വാഷിംഗ്ടണ്‍: കൊറോണ വൈറസിനെക്കുറിച്ചുള്ള തെറ്റായ വിവരങ്ങളുടേയും ദോഷകരമായ പോസ്റ്റുകളുടേയും വ്യാപനം പരിമിതപ്പെടുത്തുവാന്‍ ഫെയ്സ്ബുക്ക് ഒരുങ്ങുന്നു.
ആരോഗ്യ അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുള്ള വൈറസിനെക്കുറിച്ചുള്ള തെറ്റായ വിവരങ്ങളോ അവകാശവാദങ്ങളോ സിദ്ധാന്തങ്ങളോ ഉള്‍പ്പെടുന്ന പോസ്റ്റുകള്‍ നീക്കം ചെയ്യാന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം തയ്യാറെടുക്കുന്നുവെന്ന് ഫെയ്സ്ബുക്കിന്‍റെ ആരോഗ്യ വകുപ്പ് മേധാവി കാംഗ്‌സിംഗ് ജിന്‍ അറിയിച്ചു. വൈദ്യ ചികിത്സ ലഭിക്കുന്നതില്‍ നിന്ന് ജനങ്ങളെ നിരുത്സാഹപ്പെടുത്തുന്ന അല്ലെങ്കില്‍ രോഗശാന്തിയെക്കുറിച്ച് അപകടകരമായ അവകാശവാദങ്ങള്‍ ഉന്നയിക്കുന്ന പോസ്റ്റുകളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് കമ്പനി അറിയിച്ചു.
വ്യാജ പ്രചരണത്തിലൂടെ പ്രശസ്തി നേടാന്‍ ശ്രമിക്കുന്നവരുടെ പോസ്റ്റുകളുടെ വ്യാപനം തടയുക മാത്രമല്ല, അവ പങ്കിടുന്ന ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്യും.
ഫേസ്ബുക്കില്‍ വൈറസിനെക്കുറിച്ചുള്ള വിവരങ്ങള്‍ തിരയുന്ന, അല്ലെങ്കില്‍ ഇന്‍സ്റ്റാഗ്രാമിലെ ചില അനുബന്ധ ഹാഷ്ടാഗുകളില്‍ ക്ലിക്കു ചെയ്യുന്ന ഉപയോക്താക്കള്‍ക്ക് വൈറസിനെക്കുറിച്ച് ആധികാരിക വിവരങ്ങള്‍ നല്‍കുന്ന ഒരു പോപ്പ്അപ്പ് ലഭിക്കും. കൂടാതെ, ലോകാരോഗ്യ സംഘടനയുടെ മാര്‍ഗനിര്‍ദ്ദേശത്തെ അടിസ്ഥാനമാക്കി ഫേസ്ബുക്ക് ഉപയോക്താക്കളുടെ വാര്‍ത്താ ഫീഡുകളില്‍ വൈറസ് പൊട്ടിപ്പുറപ്പെടുന്നതിനെക്കുറിച്ചുള്ള വിവരങ്ങളും പ്രത്യക്ഷപ്പെടും.
ഇന്‍സ്റ്റാഗ്രാമില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കാന്‍ ഉപയോഗിക്കുന്ന ഹാഷ്ടാഗുകള്‍ തടയുകയോ നിയന്ത്രിക്കുകയോ ചെയ്യുമെന്ന് മാത്രമല്ല അതിലെ ഉള്ളടക്കം പരമാവധി കണ്ടെത്താനും നീക്കം ചെയ്യാനും സജീവമായ സ്വീപ്പ് നടത്തുമെന്ന് ജിന്‍ ഒരു പോസ്റ്റില്‍ എഴുതി. ഈ ഘട്ടങ്ങളെല്ലാം പൂര്‍ണ്ണമായും നടപ്പിലായിട്ടില്ല, എന്നാല്‍ ഞങ്ങളുടെ പ്ലാറ്റ്ഫോമുകളിലുടനീളം അവ
പ്രത്യക്ഷപ്പെടാന്‍ കുറച്ച് സമയമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
വൈറസ് പൊട്ടിപ്പുറപ്പെട്ടതിനുശേഷം തെറ്റിദ്ധരിപ്പിക്കുന്ന നിരവധി അവകാശവാദങ്ങളും വൈറസിനെക്കുറിച്ചുള്ള തട്ടിപ്പുകളും ഓണ്‍ലെനില്‍ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. വൈറസ് ഒരു ലാബില്‍ സൃഷ്ടിക്കപ്പെട്ടതാണെന്നും, വാക്സിനുകള്‍ ഇതിനകം തന്നെ നിര്‍മ്മിച്ചിട്ടുണ്ടെന്നും, തെറ്റായ രോഗികളുടെയും മരിച്ചവരുടെയും എണ്ണത്തില്‍ അതിശയോക്തിപരവും വ്യാജ രോഗശാന്തിയെക്കുറിച്ചുള്ള ദോഷകരമായ അവകാശവാദങ്ങളുമാണ് പ്രചരിച്ചുകൊണ്ടിരിക്കുന്നത്.
