ന്യൂഡല്‍ഹി: വിമാന കമ്പനികള്‍ വിലക്കിയ യാത്രക്കാരെ ട്രെയിനിലും വിലക്കാന്‍ റെയില്‍വേ നീക്കം. റെയില്‍വേയിലെ ഉന്നത ഉദ്യോഗസ്ഥരാണ് ഇക്കാര്യം അറിയിച്ചത്.
വിമാനകമ്പനികളെ മാതൃകയാക്കി റെയില്‍വേയും വിലക്കേര്‍പ്പെടുത്തിയ യാത്രക്കാരുടെ പട്ടിക തയാറാക്കാനാണ് നീക്കം. ഇത്തരം യാത്രക്കാര്‍ക്ക് പിന്നീട് കുറച്ച് മാസക്കാലത്തേക്ക് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കില്ല. പരമാവധി ആറ് മാസം വരെയായിരിക്കും റെയില്‍വേ യാത്രക്കാരെ വിലക്കുക. സഹയാത്രികര്‍ക്ക് ഭീഷണിയാകുമെന്നതിനാല്‍ വിമാനകമ്പികള്‍ വിലക്കിയ യാത്രക്കാരെ നിശ്ചിതകാലത്തേക്ക് റെയില്‍വേയും വിലക്കുന്നത് പരിശോധിക്കുകയാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
റിപബ്ലിക് ടി.വി മേധാവി അര്‍ണബ് ഗോസ്വാമിെയ കളിയാക്കിയതിനെ തുടര്‍ന്ന് സ്റ്റാന്‍ഡ് അപ് കോമേഡിയന്‍ കുനാല്‍ കംറയെ ഇന്‍ഡിഗോ, സ്‌പൈസ്‌ജെറ്റ്, എയര്‍ ഇന്ത്യ, ഗോ എയര്‍ എന്നീ വിമാന കമ്ബനികള്‍ കഴിഞ്ഞ ദിവസം വിലക്കിയിരുന്നു.
ചൊവ്വാഴ്ച ഇന്‍ഡിഗോയുടെ മുംബൈ-ലഖ്‌നൗ വിമാനത്തിലാണ് അര്‍ണബിനെ കാംറ പരിഹസിച്ചത്. ‘അര്‍ണബ് നിങ്ങളൊരു ഭീരുവാണോ അതോ മാധ്യമപ്രവര്‍ത്തകനോ’ എന്നു ചോദിക്കുന്ന വീഡിയോ കാംറതന്നെ ട്വിറ്ററിലിട്ടു. അര്‍ണബ് സാധാരണ ടെലിവിഷന്‍ പരിപാടിയില്‍ അവതരിപ്പിക്കുന്ന അതേ പ്രയോഗങ്ങളുപയോഗിച്ചായിരുന്നു പരിഹാസം. ഇതേത്തുടര്‍ന്ന് ഇന്‍ഡിഗോ ചൊവ്വാഴ്ചതന്നെ കാംറയ്ക്ക് ആറുമാസത്തെ യാത്രവിലക്ക് ഏര്‍പ്പെടുത്തിയത്.
Post Your Comments