Latest NewsNewsDevotional

വിളിച്ചാൽ വിളിപ്പുറത്തു വരുന്ന കൊല്ലംകോട് ഭഗവതി

തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയില്‍  കേരള അതിര്‍ത്തിയോട്‌ ചേര്‍ന്നുകിടക്കുന്ന പ്രദേശമാണ്‌ കൊല്ലങ്കോട്‌. അവിടെയാണ്‌  സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള കൊല്ലങ്കോട്‌വെങ്കഞ്ഞി – വട്ടവിള ശ്രീ ഭദ്രകാളി  ക്ഷേത്രം. ഒരു ദേശത്ത്‌ ഒരു ദേവിക്ക്‌ രണ്ടു ക്ഷേത്രങ്ങളുള്ള ഒരേ ഒരു സ്ഥലവും  കൊല്ലങ്കോട്‌ മാത്രം. കൊല്ലങ്കോട്‌ ഗ്രാമം, അവിടെ നിന്നാല്‍ തെല്ലകലെയുള്ള  അറബിക്കടലിന്റെ രൗദ്രസംഗീതം കേള്‍ക്കാം. കലിംഗരാജപുരം എന്നാണ്‌ ചരിത്രപ്രസിദ്ധമായ ഈ  സ്ഥലം അറിയപ്പെട്ടിരുന്നത്‌.കലിംഗയുദ്ധത്തില്‍ പങ്കെടുത്തശേഷം കലിംഗ  സാമ്രാജ്യത്തില്‍ നിന്നും എത്തിയവര്‍ ഇവിടെ സ്ഥിരതാമസമാക്കിയെന്നും അവരുടെ  ആരാധനാമൂര്‍ത്തിയായിരുന്നു കൊല്ലങ്കോട്ടമ്മയെന്നും ഐതിഹ്യം.

കൊല്ലങ്കോട്ടെ  ദേവിക്ക്‌ രണ്ടു ക്ഷേത്രങ്ങള്‍. കൊല്ലങ്കോട്ട്‌ വട്ടവിളയിലുള്ളത്‌ മൂലക്ഷേത്രവും  വെങ്കഞ്ഞിയിലുള്ളത്‌ ഉത്സവക്ഷേത്രവുമാണ്‌. ഉത്സവകാലത്തല്ലാതെ ദേവിയെ  ആരാധിക്കുന്നത്‌ മൂലക്ഷേത്രത്തിലാണ്‌. ബൃഹത്തായ ഗോപുരം. വടക്കും കിഴക്കും  വാതിലുകള്‍. കിഴക്കേനടയിലൂടെ പ്രവേശിക്കുമ്പോള്‍ പാര്‍ശ്വവീക്ഷണവും വടക്കേനടയിലൂടെ  പ്രവേശിക്കുമ്പോള്‍ ഭദ്ര-രുദ്ര ദേവിമാരുടെ അഭിമുഖദര്‍ശനഭാഗ്യവും സിദ്ധിക്കുന്നു.  ശ്രീകോവിലിന്റെ പ്രധാനകവാടങ്ങള്‍ക്കു ചുറ്റും പിച്ചളകൊണ്ട്‌ കെട്ടി  മനോഹരമാക്കിയിരിക്കുന്നു. രണ്ടു ദാരു ശില്‍പങ്ങളാണ്‌ പ്രതിഷ്ഠ- അര്‍ദ്ധവൃത്താകാരമായ  മുടികള്‍. ദേവിക്ക്‌ ശ്രീഭദ്രകാളിയുടെ രണ്ടു ഭാവങ്ങള്‍-ശാന്തവും രൗദ്രവും.  വടക്കോട്ട്‌ ദര്‍ശനമരുളുന്നു. ഉപദേവതമാരായി കന്നിമൂലയില്‍ ഗണപതിയും തൊട്ടടുത്തായി  നാഗരും ക്ഷേത്രത്തിന്റെ കിഴക്കുവടക്കുഭാഗത്തായി ശിവനും തെക്കു കിഴക്ക്‌  ബ്രഹ്മരക്ഷസ്സുമുണ്ട്‌.

