തിരുവനന്തപുരം: പൗരത്വ ഭേദഗതിക്കെതിരായ സമരങ്ങളിൽ പങ്കെടുക്കുന്നവര്‍ക്കെതിരെ കേസെടുക്കുന്ന നയമല്ല കേരള സര്‍ക്കാര്‍ പിന്തുടരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യത്തില്‍ സർക്കാരിന്റെ നയത്തില്‍ മാറ്റം വരുത്തേണ്ടതില്ല. നിയമാനുസൃതം പ്രതിഷേധിച്ചവര്‍ക്കെതിരെ കേസെടുത്തിട്ടില്ല.
സി.എ.എക്കെതിരെ പ്രതിഷേധിച്ചവര്‍ക്കെതിരെ കേസെടുക്കുന്നുവെന്ന കോണ്‍ഗ്രസ് എം.എല്‍.എ വി.ടി ബൽറാമിന്റെ ചോദ്യത്തിന് നിയമസഭയില്‍ മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. അതേസമയം, അക്രമ സംഭവങ്ങള്‍ക്കെതിരെ സര്‍ക്കാറിന് കണ്ണടക്കാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
സമരത്തിന്റെ മറവിൽ ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങളോ അക്രമ സ്വഭാവങ്ങളോ ഉണ്ടാവുകയാണെങ്കില്‍ ശക്തമായ നടപടി ഉണ്ടാകും. മഹല്‍ കമ്മറ്റികളുടെ നേതൃത്വത്തില്‍ സമാധാനപരമായ രീതിയില്‍ പ്രതിഷേധങ്ങള്‍ നടത്തിയിട്ടുണ്ട്. എന്നാല്‍ എസ്.ഡി.പി.ഐ പോലുള്ള സംഘടനകള്‍ പ്രതിഷേധത്തിന്റെ റ മറവില്‍ പ്രശ്നം സൃഷ്ടിക്കുന്നു. ഇവര്‍ ജനങ്ങളെ ഭിന്നിപ്പിക്കാനും മതസ്പര്‍ധ വളര്‍ത്താനും ശ്രമിച്ചിട്ടുണ്ട്.
സമരത്തിന്റെ മറവില്‍ അക്രമ സംഭവങ്ങള്‍ നടക്കുകയാണെങ്കില്‍ അത് കൈയ്യുംകെട്ടി നോക്കി നില്‍ക്കാന്‍ കഴിയില്ലെന്നും റോജി.എം ജോണ്‍ എം.എല്‍.എയുടെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. സമാധാപരമായി പ്രക്ഷോഭങ്ങള്‍ നടത്താന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. സി.എ.എക്കെതിരായ പ്രക്ഷോഭങ്ങളെ സര്‍ക്കാറോ മറ്റ് ഏജന്‍സികളോ നിരുത്സാഹപ്പെടുത്തുന്നില്ല. സി.എ.എക്കെതിരായ പ്രക്ഷോഭം കൂടുതല്‍ ശക്തിപ്പെടുത്താനാണ് സര്‍ക്കാര്‍ ആലോചിച്ചത്. രാജ്യം ശ്രദ്ധിക്കുന്ന തരത്തില്‍ ഇടപെടാന്‍ കേരളത്തിന് കഴിഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
Post Your Comments