ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ 23 കുട്ടികളെ ബന്ദിയാക്കി പോലീസുമായുള്ള ഏറ്റുമുട്ടലില്‍ മരിച്ചയാളുടെ ഒരു വയസുകാരി മകളെ ഏറ്റെടുക്കാന്‍ തയാറായി കാണ്‍പുര്‍ ഐ.ജി. കുട്ടിയെ താന്‍ ദത്തെടുക്കാമെന്നും അവളെ പഠിപ്പിച്ച് ഐ.പി.എസുകാരിയാക്കുമെന്നും ഐ.ജി. മോഹിത് അഗര്‍വാള്‍. കൊലക്കേസില്‍ ജാമ്യത്തിലായിരുന്ന സുഭാഷ് ബാതം എന്നയാളെ ഫറൂഖാബാദില്‍ കഴിഞ്ഞ വ്യാഴാഴ്‌ചയാണ് പോലീസ് വെടിവച്ചുകൊന്നത്.
മകളുടെ ജന്മദിനാഘോഷമാണെന്നു പറഞ്ഞ് അയല്‍പക്കത്തെ 23 കുട്ടികളെ വീട്ടില്‍ വിളിച്ചുവരുത്തി ഇയാള്‍ ബന്ദിയാക്കിയതിനു പിന്നാലെയായിരുന്നു പോലീസ് നടപടി. പോലീസ് കുട്ടികളെ മോചിപ്പിക്കാന്‍ എത്തിയപ്പോള്‍ അവര്‍ക്കുനേരേ സുഭാഷ് വെടിയുതിര്‍ത്തു. ഭാര്യയെയും മകളെയും തോക്കിന്‍മുനയില്‍ നിര്‍ത്തി. പോലീസിനുനേരേ നാടന്‍ ബോംബ് എറിഞ്ഞു. പത്തു മണിക്കൂര്‍ നീണ്ട രക്ഷാദൗത്യത്തിനൊടുവിലാണ് പോലീസ് വെടിവച്ചത്.
ഇതിനിടെ, രക്ഷപ്പെടാന്‍ ശ്രമിച്ച സുഭാഷിന്റെ ഭാര്യയെ അതുവരെ മുള്‍മുനയില്‍നിന്ന കുട്ടികളുടെ രക്ഷിതാക്കള്‍ കല്ലെറിഞ്ഞും മര്‍ദിച്ചും കൊലപ്പെടുത്തി. ഇതോടെയാണ് ഒന്നര വയസുകാരി അനാഥയായത്. സംഭവത്തെത്തുടര്‍ന്നു സുഭാഷിന്റെ മകളെ അനാഥാലയത്തിലാക്കി. ഇവിടെനിന്ന് അവളെ ദത്തെടുക്കാനാണ് തന്റെ ആലോചനയെന്ന് ഐ.ജി. വ്യക്‌തമാക്കി. ബോര്‍ഡിങ് സ്‌കൂളില്‍ എത്തിച്ചു പഠിപ്പിക്കുമെന്നും നന്നായി വളര്‍ത്തുമെന്നും ഐ.ജി. മോഹിത് അഗര്‍വാള്‍ പറയുന്നു.
Post Your Comments