മൂലക്ഷേത്രത്തില്‍ നിന്നും ഒന്നര കി.മീ.കിഴക്കോട്ട്‌  കണ്ണനാകം ജംഗഷന്‍ കഴിഞ്ഞാല്‍ റോഡിന്റെ ഇടതുവശത്തായി വെങ്കഞ്ഞി ക്ഷേത്രം. ഗണപതിക്കും  മാടന്‍ തമ്പുരാനും പ്രത്യേക ക്ഷേത്രങ്ങളുണ്ട്‌. ശ്രീകോവിലിന്‌ വലതുഭാഗത്ത്‌  വൃത്താകൃതിയില്‍ കെട്ടിയ പ്ലാറ്റ്ഫോം കാണാം. പച്ചപന്തല്‍ കെട്ടി ദേവിയെ  കുടിയിരുത്താനുള്ള ദിവ്യസ്ഥാനമാണത്‌. തൂക്കം നടക്കുന്ന ഇവിടെ തൂക്കവില്ലു  സൂക്ഷിച്ചിരിക്കുന്ന മന്ദിരമുണ്ട്‌.

പണ്ട്‌ കൊടുങ്ങല്ലൂരില്‍ നിന്നും  കന്യാകുമാരിയിലേയ്ക്ക്‌ യാത്ര തിരിച്ച ഒരു ബ്രഹ്മണന്‍ യാത്രാമദ്ധ്യ കൊല്ലങ്കോട്ടെ  പുറക്കാല്‍ വീട്ടില്‍ വിശ്രമിച്ചു. കന്യാകുമാരി ദേവീ ദര്‍ശനം കഴിഞ്ഞുവന്ന അയാള്‍  പൂജിച്ചിരുന്ന സാളഗ്രാം ആ വീട്ടിലെ കിണറ്റില്‍ നിക്ഷേപിച്ചശേഷം യാത്രയാവുകയും  ചെയ്തു. വളരെ കാലങ്ങള്‍ക്കുശേഷം ഒരുദിവസം ഈ വീട്ടിലെ കിണറ്റില്‍ നിന്നും  വെള്ളംകോരിയ കൊല്ലത്തിയുടെ പാളയില്‍ നിന്നും ഒരു അടയ്ക്ക കിട്ടി. ആ പാക്ക്‌  മുറിച്ചപ്പോള്‍ രക്തമൊഴുകാന്‍ തുടങ്ങി. അതുകണ്ട അവള്‍ നിലവിളിച്ചു. ഓടിക്കൂടിയവര്‍  വേദപ്രശ്നം നടത്തിയപ്പോള്‍ അവിടെ ഭദ്രകാളി സാന്നിധ്യം വെളിപ്പെട്ടു.

അങ്ങനെ  വട്ടവിളയില്‍ ആദ്യത്തെ മുടിപ്പുരയുണ്ടായി.ആ കൊല്ലത്തിയുടെ  വംശപരമ്പരയില്‍പ്പെട്ടവരാണ്‌ ഇന്നും പൂജ നടത്തിവരുന്നത്‌. ഞായര്‍, ചൊവ്വ, വെള്ളി  ദിവസങ്ങളില്‍ മാത്രമായിരുന്നു ആദ്യകാലത്തെ പൂജ. പിന്നീട്‌ എല്ലാം പൂജാദിവസങ്ങളായി.  നിത്യപൂജയ്ക്ക്‌ വിശ്വകര്‍മ്മജരും, ഭരണിപൂജയ്ക്ക്‌ ബ്രാഹ്മണരുമുണ്ട്‌.  ഉദയാസ്തമനപൂജ, നിലവിളക്കു പൂജ, ഭരണിപൂജ തുടങ്ങിയ വിശേഷങ്ങളുണ്ട്‌. എല്ലാം മാസവും  ഭരണി ആഘോഷിച്ചുവരുന്നു. മാസത്തില്‍ ഒടുവിലെ വെള്ളിയാഴ്ച അന്നദാനമുണ്ട്‌. അത്‌  കഞ്ഞിവീഴ്ത്താണ്‌. ഔഷധംപോലെയാണ്‌ ഭക്തജനങ്ങള്‍ കഞ്ഞിപ്രസാദത്തെ കണക്കാക്കുന്നത്‌.  അപ്പം, അരവണ, മലര്‍,പൊരി എന്നിവ കൂടാതെ ആള്‍രൂപങ്ങളും സമര്‍പ്പിച്ചുവരുന്നു.  തുലാഭാരവും നടക്കുന്നു. താലപ്പൊലിയും കുത്തിയോട്ടവും പിടിപ്പണവും മറ്റു  നേര്‍ച്ചകളാണ്‌. ചെറിയ കുട്ടികളെകൊണ്ടു ചെയ്യിക്കുന്ന നേര്‍ച്ചയാണ്‌ പിടിപ്പണം  വാരല്‍. ക്ഷേത്രത്തില്‍ കുട്ടികളെ വ്രതശുദ്ധിയോടെ കൊണ്ടുവന്ന്‌ താലത്തില്‍ നിന്നും  വെള്ളിനാണയങ്ങള്‍ കുഞ്ഞിളം കൈകൊണ്ട്‌ വാരി ദേവിക്കു സമര്‍പ്പിക്കുന്ന  നേര്‍ച്ചയാണിത്‌. കുഞ്ഞുങ്ങളുടെ ആയൂരാരോഗ്യ സുഖത്തിനായാണ്‌ ഈ നേര്‍ച്ച. മേടവിഷുവും  പത്താമുദയവും മൂലക്ഷേത്രത്തില്‍ ആഘോഷിക്കുന്നു. പത്താമുദയത്തിന്‌  മഹാപൊങ്കാല.

