Latest NewsNewsIndia

ഷര്‍ജീല്‍ ഇമാമിനെ പിന്തുണച്ച് മുദ്രാവാക്യം വിളിച്ചവര്‍ക്കെതിരെ മുംബൈ പൊലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തു

മുംബൈ: ജെഎന്‍യു വിദ്യാര്‍ത്ഥിയും ഷഹീന്‍ ബാഗ് പ്രതിഷേധത്തിന്റെ മുന്‍നിരക്കാരനുമായ ഷര്‍ജീല്‍ ഇമാമിനെ പിന്തുണച്ച് മുദ്രാവാക്യം വിളിച്ച 50ലേറെ പേര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി മുംബൈ പൊലീസ് കേസെടുത്തു. പ്രതികള്‍ക്കെതിരെ ശക്തമായ അന്വേഷണമാണ് നടക്കുന്നതെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

പൗരത്വനിയമഭേദഗതിക്കെതിരെ ഷഹീന്‍ ബാഗില്‍ നടക്കുന്ന പ്രതിഷേധത്തിനിടെ രാജ്യദ്രോഹപരമായ മുദ്രാവാക്യം വിളിച്ചുവെന്ന കേസില്‍ അറസ്റ്റിലായ ഷര്‍ജീല്‍ ഇമാമിനെ പിന്തുണച്ച് മുദ്രാവാക്യം വിളിച്ചവര്‍ക്കെതിരെയാണ് മുംബൈ പൊലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തിരിക്കുന്നത്. നേരത്തെ ഷര്‍ജീല്‍ ഇമാമിനെയും രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തത്.

ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സില്‍ എംഎ വിദ്യാര്‍ത്ഥിയായ ഉര്‍വശി ചുഡാവാലയാണ് കേസെടുത്തവരിലൊരാള്‍. പ്രാഥമിക അന്വേഷണത്തിനായി ചോദ്യം ചെയ്യാന്‍ രണ്ട് തവണ ഹാജരാകാന്‍ ആവശ്യപ്പെട്ടെങ്കിലും ഉര്‍വശി എത്തിയില്ലെന്ന് പൊലീസ് വ്യക്തമാക്കി. ഉര്‍വശിയുടെ സോഷ്യല്‍ മീഡിയ ഇടപെടലുകള്‍ പരിശോധിച്ച് വരികയാണെന്നും പൊലീസ് വ്യക്തമാക്കി.

ദേശവിരുദ്ദ മുദ്രാവാക്യങ്ങള്‍ മുഴക്കുന്ന ഷര്‍ജീല്‍ ഇമാമിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെയാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയില്‍ നിന്നും മുറിച്ചു മാറ്റണം എന്നും മറ്റും ആഹ്വാനം ചെയ്തു കൊണ്ട് ഷര്‍ജീല്‍ ഇമാം നടത്തിയ പ്രസംഗമാണ് കേസിന് കാരണമായത്.

ജനുവരി 13 ന് ഷര്‍ജീല്‍ നടത്തിയ പ്രസംഗത്തിലെ പരാമര്‍ശങ്ങളാണ് വിവാദമായത്. ജാമിയ മിലിയയിലും സമാനമായ പ്രസംഗം ഷര്‍ജീല്‍ ഇമാം നടത്തിയിട്ടുണ്ടെന്നും ദില്ലി പൊലീസ് വ്യക്തമാക്കി.വര്‍ഗീയപരമായ വിദ്വേഷം പരത്താനും ഈ പ്രസംഗം കാരണമായെന്നും ഈ പ്രസംഗങ്ങളിലെ പരാമര്‍ശങ്ങള്‍ രാജ്യത്തിന്റെ ഐക്യത്തിന് തന്നെ വെല്ലുവിളിയാവുന്നതാണെന്ന് എഫ്‌ഐആറില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button