Latest NewsKeralaNews

കേന്ദ്രബജറ്റ്‌ സംസ്ഥാനത്തോടുള്ള യുദ്ധപ്രഖ്യാപനമാണെന്ന്‌ എല്‍.ഡി.എഫ്‌

തിരുവനന്തപുരം•കേരളത്തെ പാടെ അവഗണിച്ച കേന്ദ്രബജറ്റ്‌ സംസ്ഥാനത്തോടുള്ള യുദ്ധപ്രഖ്യാപനമാണെന്ന്‌ എല്‍.ഡി.എഫ്‌ കണ്‍വീനര്‍ എ.വിജയരാഘവന്‍ പ്രസ്‌താവനയില്‍ പറഞ്ഞു.

കാര്‍ഷിക, സേവന മേഖലകളെ പൂര്‍ണ്ണമായും തഴഞ്ഞിരിക്കുകയാണ്‌. കേരളത്തിന്റെ പുരോഗതിക്ക്‌ സഹായകമായ ഒരു നിര്‍ദേശവും കേന്ദ്ര ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. തൊഴിലില്ലായ്‌മ പരിഹരിക്കുന്നതിനും പൊതുമേഖലയെ സംരക്ഷിക്കുന്നതിനുള്ള പദ്ധതികളും പ്രഖ്യാപിച്ചിട്ടില്ല.

കേരളത്തിനുള്ള നികുതി വിഹിതം വന്‍തോതില്‍ കുറച്ചത്‌ രാഷ്ട്രീയ പകപോക്കലാണ്‌. സാമൂഹ്യക്ഷേമ പദ്ധതികള്‍ക്ക്‌ ഒരു പരിഗണനയും നല്‍കാന്‍ കേന്ദ്ര ധനമന്ത്രി തയ്യാറായിട്ടില്ല. ദുര്‍ബല ജനവിഭാഗങ്ങളോടുള്ള ബി.ജെ.പി സര്‍ക്കാരിന്റെ അവജ്ഞയും സമ്പന്നരോടുള്ള വിധേയത്വവുമാണ്‌ ബജറ്റിന്റെ മുഖമുദ്ര. തൊഴിലുറപ്പ്‌ പദ്ധതിയെ കുറിച്ച്‌ മിണ്ടിയിട്ടേയില്ല. ശബരി റെയില്‍പാത, അതിവേഗ റെയില്‍ പദ്ധതി എന്നിവയെല്ലാം കണ്ടില്ലെന്ന്‌ നടിച്ചിരിക്കുകയാണ്‌.

പ്രളയ ദുരിതാശ്വാസം അനുവദിക്കുന്നതില്‍ കേരളത്തോട്‌ കാണിച്ച അനീതി കേന്ദ്രബജറ്റിലും ആവര്‍ത്തിച്ചിരിക്കുകയാണ്‌. കാര്‍ഷിക, സേവന, ടൂറിസം മേഖലകളുടെ പുരോഗതിക്കുള്ള നിര്‍ദേശവും ബജറ്റിലില്ല.

ഇതുവരെ ഒരു കേന്ദ്ര സര്‍ക്കാരും കേരളത്തോട്‌ ഇത്രയും കടുത്ത അനീതി കാണിച്ചിട്ടില്ല. ഇതിനെതിരെ വന്‍ പ്രതിഷേധം ഉയര്‍ത്താന്‍ എല്‍.ഡി.എഫ്‌ പ്രവര്‍ത്തകര്‍ തയ്യാറാകണമെന്ന്‌ എ.വിജയരാഘവന്‍ പ്രസ്‌താവനയില്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button