ക്ഷേത്രത്തിലെ പ്രധാന ഉത്സവമാണ്‌ പിള്ളതൂക്കം. മീനഭരണി നാളിലാണ്‌  ചരിത്രപ്രസിദ്ധമായ ചടങ്ങ്‌. പിള്ളതൂക്കം ആദ്യമായി ആരംഭിക്കുന്നത്‌ ഈ  ക്ഷേത്രത്തിലാണ്‌. സന്താനലബ്ധിക്കും സന്താനങ്ങളുടെ ഐശ്വര്യത്തിനും വേണ്ടി  നടത്തുന്നതാണ്‌ ഈ നേര്‍ച്ച. തൂക്കക്കാരന്‌ പത്തുദിവസത്തെ വൃതം. ഇതില്‍ ഏഴുദിവസം  ക്ഷേത്രത്തില്‍ തന്നെ കഴിയണം.പച്ചയും ചുവപ്പും നിറത്തിലുള്ള പട്ടാണ്‌ വേഷം.  രാവിലെയും വൈകിട്ടും നമസ്ക്കാരമുണ്ട്‌. ഒരു വയസ്സിന്‌ താഴെയുള്ള കുഞ്ഞുങ്ങളെയാണ്‌  തൂക്കുന്നത്‌. ഇരട്ടവില്ലുകളാണിവിടെ ഉപയോഗിക്കുക. ഈ വില്ലുകളെ തടികൊണ്ടുള്ള  രഥത്തില്‍ ഘടിപ്പിക്കുന്നു. തൂക്കകാരന്റെ കൈയില്‍ നേര്‍ച്ച തൂക്കത്തിനുള്ള  കുഞ്ഞുങ്ങളെ ഏല്‍പ്പിക്കുന്നു. കുഞ്ഞുങ്ങളെയും കൊണ്ട്‌ തൂക്കക്കാരന്‍ ക്ഷേത്രത്തിനു  ചുറ്റും നാല്‍പ്പതടി പൊക്കത്തില്‍ പ്രദക്ഷിണം വയ്ക്കും. ഇതാണ്‌ പിള്ളതൂക്കം.  എട്ടുപേരാണ്‌ ഒരു പ്രാവശ്യം ക്ഷേത്രത്തിന്‌ വലം വയ്ക്കുന്നത്‌. ആദ്യത്തെ തൂക്കം  ദേവിക്കുള്ളതാണ്‌. അതില്‍ കുട്ടികള്‍ ഉണ്ടാകില്ല. ജാതിഭേദമന്യെ  എല്ലാവിഭാഗത്തില്‍പ്പെട്ടവരും നേര്‍ച്ചതൂക്കത്തിനെത്തും. തൂക്കത്തിനായി  മൂലക്ഷേത്രത്തില്‍ നിന്നും ഭക്തിനിര്‍ഭരമായ എഴുന്നെള്ളത്തുണ്ടാകും. രാവിലെ  ആറുമണിക്ക്‌ തൂക്കം സമാരംഭിക്കും. അത്‌ പിറ്റേദിവസം വരെ നീളും.

പന്ത്രണ്ടു  വര്‍ഷത്തിലൊരിക്കല്‍ ഈ ക്ഷേത്രത്തില്‍ നടക്കാറുള്ള മറ്റൊരു പ്രധാന ഉത്സവമാണ്‌  പര്‍ണേറ്റ്‌. പണ്ട്‌ ആറ്‌ വര്‍ഷത്തിലൊരിക്കലായിരുന്നു. വട്ടവിള ഭദ്രകാളി  ക്ഷേത്രത്തിനടുത്തുള്ള പാടത്താണ്‌ പര്‍ണേറ്റ്‌ നടന്നുവരുന്നത്‌. ഈ ക്ഷേത്രത്തില്‍  ഉത്സവപിരിവ്‌ നടത്താറില്ല.

രചന – പെരിനാട്‌ സദാനന്ദന്‍പിള്ള

shortlink

Related Articles

Post Your Comments

Related Articles


Back to top button