തിരുവനന്തപുരം: കൊറോണ വൈറസ് , സംസ്ഥാനത്ത് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ കേസ് . മൂന്ന് പേര്‍ക്ക് എതിരെയാണ് കേസ് എടുക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. അതേസമയം, കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കേരളത്തില്‍ 1471 പേര്‍ നിരീക്ഷണത്തിലാണ്. ഇന്ന് 418 പേര്‍ക്കാണ് നിരീക്ഷണം ഏര്‍പ്പെടുത്തിയത്. 50 പേര്‍ ആശുപത്രിയിലാണ് നിരീക്ഷണത്തിലുള്ളത്. ഇന്ന് 36 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Read Also : വൈറസ് ബാധിതമേഖലയില്‍ നിന്ന് എത്തിയവര്‍ പൊതുചടങ്ങുകളില്‍ പങ്കെടുക്കരുതെന്ന് നിർദേശം
കോഴിക്കോട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ നിരീക്ഷണത്തിലുള്ളത്. 214 പേര്‍. മലപ്പുറത്ത് 205 പേരും എറണാകുളത്ത് 195 പേരും വീടുകളില്‍ നിരീക്ഷണത്തിലുണ്ട്. കൊറോണ സ്ഥിരീകരിച്ച തൃശൂരില്‍ 125 പേരാണ് നിരീക്ഷണത്തിലുള്ളത്.
സംസ്ഥാനത്ത് പുതിയതായി ആര്‍ക്കും കൊറോണ വൈറസ് ബാധയില്ലെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ അറിയിച്ചു. പരിശോധനയ്ക്കയച്ച് തിരികെ ലഭിച്ച സാംപിളുകളില്‍ 18എണ്ണത്തില്‍ 17ഉം നെഗറ്റീവാണെന്നും അവര്‍ വ്യക്തമാക്കി. വിമാനത്താവളങ്ങളില്‍ ഹെല്‍പ്പ് ഡെസ്‌കുകള്‍ സജ്ജീകരിച്ചതായും എല്ലാ പ്രതിരോധ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
വൈറസ് സംബന്ധിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ പൊലീസ് സ്വീകരിക്കുന്നുണ്ട്. ഇത്തരത്തില്‍ വിവരങ്ങള്‍ പ്രചരിപ്പിച്ച മൂന്ന് പേരെ കണ്ടെത്തിയിട്ടുണ്ട്. അവര്‍ക്കെതിരെ സൈബര്‍ സെല്‍ കര്‍ശനമായ നടപടികളിലേക്ക് പോകുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Post Your Comments