Latest NewsKeralaNews

അമിത വേഗത്തിലോടുന്ന വാഹനങ്ങളെ പിടിക്കാനുള്ള ക്യാമറയെ അമിത വേഗത്തിലെത്തിയ വാഹനം തന്നെ ഇടിച്ചിട്ടു

കണ്ണൂര്‍: തളിപ്പറമ്പില്‍ അമിത വേഗത്തിലോടുന്ന വാഹനങ്ങളെ കണ്ടെത്താന്‍ സംസ്ഥാന പാതയോരത്ത് മോട്ടര്‍ വാഹന വകുപ്പു സ്ഥാപിച്ച ക്യാമറാ സംവിധാനം അമിത വേഗത്തിലെത്തിയ വാഹനം തന്നെ ഇടിച്ചിട്ടു. ക്യാമറ തകര്‍ന്ന് ഒരു മാസത്തോളം കഴിഞ്ഞിട്ടും മോട്ടര്‍ വാഹന വകുപ്പ് ഇത് അറിഞ്ഞിട്ട് പോലും ഇല്ല.

തളിപ്പറമ്പ് ആലക്കോട് കൂര്‍ഗ് റോഡിലെ നാടുകാണി അല്‍മഖറിന് സമീപത്തുള്ള ക്യാമറകളുടെ നിയന്ത്രണ സംവിധാനമാണ് അമിത വേഗത്തിലെത്തിയ അജ്ഞാത വാഹനം ഇടിച്ച് തകര്‍ത്തത്. ഇരുഭാഗത്തുമുള്ള ക്യാമറകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന കേബിളുകള്‍ സ്ഥാപിച്ച തൂണ്‍ ഇടിച്ചു തകര്‍ത്ത ശേഷം റോഡരികിലെ നിയന്ത്രണ സംവിധാനവും തകര്‍ത്തു. പൊലീസ് ട്രാഫിക് എന്‍ഡോഴ്‌സ്‌മെന്റ് സംവിധാനവും ആര്‍ടിഒയും ചേര്‍ന്ന് കെല്‍ട്രോണിന്റെ സഹകരണത്തോടെയാണ് ഇതു നിയന്ത്രിക്കുന്നത്.

റോഡിന് ഇരുഭാഗത്തുമായി സ്ഥാപിച്ച ക്യാമറകള്‍ക്ക് കീഴിലൂടെ അമിത വേഗത്തില്‍ കടന്നു പോകുന്ന വാഹനങ്ങളുടെ ചിത്രം ഈ സംവിധാനത്തിലൂടെ എടുത്ത ശേഷം വാഹന ഉടമയ്ക്ക് സംസ്ഥാനതല കണ്‍ട്രോളിങ് യൂണിറ്റില്‍ നിന്ന് പിഴ നോട്ടിസ് അയയ്ക്കുകയാണ് പതിവ്. എന്നാല്‍ ഒരു മാസമായി ഇതിന്റെ സംവിധാനങ്ങള്‍ തകര്‍ന്നിട്ടും ആര്‍ടിഒ, പൊലീസ് അധികൃതര്‍ തിരിഞ്ഞു നോക്കിയിട്ടില്ല. വാഹനങ്ങളുടെ അമിതവേഗം അളക്കുന്ന ക്യാമറയ്‌ക്കൊപ്പം തന്നെ മറ്റൊരു ക്യാമറ കൂടി ഇതിലുണ്ടത്രെ. ഏത് വാഹനമാണ് ഇടിച്ചതെന്ന് ആ ക്യാമറ പരിശോധിച്ചാല്‍ കണ്ടെത്താന്‍ സാധിക്കും. എന്നാല്‍ അതില്‍ ദൃശ്യങ്ങള്‍ നിശ്ചിത ദിവസങ്ങള്‍ മാത്രമേനിലനില്‍ക്കുകയുള്ളൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button