൂരിപക്ഷ വിഭാഗം അത്തരക്കാരെ നോക്കി പുച്ഛത്തോടെ ചിരിക്കുകയായിരിക്കും. തല്‍ക്കാലത്തേക്ക് ജയം നേടാന്‍ അധമഭാഷ സഹായിച്ചേക്കും.പക്ഷേ നാശത്തിന്റെ നാരായ വേര് കിടക്കുന്നത് അതിലാണെന്നതാണ് സത്യം. സ്വഭാവത്തെ നിയന്ത്രിക്കുന്നത് പെരുമാറ്റവും സംസാര ശൈലിയുമാണ്.അപ്പോള്‍ സംസാരത്തില്‍ ഉണ്ടാകുന്ന പാളിച്ചകള്‍ തീര്‍ച്ചയായും ഒരാളുടെ സ്വഭാവത്തെയാണ് തുറന്നുകാണിക്കുന്നത്.നഗരത്തിലായാലും ഗ്രാമത്തിലായാലും കുടിലിലായാലും കൊട്ടാരത്തിലായാലും സംസ്‌കാരമുള്ളവര്‍ സഭ്യമായേ സംസാരിക്കൂ.
ചെറ്റ,വൃത്തികെട്ടവൻ,നാണംകെട്ടവൻ,അപ്പോൾ കാണുന്നവനെ അപ്പനെന്നു വിളിക്കുന്നവൻ,എടോ-പോടോ,താൻ തുടങ്ങിയ ഈ പ്രയോഗങ്ങള്‍ ഒരു മത്സരാർത്ഥിയായ മഞ്ജുവിന്റെ നാവില്‍നിന്ന് പലഘട്ടങ്ങളില്‍ പുറത്തുവന്നവയാണ്. അമാന്യവും അശ്ലീലദ്യോതകവും ഭീഷണി നിറഞ്ഞതുമാണീ പ്രയോഗങ്ങള്‍. ഇതൊക്കെയും വിളിച്ചിരിക്കുന്നത് 52 വയസ്സുള്ള മുതിർന്ന ഒരു മനുഷ്യനെയാണ്.ഇരുപതഞ്ചോളം വർഷങ്ങളായി കുട്ടികൾക്ക് അറിവ് പകരുന്ന ഒരു അദ്ധ്യാപകനെയാണ്.വൈയക്തിക ശുദ്ധിയെയും മനുഷ്യാന്തസ്സിനേയും അവഹേളിക്കുന്ന അവരുടെ ഭാഷാപ്രയോഗങ്ങളും കൈമുദ്രകളും (ആംഗ്യഭാഷ) മ്ലേച്ഛവും അഹന്തയും നിറഞ്ഞവയാണ്. വാക്കുകളിലൂടെ വിസര്‍ജ്യം വര്‍ഷിക്കുകയാണിവിടെ.
ടാസ്ക് ജയിക്കുന്നതില്‍ എന്നതില്‍പ്പരം രജിത്തെന്ന വ്യക്തിയോടുള്ള വിദ്വേഷം തീര്‍ക്കലായിരുന്നു ഇന്നലെ നമ്മൾ അവരിൽ കണ്ടത് .ടാസ്ക് കഴിഞ്ഞപ്പോള്‍ അവളർ തന്നെ അത് പറയുന്നുണ്ട്. ‘പോയിന്‍റൊന്നും കിട്ടില്ല., എന്തായാലും പറയാനുള്ളതെല്ലാം പറഞ്ഞ് തീര്‍ത്തല്ലോനയെന്ന്” .പോയിന്‍റ് കിട്ടുകയാണ് ഉദ്ദേശമെങ്കില്‍ പെട്ടെന്ന് കരയിക്കാന്‍ പറ്റിയ ദയയെ അവര്‍ തെരഞ്ഞെടുക്കുമായിരുന്നു. രജിത്ത് സാറിനോടുള്ള വൈരാഗ്യം മുഴുവന്‍ ആ മുഖത്തും വാക്കുകളിലുമുണ്ടായിരുന്നു.
പെട്ടെന്നുള്ള ചിന്താശുന്യതയാല്‍ നാവ്പിഴയെന്ന അബദ്ധം സംഭവിക്കാറുണ്ട്.. പവനെന്ന മത്സരാർത്ഥിക്ക് ഇന്നലെ ടാസ്കിനു ശേഷം സംഭവിച്ചത് അതാണ്.എന്നാലിവിടെ നാവ്പിഴ ബോധപൂര്‍വ്വം ഒരാഘോഷമാക്കിമാറ്റിയത് മഞ്ജു പത്രോസാണ്.കൂട്ടിന് ജസ്ലയെന്ന വിടുവായത്തം അലങ്കാരമാക്കിയ പെൺകുട്ടിയും. ഒരാൾക്കുമേൽ കുതിരകയറുന്ന ശരീരഭാഷയും കേട്ടിരിക്കുന്നവരെ വെല്ലുവിളിക്കുന്ന തരംതാഴ്ന്ന സംസാരഭാഷയും ധാര്‍ഷ്ട്യവും ഇന്നലെ ആ ടാസ്ക്കിന്റെ ശോഭ കെടുത്തിയെങ്കിൽ അതിന്റെ കാരണം മഞ്ജുവെന്ന സ്ത്രീയുടെ സംസ്കാരശൂന്യത ഒന്ന് കൊണ്ട് മാത്രമാണ്.ഇവറ്റകൾ സ്ത്രീസമൂഹത്തിനു തന്നെ ശാപമാണ്. നിരന്തരം നടത്തുന്ന വെല്ലുവിളികളെ നിഷ്‌ക്കളങ്കതയുടെ തട്ടിലിട്ട് അളക്കാനാകില്ല പ്രേക്ഷകർക്ക്. നാടന്‍ ശൈലി, ഗ്രാമ്യഭാഷ, വാമൊഴി വഴക്കം എന്നൊക്കെപ്പറഞ്ഞ് ഈ വിടുവായത്തത്തെയും ഭീഷണിയേയും ലഘൂകരിക്കാനും കഴിയില്ല. സഭ്യതയും സംസ്‌കാരവുമാണ് നാവിലൂടെ പുറത്തേക്കുവരേണ്ടത്. ‘വായില്‍ തോന്നുന്നത് കോതക്ക് പാട്ട്’ എന്ന രീതി ഒരു കലാകാരിക്ക് ചേർന്നതല്ല. മര്യാദയോടെയുള്ള സംസാരമാണ് മാന്യതയെന്ന തിരിച്ചറിവ് ഇല്ലാതിടത്തോളം കാലം നിങ്ങൾ കലാകേരളത്തിനു ഒരപമാനമാണ് മഞ്ജു.
Post Your Comments