Latest NewsIndiaNews

ഒമാനിലെ പോലീസ് കസ്റ്റഡിയിൽ നിന്നും ബിജുസുന്ദരേശന് മോചനം

തിരുവനന്തപുരം•പ്രവാസി മലയാളികളുടെ നിയമ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുവാൻ മലയാളികളായ അഭിഭാഷകരുടെ സൗജന്യ സേവനം ലഭ്യമാകുന്ന നോർക്ക റൂട്ട്‌സിന്റെ പ്രവാസി നിയമ സഹായ പദ്ധതി (PLAC) യിലൂടെ ആദ്യമായി ഒമാനിലെ പോലീസ് കസ്റ്റഡിയിൽ നിന്നും മോചിതനായ തിരുവനന്തപുരം സ്വദേശി ബിജു സുന്ദരേശൻ നാട്ടിലെത്തി. സംസ്ഥാന സർക്കാരിന്റെ ഇടപെടലിനെത്തുടർന്നാണ് ബിജുവിന് മോചനം ലഭിച്ച് നാട്ടിലെത്താൻ ഇടയായത്. മുഖ്യമന്ത്രി പിണറായി വിജയനും നോർക്കയ്ക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തി. തിരുവനന്തപുരം വിമാനത്താവളത്തിൽ പുലർച്ചെ എത്തിയ ബിജുവിനെ നോർക്ക റൂട്ട്‌സ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ എൻ. വി. മത്തായി, പബ്ലിക് റിലേഷൻസ് ഓഫീസർ ഡോ. സി.വേണുഗോപാൽ എന്നിവരും ബിജുവിന്റെ ഭാര്യ രാജിയും മക്കളും ചേർന്ന് സ്വീകരിച്ചു.

കഴിഞ്ഞ എട്ട് വർഷമായി ഒമാനിൽ ജോലി ചെയ്തിരുന്ന നെടുമങ്ങാട്, കൊല്ല പനവൂർ തടത്തരികത്ത് വീട്ടിൽ ബിജു സുന്ദരേശന്റെ വിസയും ലേബർ പെർമിറ്റും കാലാവധി കഴിഞ്ഞ് ഏകദേശം രണ്ട് വർഷമായിരുന്നു. കേസ് നോർക്കയിലെത്തുമ്പോൾ ബിജു ~ഒമാനിലെ ഇസ്‌കി പോലീസിന്റെ കസ്റ്റഡിയിൽ ആയിരുന്നു. ബിജുവും സ്‌പോൺസറും തമ്മിലുള്ള ലേബർ/കൊമേഴ്‌സ്യൽ കേസുകളാണ് അദ്ദേഹത്തെ പോലീസ് കസ്റ്റഡിയിലെത്തിച്ചത്. കേസ് വിശദമായി പരിശോധിച്ച നോർക്ക റൂട്ട്‌സ് ഉദ്യോഗസ്ഥർ ഒമാനിലെ നോർക്കയുടെ ലീഗൽ കൺസൾട്ടന്റായ അഡ്വ. ഗിരീഷ് ആത്രങ്ങാടന് കേസ് കൈമാറുകയായിരുന്നു. നോർക്കയുടെയും നോർക്കയുടെ ഒമാനിലെ ലീഗൽ കൺസൾട്ടന്റിന്റെയും നിരന്തരമായ ഇടപെടലുകൾ മൂലമാണ് ബിജുവിനെതിരെയുണ്ടായിരുന്ന കേസുകൾ പിൻവലിക്കുകയും ലേബർ ഫൈൻ, ക്രിമിനൽ നടപടികൾ എന്നിവയിൽ നിന്നും ഒഴിവാക്കി നാട്ടിലെത്തുന്നതിനുള്ള അവസരമൊരുക്കിയതും.

പ്രവാസി നിയമസഹായ സെൽ പദ്ധതിയിൻ കീഴിൽ കുവൈറ്റ്, ഒമാൻ, ബഹ്‌റൈൻ, യു.എ.ഇ, സൗദി അറേബ്യ, ഖത്തർ എന്നീ സ്ഥലങ്ങളിലേക്കാണ് നോർക്ക ലീഗൽ കൺസൾട്ടന്റ്മാരെ (NLC) നിയമിച്ചിട്ടുള്ളത്. തങ്ങളുടേതല്ലാത്ത കുറ്റങ്ങൾക്കും, ചെറിയ കുറ്റകൃത്യങ്ങൾക്കും വിദേശ ജയിലുകളിൽ കഴിയുന്ന നിരപരാധികളായ പ്രവാസി മലയാളികൾക്ക് നിയമ സഹായം നൽകുന്നതാണ് ഈ പദ്ധതി.

shortlink

Post Your Comments


Back to top button