
ബെയ്ജിങ്: ചൈനയിലെ വുഹാനില്‍ പിറവിയെടുത്ത കൊറോണ വൈറസ് ചൈനയുടെ സാമ്പത്തിക അടിത്തറ തന്നെ ഇളക്കുമെന്നു സൂചന. ലോകത്ത് ആകമാനം 492 മരണമാണ് കൊറോണ മൂലം ഉണ്ടായിരിക്കുന്നത്. ഫിലിപ്പിന്‍സിലും ഹോങ്കോങ്കിലുമായി ഇന്നലെ രണ്ട് പേര്‍ വീതം മരിച്ചു. ചൈനയില്‍ മാത്രം മരിച്ചത് 490 പേരാണ്. ഔദ്യോഗിക കണക്കുകള്‍ മാത്രമാണ് ഈ പറയുന്നതെങ്കിലും യഥാര്‍ത്ഥ കണക്ക് ഇതിലും കൂടുതല്‍ വരുമെന്നാണ് നിഗമനം.
അതേസമയം പരിശോധനാ ഫലം വരും മുമ്പ് മരണപ്പെട്ടവരുടെ കണക്കുകള്‍ കൂടി പരിശോധിക്കുമ്പോള്‍ ഞെട്ടിക്കുന്ന കണക്കുകളാകും ഉണ്ടാകുക എന്നാണ് ലോക ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തല്‍.ലോക രാജ്യങ്ങളെല്ലാം ചൈനയിലേക്കുള്ള യാത്രമാര്‍ഗ്ഗങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്. ബ്രിട്ടനും അമേരിക്കയും ചൈനയിലുള്ള പൗരന്മാരോട് നാടു വിടാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. അമേരിക്ക വിമാനം എത്തിച്ച് പൗരന്മാരെ കൊണ്ടുപോകുകയും ചെയ്തു.1.20 കോടി ജനതയാണ് വുഹാന്‍ നഗരത്തില്‍ തടവിലാക്കപ്പെട്ട സാഹചര്യത്തില്‍ കഴിയുന്നത്. നിയന്ത്രണങ്ങളെല്ലാം ഇവിടെ കര്‍ക്കശമാക്കിയിരിക്കയാണ്.
ഫാക്ടറികള്‍ അടക്കം അടച്ചതോടെ സാമ്പത്തികമായി ചൈന നേരിടാന്‍ പോകുന്നത് വലിയ വെല്ലുവിളിയാണ്. അവശ്യവസ്തുക്കള്‍ വാങ്ങാനും മറ്റും ഒരു വീട്ടിലെ ഒരാള്‍ക്കു മാത്രം 2 ദിവസത്തിലൊരിക്കല്‍ മാത്രം പുറത്തിറങ്ങാനാണ് പല വന്‍ നഗരങ്ങളിലും അനുമതി. ഹാങ്ഷൗ പ്രവിശ്യയിലെ 3 ജില്ലകളില്‍ ഇന്നലെ മുതല്‍ ഈ നിയമം കര്‍ശനമാക്കി. വന്‍കിട ടെക്‌നോളജി കമ്പനിയായ ആലിബാബയുടെ ആസ്ഥാനം ഉള്‍പ്പെട്ട പ്രദേശവും ഇതില്‍ പെടും. വൈറസ് ഷാങ്ഹായിയെയും ബാധിച്ചാല്‍ സമ്പദ്‌വ്യവസ്ഥ കൂടുതല്‍ കുഴപ്പത്തിലാകും.
നിലവില്‍ കൊറോണ വൈറസിനെ പേടിക്കേണ്ടതില്ലെന്നും മഹാമാരിയായി പ്രഖ്യാപിക്കേണ്ട സാഹചര്യമില്ലെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ചൈനയടക്കം വിവിധ രാജ്യങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചുവരുകയാണെന്ന് ലോകാരോഗ്യ സംഘടന പകര്‍ച്ചവ്യാധി പ്രതിരോധവിഭാഗം ഡയറക്ടര്‍ സില്‍വിയ ബ്രാന്‍ഡ് പറഞ്ഞു.
Post Your Comments