Latest NewsKeralaIndia

പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച്‌ നടത്തിയ റാലിക്ക് നേരെ കല്ലേറ്; ആറു പേര്‍ കസ്റ്റഡിയില്‍

ആക്രമണത്തില്‍ ഒരു സ്ത്രീയടക്കം രണ്ട് പ്രകടനക്കാര്‍ക്കും നിരവധി പൊലിസുകാര്‍ക്കും പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് ആറുപേരെ പോലിസ് കസ്റ്റഡിയിലെടുത്തു.

കൊല്ലം: പൗരത്വ നിയമ ഭേദഗതി അനുകൂലിച്ച്‌ നടത്തിയ ദേശരക്ഷാ സംഗമത്തിന് നേരെ കല്ലേറ്. കൊല്ലം ചന്ദനത്തോപ്പില്‍ പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച്‌ സംഘപരിവാര്‍ സംഘടനകള്‍ സംഘടിപ്പിച്ച റാലിക്കു നേരേയാണ് കല്ലേറ് ഉണ്ടായത്. ആക്രമണത്തില്‍ ഒരു സ്ത്രീയടക്കം രണ്ട് പ്രകടനക്കാര്‍ക്കും നിരവധി പൊലിസുകാര്‍ക്കും പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് ആറുപേരെ പോലിസ് കസ്റ്റഡിയിലെടുത്തു.

മേക്കോണ്‍, ചാത്തിനാംകുളം സ്വദേശികളായ മുഹമ്മദ് ഷാന്‍, സുധീര്‍, റാഫി നൗഫല്‍ എന്നിവരുള്‍പ്പെടെയുള്ളവരാണ് പൊലീസിന്റെ പിടിയിലായത്.പ്രകടനം ആരംഭിച്ചതോടെ വശങ്ങളില്‍ നിന്നും കൂക്കിവിളിയുണ്ടായി. തുടര്‍ന്ന് ചിലര്‍ പൊലീസ് വലയം ഭേദിച്ച്‌ പ്രകടനത്തിനിടയിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചു. പൊലീസ് തടഞ്ഞതോടെ പിന്നിലേക്ക് ഓടിയ ഇവര്‍ കല്ലേറ് ആരംഭിച്ചു. തുടര്‍ന്ന് പൊലീസ് ലാത്തിവീശുകയായിരുന്നു. പ്രകടനത്തില്‍ പങ്കെടുത്ത ഇടവട്ടം സ്വദേശി ദിനേശ്, വെള്ളിമണ്‍ ചിറക്കോണം സ്വദേശി സരിത എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ഇരുവരെയും പെരുമ്പുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും തലയ്ക്ക് സാരമായ പരിക്കുള്ളതിനാല്‍ ദിനേശിനെ കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി.ചന്ദനത്തോപ്പില്‍നിന്ന് കേരളപുരം വരെ പ്രകടനം കടന്നുപോകുന്ന ദൂരമത്രയും പൊലീസ് ശക്തമായ പ്രതിരോധം തീര്‍ത്തിരുന്നു. സംഘപരിവാര്‍ സംഘടനകള്‍ പ്രകടനം നടത്തുമെന്നറിഞ്ഞ് ചന്ദനത്തോപ്പില്‍ കുറേപ്പേര്‍ സംഘടിച്ചെത്തി കടകളും അടപ്പിച്ചിരുന്നു.പൊലീസ് ലാത്തിവീശി ഓടിച്ചവര്‍ പ്രകടനം കടന്നുപോയതോടെ വീണ്ടും സംഘടിച്ചെത്തി ദേശീയപാത ഉപരോധിച്ചു.

ഉപരോധിച്ചവര്‍ക്കു നേരേ പൊലീസ് വീണ്ടും ലാത്തിവീശി. കല്ലേറില്‍ പരിക്കേറ്റ പൊലീസുകാരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കേരളപുരം ജംഗ്ഷനില്‍ നടന്ന പ്രതിഷേധസമ്മേളനം സമാധാനപരമായിരുന്നു.ചന്ദനത്തോപ്പ് ജംഗ്ഷനില്‍ വൈകിട്ട് 5.30-ഓടെയാണ് പ്രശ്നങ്ങള്‍ ആരംഭിച്ചത്. പൗരത്വ നിയമ ഭേദഗതി അനുകൂല പ്രകടനത്തിനു നേരേ അക്രമമുണ്ടാവുമെന്ന് വിവരം ലഭിച്ച പൊലിസ് വലിയ സംഘത്തെ സ്ഥലത്ത് വിന്യസിച്ചിരുന്നു. കൊല്ലം റിസര്‍വ് ക്യാമ്ബില്‍നിന്നും കിളികൊല്ലൂര്‍, കുണ്ടറ, കിഴക്കേ കല്ലട പൊലിസ് സ്റ്റേഷനുകളില്‍ നിന്നും നൂറുകണക്കിന് പൊലിസുകാരാണ് ചന്ദനത്തോപ്പിലെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button