വെള്ളിയാഴ്ച പുറത്തുവന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ കൊറോണ വൈറസ് ഇപ്പോള്‍ ലോകമെമ്പാടുമുള്ള 9,800 ല്‍ അധികം ആളുകളെ ബാധിച്ചിട്ടുണ്ട്. ഏകദേശം 213 മരണങ്ങള്‍ ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മിക്ക മരണങ്ങളും മധ്യ പ്രവിശ്യയായ ഹുബെയിലാണ്. ജപ്പാന്‍, തായ്‌ലന്‍ഡ്, സിംഗപ്പൂര്‍, തായ്‌വാന്‍, ജര്‍മ്മനി എന്നിവിടങ്ങളില്‍ വെള്ളിയാഴ്ച കേസുകളുടെ എണ്ണം വര്‍ധിച്ചപ്പോള്‍ റഷ്യ, ഇറ്റലി, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളില്‍ ആദ്യത്തെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
യുഎസില്‍ ആദ്യമായി വ്യക്തിയില്‍ നിന്ന് ഒരാള്‍ക്ക് വൈറസ് പകരുന്നത് ചിക്കാഗോയിലാണ്. രാജ്യത്തിന്‍റെ ഏഴാമത്തെ കേസ് തിരിച്ചറിഞ്ഞതിനാല്‍ യു എസ് വെള്ളിയാഴ്ച പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
മറ്റ് ഇന്‍റര്‍നെറ്റ് കമ്പനികള്‍ രോഗത്തെക്കുറിച്ചുള്ള തെറ്റായ വിവരങ്ങളുടെ ഒഴുക്ക് തടയുന്നതിനുള്ള സ്വന്തം ശ്രമങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
കൊറോണ വൈറസിനെക്കുറിച്ചുള്ള വിവരങ്ങള്‍ക്കായി തിരയുന്ന ട്വിറ്റര്‍ ഉപയോക്താക്കള്‍ക്ക് ഇപ്പോള്‍ സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ വെബ്സൈറ്റിലേക്ക് ഒരു ലിങ്ക് നല്‍കിയിട്ടുണ്ട്. അതേസമയം, യൂട്യൂബും ഗൂഗിളും വൈറസിനെക്കുറിച്ചുള്ള ആധികാരിക വിവരങ്ങള്‍ വ്യക്തമായി നല്‍കുന്നുണ്ടെന്ന് പറയുന്നു.
വൈറസിനെക്കുറിച്ചുള്ള വിവരങ്ങള്‍ തിരയുന്ന ഉപയോക്താക്കള്‍ അവരുടെ സ്ക്രീനിന്‍റെ മുകളില്‍ ഒരു ‘എസ്ഒഎസ് അലേര്‍ട്ട്’ കാണുമെന്നും വൈറസിനെക്കുറിച്ച് ലോകാരോഗ്യ സംഘടനയുടെ റഫറന്‍സുകളിലേക്ക് ലിങ്കുകള്‍ നല്‍കുന്നതായും ഗൂഗിള്‍ പ്രഖ്യാപിച്ചു.
മൊയ്തീന്‍ പുത്തന്‍ചിറ
Post Your Comments