ദില്ലി: മാധ്യമപ്രവര്‍ത്തനത്തിന് തന്നെ കളങ്കമായാണ് താന്‍ അര്‍ണബ് ഗോസ്വാമിയെ കാണുന്നതെന്ന് മുന്‍ സുപ്രീം കോടതി ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു. വിമാനയാത്രക്കിടെ അര്‍ണബ് ഗോസ്വാമിയെ ചോദ്യം ചെയ്ത ഹാസ്യ കലാകാരന്‍ കുനാല്‍ കമ്രക്ക് പിന്തുണയുമായി രംഗത്തെത്തിയതായിരുന്നു കട്ജു. താനുമൊന്നിച്ചാണ് അര്‍ണബിന് യാത്ര ചെയ്യേണ്ടി വന്നിരുന്നതെങ്കില്‍ ഇതിലും രൂക്ഷമായ ചോദ്യങ്ങള്‍ നേരിടേണ്ടി വരുമായിരുന്നു എന്നും തനിക്ക് യാത്രാവിലക്ക് പ്രഖ്യാപിക്കാന്‍ ഏത് വിമാന സര്‍വ്വീസിനാണ് ധൈര്യമുള്ളതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
കഴിഞ്ഞ ദിവസമാണ് അര്‍ണബ് ഗോസ്വാമിക്കൊപ്പം വിമാനത്തില്‍ യാത്ര ചെയ്ത ഹാസ്യകലാകാരന്‍ കുനാല്‍ അദ്ദേഹത്തോട് നിങ്ങള്‍ ഒരു ഭീരുവാണോ, മാധ്യമപ്രവര്‍ത്തകനാണോ, ദേശീയവാദിയാണോ എന്നത് പ്രേക്ഷകര്‍ക്ക് അറിയണമെന്നായിരുന്നു എന്ന് ചോദിച്ചത്. വീഡിയോ പകര്‍ത്തി കൊണ്ടായിരുന്നു അദ്ദേഹം ചോദ്യങ്ങള്‍ ചോദിച്ചത്. രോഹിതിന്റെ അമ്മയ്ക്കു വേണ്ടിയാണ് താനിത് ചെയ്യുന്നതെന്ന് വ്യക്തമാക്കിയായിരുന്നു കുനാല്‍ അര്‍ണബിനെ ചോദ്യം ചെയ്തത്. എന്നാല്‍ അര്‍ണബ് തന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നില്ലെന്നും അര്‍ണബ് ഭീരുവെന്നും കുനാല്‍ വീഡിയോയില്‍ പറഞ്ഞിരുന്നു.
പിന്നീട് വിമാനകമ്പനിയായ ഇന്‍ഡിഗോ കുനാല്‍ കമ്രയ്ക്ക് ആറ് മാസത്തേക്ക് യാത്രാ വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ, എയര്‍ ഇന്ത്യ, സ്‌പൈസ്‌ജെറ്റ്, ഗോ എയര്‍, എന്നീ വിമാനക്കമ്പനികളും അദ്ദേഹത്തിന് യാത്രാ വിലക്കേര്‍പ്പെടുത്തിയിരുന്നു.
Post Your Comments