കൊച്ചി: ഷെയ്ൻ നിഗം വിഷയത്തിൽ താരസംഘടന അമ്മയും നിർമ്മാതാക്കളുടെ സംഘടനയും ഇടയുന്നു. നഷ്ടപരിഹാരം എന്ന ആവശ്യത്തിൽ നിർമ്മാതാക്കൾ ഉറച്ചു നിന്നാൽ അമ്മയും കടുത്ത നിലപാടിലേക്ക് നീങ്ങും. പുതിയ സിനിമകൾക്ക് കരാർ വയ്ക്കാതെ നിർമ്മാതാക്കളെ സമ്മർദ്ദത്തിലാക്കാനാണ് തീരുമാനം.
അമ്മ ഇനി ചർച്ചകൾക്ക് മുൻകൈ എടുക്കേണ്ടന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഓഫിസിലേക്ക് ചർച്ചക്കായി പോകേണ്ടതില്ലെന്നും തീരുമാനിച്ചിട്ടുണ്ട്. നഷ്ടപരിഹാരം നൽകി ഒത്തുതീർപ്പ് വേണ്ടെന്ന നിലപാടിനെ പിന്തുണയ്ക്കുന്നതായി മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയ സൂപ്പർ താരങ്ങളും ‘അമ്മ’യിലെ സഹ പ്രവർത്തകരെ അറിയിച്ചിട്ടുണ്ട്.
ഉല്ലാസം സിനിമ ഡബ് ചെയ്തു കഴിഞ്ഞാൽ ചർച്ചയാകാം എന്ന നിലപാടിലായിരുന്നു നിർമ്മാതാക്കൾ. എന്നാൽ ഡബ്ബിങ്ങ് കഴിഞ്ഞതോടെ നഷ്ടപരിഹാരം എന്ന ആവശ്യം ഉന്നയിച്ചത് ശരിയായ നിലപാടല്ലെന്നും ‘അമ്മ’ പറയുന്നു. ഷെയിൻ നിഗം പ്രശ്നം ചർച്ച ചെയ്യാൻ വിളിച്ചു വരുത്തിയ നിർമ്മാതാക്കൾ അപമാനിച്ചുവെന്ന നിലപാടിലാണ് താരസംഘടനയായ അമ്മ.
നിർമ്മാതാക്കളുടെ അസൗകര്യത്താൽ ചിത്രീകരണം മുടങ്ങിയാൽ താരങ്ങൾക്ക് നഷ്ടപരിഹാരം നൽകുമോ എന്ന് അമ്മ ഭാരവാഹികൾ തിരിച്ച് ചോദിച്ചു. നിർമ്മാതാക്കൾ നിർദ്ദേശിച്ചതനുസരിച്ച് ഷൂട്ടിംഗ് മാറ്റി വച്ച നിരവധി അവസരങ്ങൾ ഉണ്ടായിട്ടുണ്ട്. അപ്പോഴൊന്നും താരങ്ങൾ ഈ ആവശ്യം ഉന്നയിച്ചിട്ടില്ല. അങ്ങനെയെങ്കിൽ ദിവസ വേതനത്തിന്റെയോ മണിക്കൂർ പ്രതിഫലത്തിന്റെയോ അടിസ്ഥാനത്തിലാകാം ഇനിയുള്ള ഷൂട്ടിംഗുകൾ എന്നും താരസംഘടന പറയുന്നു. നഷ്ടപരിഹാരമില്ലെങ്കിൽ ചർച്ചയുമില്ലെന്ന് അറിയിച്ചു കൊണ്ട് നിർമ്മാതാവ് സുരേഷ് കുമാർ ആദ്യം യോഗം ബഹിഷ്ക്കരിച്ചു. ഇതോടെയാണ് അമ്മ ഭാരവാഹികളും യോഗത്തിൽ നിന്ന് ഇറങ്ങിയത്.
Post Your Comments