കൊച്ചി: ചക്ക ഇനി വെറും ചക്ക അല്ല. നമ്മള്‍ വെറുതേ കളയുന്ന ഈ ചക്കയിലും കുറെ ഔഷധ ഗുണങ്ങള്‍ ഉണ്ട്. കാലങ്ങളും പഠനങ്ങളും അതെല്ലാം തെളിയിച്ചതാണ്. ചക്കച്ചുള മുതല്‍ ചക്കക്കുരു ഉള്‍പ്പെടെ എല്ലാം ഗുണമുള്ളവ തന്നെ. ഇപ്പോള്‍ പുറത്തു വരുന്ന പഠനങ്ങള്‍ പ്രകാരം കാന്‍സറിനുള്ള കീമോ ചികിത്സയുടെ പാര്‍ശ്വഫലങ്ങള്‍ക്ക് ചക്കയിലൂടെ പരിഹാരം കണ്ടെത്താനാകും. നാടന്‍ ചക്ക കഴിച്ചാല്‍ കീമോയുടെ പാര്‍ശ്വഫലങ്ങള്‍ ഇല്ലാതാക്കാമെന്ന പഠന പ്രബന്ധത്തിന് അംഗീകാരം.
തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോ.ജയകുമാറിന്റെ നേതൃത്വത്തില്‍ നേരത്തെ നടത്തിയ ക്ലിനിക്കല്‍ ഗവേഷണത്തിലൂടെ, പച്ചച്ചക്ക പുഴുക്ക് രൂപത്തിലോ നാടന്‍ വിഭവങ്ങളില്‍ ചേര്‍ത്തോ കഴിക്കുന്നത് പ്രമേഹം കുറയ്ക്കുമെന്നു കണ്ടെത്തിയിരുന്നു. ഇതില്‍ പ്രധാന പങ്കുവഹിച്ചത് മൈക്രോസോഫ്റ്റിന്റെ മുന്‍ ഡയറക്ടര്‍ കൂടിയായ ജയിംസ് ജോസഫ് ആയിരുന്നു. അദ്ദേഹം തന്നെയാണ് ഇപ്പോഴത്തെ പരീക്ഷണത്തിനും മുന്നിട്ടിറങ്ങിയത്.
കീമോതെറപ്പിക്കു വിധേയരാകുന്നവരില്‍ 43% പേര്‍ക്കും കടുത്ത ക്ഷീണം, വയറിളക്കം, ന്യൂമോണിയ, വായിലെ വ്രണം തുടങ്ങിയ പാര്‍ശ്വഫലങ്ങള്‍ വരാറുണ്ട്. പച്ചച്ചക്ക പൊടിച്ച് ദിവസം 30 ഗ്രാം വീതം പ്രാതലിനും അത്താഴത്തിനും നല്‍കിയപ്പോള്‍ ഈ പാര്‍ശ്വഫലങ്ങള്‍ വരുന്നില്ലെന്നാണു കൊച്ചി റിനൈ മെഡിസിറ്റിയിലെ പഠനത്തില്‍ കണ്ടെത്തിയത്. 50 കാന്‍സര്‍ രോഗികളിലാണ് പരീക്ഷണം നടത്തിയത്. ഡോ.തോമസ് വര്‍ഗീസിന്റെ മേല്‍നോട്ടത്തില്‍ രോഗികള്‍ക്ക് ചക്കപ്പൊടി ചേര്‍ത്ത വിഭവങ്ങള്‍ നല്‍കുകയും കീമോയുടെ പാര്‍ശ്വഫലങ്ങളിലെ വ്യത്യാസം നിരീക്ഷിക്കുകയുമായിരുന്നു.
എന്തായാലും വെറുതെ കളയുന്നതിലും എന്തെങ്കിലുമൊക്കെ പ്രയോജനങ്ങള്‍ ഉണ്ടെന്ന് തെളിയിച്ചിരിക്കുകയാണ് പഠനങ്ങള്‍. വേദനയോടെ മാത്രം ഓര്‍ക്കുന്ന കീമോയെ ഇനി ധൈര്യപൂര്‍വ്വം നേരിടാമല്ലോ. കൂടെ ചക്ക ഉണ്ടല്ലോ വേദനകള്‍ അകറ്റാന്‍.
Post Your Comments