Latest NewsIndiaNews

കുനാല്‍ കമ്രയുടെ പേരില്‍ എയര്‍ ഇന്ത്യ വീണ്ടും വിവാദത്തില്‍

ന്യൂഡല്‍ഹി: അര്‍ണബ് ഗോസ്വാമിയെ വിമാനയാത്രക്കിടെ വിമര്‍ശിച്ചതിന്റെ പേരില്‍ എയര്‍ ഇന്ത്യയുടെ യാത്രാവിലക്ക് നേരിടുന്ന കുനാല്‍ കമ്രയെ ചൊല്ലിയുളള വിവാദങ്ങള്‍ അവസാനിക്കുന്നില്ല. കുനാലിന്റെ അതേപേരിലുള്ള യാത്രക്കാരന്റെ വിമാനടിക്കറ്റ് തെറ്റിദ്ധാരണ മൂലം റദ്ദാക്കിയതുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ എയര്‍ ഇന്ത്യ വീണ്ടും വിവാദത്തിലായിരിക്കുന്നത്.

ജയ്പുരില്‍ കുടുംബത്തെ സന്ദര്‍ശിക്കാനാണ് ബോസ്റ്റണ്‍ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കമ്ര എത്തിയത്. കൗണ്ടറില്‍ എത്തിയപ്പോള്‍ ബോര്‍ഡിംഗ് പാസ് നല്‍കാന്‍ എയര്‍ലൈന്‍ അധികൃതര്‍ തയാറായില്ല. അപ്പോഴാണ് ടിക്കറ്റ് റദ്ദാക്കിയതായി അറിഞ്ഞതെന്നും ബോസ്റ്റണ്‍ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കമ്ര പറഞ്ഞു. തുടര്‍ന്ന് ചെക്കിംഗ് കൗണ്ടറില്‍ എത്തി തന്റെ ഒന്നിലധികം തിരിച്ചറിയല്‍ രേഖകള്‍ കാണിച്ച ശേഷമാണ് അവര്‍ ഉദ്ദേശിച്ച ആളല്ല താനെന്ന് മനസിലാക്കിക്കാന്‍ സാധിച്ചത്. കൊമേഡിയന്‍ കുനാല്‍ അല്ല യാത്ര ചെയ്യാന്‍ വന്നിരിക്കുന്നതെന്നന് മനസിലാക്കിയതോടെ എയര്‍ ഇന്ത്യ ടിക്കറ്റ് വീണ്ടും നല്‍കി പ്രശ്‌നം പരിഹരിച്ചു.

കൊമേഡിയന്‍ കുനാല്‍ കമ്രയെ വിലക്കിയത് കൊണ്ട് ഒരേപേര് മൂലം മറ്റൊരു യാത്രക്കാരന്റെ ടിക്കറ്റ് സ്വയമേ റദ്ദാക്കപ്പെട്ടതാണ്. എന്നാല്‍, തിരിച്ചറിയാല്‍ രേഖകള്‍ കാണിച്ചതോടെ അദ്ദേഹത്തെ യാത്ര ചെയ്യാന്‍ അനുവദിച്ചുവെന്നും എയര്‍ ഇന്ത്യ വക്താവ് ധനജ്ഞയ് കുമാര്‍ പറഞ്ഞു.

മാധ്യമപ്രവര്‍ത്തകന്‍ അര്‍ണാബ് ഗോസ്വാമിക്കെതിരെ മോശം പെരുമാറ്റം നടത്തിയെന്ന പേരിലാണ് കുനാല്‍ കമ്രയെ എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും അടക്കമുള്ള എയര്‍ലൈന്‍സുകള്‍ വിലക്കിയത്. അര്‍ണബ് ഗോസ്വാമിക്കൊപ്പം വിമാനത്തില്‍ യാത്ര ചെയ്ത കുനാല്‍ അദ്ദേഹത്തോട് ചോദ്യങ്ങള്‍ ചോദിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ടിരുന്നു. നിങ്ങള്‍ ഒരു ഭീരുവാണോ, മാധ്യമപ്രവര്‍ത്തകനാണോ, ദേശീയവാദിയാണോ എന്നത് പ്രേക്ഷകര്‍ക്ക് അറിയണമെന്നായിരുന്നു കുനാല്‍ കമ്രയുടെ ചോദ്യം.ചോദ്യങ്ങള്‍ക്ക് അര്‍ണബ് മറുപടി നല്‍കിയില്ല. തുടര്‍ന്ന് അര്‍ണബ് തന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നില്ലെന്നും കുനാല്‍ വീഡിയോയില്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കുനാലിനെതിരെ വിലക്ക് വന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button