ന്യൂഡല്‍ഹി: വുഹാനില്‍ നിന്നുള്ള ഇന്ത്യക്കാരുമായി എയര്‍ ഇന്ത്യയുടെ രണ്ടാം വിമാനം പുറപ്പെട്ടു. ഇന്ന് രാവിലെ ഡല്‍ഹില്‍ എത്തുന്ന സംഘത്തെ രണ്ടു കേന്ദ്രങ്ങളിലേക്ക് മാറ്റും. 14 ദിവസത്തെ നിരീക്ഷണത്തിന് ശേഷമേ ഇവരെ നാട്ടിലേക്ക് തിരികെ അയക്കൂ. ഇന്നലെ 42 മലയാളികള്‍ അടക്കം 324 പേരെ തിരികെ എത്തിച്ചിരുന്നു. മനേസറിലെ സൈനിക ക്യാംപിലും കുടുംബങ്ങളെ ഐടിബിപി ക്യാംപിലുമാണ് പാര്‍പ്പിച്ചിരിക്കുന്നത്.
കൊറോണയെ തുടര്‍ന്ന് ചൈനയില്‍ മരണസംഖ്യ മുന്നൂറ് കടന്നു. ചികിത്സയില്‍ ഉള്ളവരുടെ എണ്ണം പതിനാലായിരത്തിലേറെയായി. അമേരിക്കയിലും ജര്‍മനിയിലും യുഎഇയിലും പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ മാത്രം 50ല്‍ ഏറെ മരണങ്ങളുണ്ടായതാണ് റിപ്പോര്‍ട്ട്. സര്‍ക്കാര്‍ പുറത്തുവിടുന്ന കണക്കുകളനുസരിച്ച് മരിച്ചവരുടെ എണ്ണം 300 പിന്നിട്ടു. ചികിത്സയില്‍ ഉള്ളവരുടെ എണ്ണം പന്ത്രണ്ടായിരത്തില്‍ ഏറെയായി. ഇവരില്‍ പലരുടേയും നില മോശമായതിനാല്‍ മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ ചൈനയില്‍ നിന്നുള്ളവര്‍ക്ക് കടുത്ത വിലക്കുകളേര്‍പ്പെടുത്തി കൂടുതല്‍ രാജ്യങ്ങളും രംഗത്തെത്തി. അമേരിക്കക്കും ഓസ്‌ട്രേലിയക്കും പിന്നാലെ ഇസ്രയേലും റഷ്യയും നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു.
എന്നാല്‍ കേരളത്തില്‍ പുതിയ വൈറസ് ബാധിതരില്ലെന്ന് ആരോഗ്യ മന്ത്രി അറിയിച്ചിട്ടുണ്ട്. 1793 പേരാണ് ആകെ സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. തൃശൂര്‍ ജില്ലയില്‍ മാത്രം 155 പേര്‍ നിരീക്ഷണത്തിലാണ്. നിലവില്‍ രോഗ ലക്ഷണങ്ങള്‍ കാണിച്ച 22 പേരെ ആശുപത്രിയില്‍ നിരീക്ഷിണത്തിലാണ്. കൊറോണ വൈറസ് ബാധിച്ചതിനെ തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിയുടെ ആരോഗ്യ നില മെച്ചപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കൊറോണ സ്ഥിരീകരിച്ച പെണ്‍കുട്ടിയുമായി ഇടപഴകിയ കൂടുതല്‍ പേരെയും ഇപ്പോള്‍ നിരീക്ഷിച്ചു വരികയാണ്. ചൈനയില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥിനിയെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. വിദ്യാര്‍ത്ഥിനിയുടെ സ്രവ സാംപിളുകള്‍ പൂണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്കയച്ചിട്ടുണ്ട്.
Post Your Comments