ന്യൂഡല്‍ഹി : ഇന്ത്യയുടെ അടുത്ത കാലം വരെ ഏകദിന, ട്വന്റി20 ടീമില്‍ സ്ഥിരസാന്നിധ്യമായിരുന്ന പന്തിന് ഒന്ന് ഇരുട്ടിവെളുത്തപ്പോഴേക്കുമാണ് ടീമിലെ സ്ഥാനം നഷ്ടമായത്. ഇപ്പോള്‍ താരത്തെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം കൂടിയായ വീരേന്ദര്‍ സേവാഗ്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവിയെന്ന് വാഴ്ത്തിയശേഷം ഒരു താരത്തെ ഇതുപോലെ തഴയുന്ന രീതി ശരിയല്ലെന്നും സേവാഗ് വിമര്‍ശിച്ചു.
പന്ത് മാച്ച് വിന്നറാണെന്ന് അടിക്കടി ആവര്‍ത്തിക്കുന്ന ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് പിന്നെ എന്തിനാണ് താരത്തെ സ്ഥിരമായി ബെഞ്ചിലിരുത്തുന്നതെന്നും സ്ഥിരതയില്ല എന്നതാണോ കാരണമെന്നും സെവാഗ് ചോദിച്ചു. ഇപ്പോള്‍ ഋഷഭ് പന്ത് ടീമിനു പുറത്താണ്. എങ്ങനെയാണ് അദ്ദേഹത്തിന് റണ്‍സ് നേടാനാകുക? സാക്ഷാല്‍ സച്ചിന്‍ തെന്‍ഡുല്‍ക്കറെത്തന്നെ നിങ്ങള്‍ ബെഞ്ചിലിരുത്തിയാലും അദ്ദേഹത്തിന് റണ്‍സ് സ്‌കോര്‍ ചെയ്യാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ഞങ്ങളൊക്കെ സജീവ ക്രിക്കറ്റിലുണ്ടായിരുന്ന സമയത്ത് ഒരു താരത്തിന് ഇങ്ങനെ സംഭവിച്ചാല്‍ ക്യാപ്റ്റന്‍ നേരിട്ടുപോയി സംസാരിക്കുന്ന പതിവുണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ ടീമില്‍ വിരാട് കോഹ്ലിക്ക് അങ്ങനെയൊരു പതിവുണ്ടോ എന്ന് എനിക്കറിയില്ല. അന്ന് എം.എസ്. ധോണി ടീമിലെ ടോപ്പ് ഓര്‍ഡറിലെ മൂന്നു ബാറ്റ്‌സ്മാന്‍മാരായ സേവാഗ്, സച്ചിന്‍, ഗംഭീര്‍ എന്നിവര്‍ ഫീല്‍ഡിങ്ങില്‍ വേഗതയില്ലാത്തവരാണെന്ന് പറഞ്ഞപ്പോള്‍ അതിനു മുന്‍പ് ഞങ്ങളോട് അക്കാര്യത്തെക്കുറിച്ച് സംസാരിച്ചിരുന്നുപോലുമില്ലെന്നും മാധ്യമങ്ങളില്‍നിന്നാണ് ഞങ്ങളും ഇക്കാര്യമറിഞ്ഞത്. വാര്‍ത്താ സമ്മേളനത്തില്‍ ഇങ്ങനെയൊരു കാര്യം പറഞ്ഞ ധോണി ഞങ്ങള്‍ പങ്കെടുക്കുന്ന ടീം മീറ്റിങ്ങുകളില്‍ അങ്ങനെയൊരു കാര്യം പറഞ്ഞിട്ടേയില്ലെന്നും സെവാഗ് പറഞ്ഞു.
Post Your Comments