എറണാകുളം: തൃപ്പൂണിത്തുറയ്ക്ക് സമീപം നടക്കാവ് ക്ഷേത്രത്തില്‍ ഉത്സവത്തോടനുബന്ധിച്ച് നടത്തിയ വെടിക്കെട്ടിനിടെ ഉണ്ടായ അപകടത്തില്‍ 17 പേര്‍ക്ക് പരിക്ക്. വെടിക്കെട്ടിനിടെ പടക്കങ്ങളില് ഒന്ന് ആളുകള്‍ക്കിടയിലേക്ക് വീഴുകയായിരുന്നു.ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്. ബുധനാഴ്ച രാത്രി 8.30നാണ് അപകടം. ദീപാരാധനയോടനുബന്ധിച്ച് നടന്ന കരിമരുന്ന് പ്രയോഗത്തിനിടെ ഉയര്‍ന്ന് പൊട്ടേണ്ട അമിട്ട് ചരിഞ്ഞ് ആളുകള്‍ക്കിടയിലേക്ക് പതിക്കുകയായിരുന്നു.
ഉദയംപേരൂര്‍ നടിച്ചിറ വീട്ടില്‍ വിമലയുടെ (58, റിട്ട. അങ്കണവാടി അദ്ധ്യാപിക) രണ്ടു കാലുകള്‍ക്കും ഗുരുതര പൊള്ളലേറ്റു.വിമലയുടെ കാലിന് സമീപം വന്നുവീണാണ് അമിട്ട് പൊട്ടിയത്. വിമലയെ തൃപ്പൂണിത്തുറ ആശുപത്രിയിലും തുടര്‍ന്ന് എറണാകുളം സ്പെഷ്യലിസ്റ്റ്‌സ് ആശുപത്രിയിലേക്കും മാറ്റി. പരുക്കേറ്റ 17 പേരെ കളമശേരി മെഡിക്കല്‍ കോളജ്, തൃപ്പൂണിത്തുറ വികെഎം ആശുപത്രി എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചതായി വിവരങ്ങള്‍ ലഭിക്കുന്നത്. മറ്റു രണ്ടു പേരെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കി വിട്ടയച്ചു.
താലപ്പൊലി ആഘോഷത്തിന്റെ ഭാഗമായി നടന്ന വെടിക്കെട്ടിനിടെ ആയിരുന്നു അപകടം. വെടിക്കെട്ടിന്റെ അവസാനം കൂട്ടപ്പൊരിച്ചിലിനിടെ ഒരു അമിട്ട് ചരിഞ്ഞു ആളുകള്‍ നില്‍ക്കുന്ന സ്ഥലത്തേക്ക് എത്തിയതാണ് അപകടത്തിനു കാരണം.വെടിക്കെട്ടു നടത്തുന്നതിനായി പൊലീസ് അനുമതി നല്‍കിയിരുന്നില്ല. തുടര്‍ന്ന് ഹൈക്കോടതിയെ സമീപിച്ച ശേഷമായിരുന്നു അനുമതി നേടിയതെന്നും സൂചന ലഭിക്കുന്നുണ്ട്.നിലവില്‍ സ്ഥിതിഗതികള്‍ ശാന്തമായതായി അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് പൊലീസും ദേവസ്വം അധികൃതരും. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
Post Your Comments