Kerala

യുവാക്കൾക്ക് സംരംഭകത്വ രംഗത്ത് അത്ഭുതങ്ങൾ സൃഷ്ടിക്കാനാകുമെന്ന് മുഖ്യമന്ത്രി

യുവാക്കളുടെ കഴിവ് സംരംഭകത്വ രംഗത്ത് നല്ല രീതിയിൽ ഉപയോഗിച്ചാൽ അത്ഭുതങ്ങൾ സൃഷ്ടിക്കാനാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തൊഴിലന്വേഷകർക്ക് പകരം യുവാക്കൾ തൊഴിൽദാതാക്കളാകുന്നത് നവകേരള സൃഷ്ടിക്ക് കരുത്തു പകരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. യുവ സംരംഭകരെ പ്രോത്സാഹിപ്പിക്കാൻ സംഘടിപ്പിച്ച ‘എൻലൈറ്റ് 2020’ സംരംഭകത്വ വികസന ക്ലബ് കോൺക്ലേവ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യകരമായ സംരംഭകത്വ സംസ്‌കാരം വളർത്തിയെടുക്കുന്നതിനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നത്. നാട്ടിൽ വ്യവസായങ്ങൾ വളരാനുള്ള എല്ലാ സാഹചര്യവും ഇപ്പോഴുണ്ട്. വ്യവസായം ആരംഭിക്കുന്നതു സംബന്ധിച്ച പ്രശ്‌നങ്ങൾ പരിഹരിച്ച് ഈസ് ഓഫ് ഡൂയിംഗ് ബിസിനസിനായി ഏഴുനിയമങ്ങളും പത്തു ചട്ടങ്ങളും ഭേദഗതി ചെയ്തു. വ്യവസായ സൗഹൃദ സംസ്ഥാനങ്ങളിൽ ആദ്യ അഞ്ച് സ്ഥാനത്തിനുള്ളിൽ കേരളത്തെ എത്തിക്കാനാണ് ശ്രമം. കൊച്ചിയിൽ നടന്ന അസെൻറ് നിക്ഷേപക സംഗമത്തിൽ ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപ വാഗ്ദാനമാണ് ലഭിച്ചത്. വ്യവസായികൾ നമ്മുടെ നാട്ടിൽ വരാൻ സന്നദ്ധരാണ് എന്നതിന് തെളിവാണിത്.

ഇവിടെയാണ് യുവ സംരംഭകർക്കുള്ള പ്രാധാന്യം വർധിക്കുന്നത്. ഏറ്റവും മികച്ച സ്റ്റാർട്ടപ്പ് സാഹചര്യമാണ് കേരളത്തിലുള്ളത്. ലോകശ്രദ്ധ നേടിയ ഒട്ടേറെ സ്റ്റാർട്ടപ്പുകളാണ് കേരളത്തിൽ നിന്നുയർന്നുവന്നത്. യുവാക്കളുടെ കഴിവുകൾ മികച്ച രീതിയിൽ ഉപയോഗിക്കാനാകണമെന്നും അദ്ദേഹം പറഞ്ഞു.
യുവസംരംഭകരുടെ കരുത്തും ശക്തിയും പ്രായോഗികതലത്തിലെത്തിക്കണമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച വ്യവസായ മന്ത്രി ഇ.പി. ജയരാജൻ പറഞ്ഞു. തൊഴിൽ രഹിതർ ഇല്ലാത്ത നാടാക്കി കേരളത്തെ മാറ്റാനുള്ള ശ്രമങ്ങളാണ് സർക്കാർ നടത്തുന്നത്. വിദ്യാസമ്പന്നരായ യുവതലമുറയുടെ വ്യത്യസ്ത അറിവുകളും കഴിവുകളും ജീവിതത്തിൽ ഫലപ്രദമായ ഉത്പന്നങ്ങളായും സംരംഭങ്ങളായും മാറ്റാനാകണം. ഇത്തരത്തിൽ ഫലപ്രദമായ ഇടപെടലുകൾ നടത്തി സാമൂഹ്യ ജീവിതവുമായി ഉത്പാദന മേഖലയെ ബന്ധപ്പെടുത്താനാണ് സംരംഭകത്വ വികസന ക്ലബ്ബുകളിലൂടെ കലാലയങ്ങളിൽ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button