ന്യൂഡല്‍ഹി: റിപ്പബ്ലിക് ടി.വി. എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയെ അപമാനിച്ച ആക്ഷേപഹാസ്യകലാകാരന്‍ കുണാല്‍ കാംറയെ നാലു വിമാനക്കമ്പനികള്‍ വിലക്കി. ഇന്‍ഡിഗോ, എയര്‍ ഇന്ത്യ, സ്പൈസ്ജെറ്റ്, ഗോ എയര്‍ എന്നീ കമ്പനികളാണ് കാംറയ്ക്കു വിമാനത്തില്‍ വിലക്കേര്‍പ്പെടുത്തിയത്.ചൊവ്വാഴ്ച ഇന്‍ഡിഗോയുടെ മുംബൈ-ലഖ്നൗ വിമാനത്തിലാണ് അര്‍ണബിനെ കാംറ പരിഹസിച്ചത്. ‘അര്‍ണബ് നിങ്ങളൊരു ഭീരുവാണോ അതോ മാധ്യമപ്രവര്‍ത്തകനോ’ എന്നു ചോദിക്കുന്ന വീഡിയോ കാംറതന്നെ ട്വിറ്ററിലിട്ടു.
അര്‍ണബ് സാധാരണ ടെലിവിഷന്‍ പരിപാടിയില്‍ അവതരിപ്പിക്കുന്ന അതേ പ്രയോഗങ്ങളുപയോഗിച്ചായിരുന്നു പരിഹാസം. എന്നാൽ അർണാബ് ഇതിനെതിരെ യാതൊന്നും പ്രതികരിച്ചില്ല. ഇതേത്തുടര്‍ന്ന് ഇന്‍ഡിഗോ ചൊവ്വാഴ്ചതന്നെ കാംറയ്ക്ക് ആറുമാസത്തെ യാത്രവിലക്ക് ഏര്‍പ്പെടുത്തി.പിന്നാെല, അദ്ദേഹത്തിനെതിരേ സമാനനടപടിയുമായി മറ്റു വിമാനക്കമ്പനികളും എത്തുകയായിരുന്നു .ഇനിയൊരറിയിപ്പുണ്ടാകുംവരെ കാംറയെ വിമാനത്തില്‍ കയറ്റില്ലെന്നാണ് സ്പൈസ്ജെറ്റും ഗോഎയറും അറിയിച്ചിരിക്കുന്നത്.
പ്രകോപനപരമായി പെരുമാറുകയും വിമാനത്തിനുള്ളില്‍ അസ്വസ്ഥതയുണ്ടാക്കുകയും ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്നും അതു യാത്രക്കാരുടെ സുരക്ഷയെ ബാധിക്കുന്നകാര്യമാണെന്നും വ്യോമയാന മന്ത്രിഹര്‍ദീപ് സിങ് പുരി പറഞ്ഞു. വിഷയം ആഭ്യന്തരസമിതി പരിശോധിക്കുകയാണെന്നും അതനുസരിച്ച് നടപടിയെടുക്കുമെന്നും എയര്‍ഏഷ്യ ഇന്ത്യ, വിസ്താര എന്നീ വിമാനക്കമ്പനികള്‍ അറിയിച്ചു.
അതേസമയം ഭരണഘടനയിലെ 19-ാം അനുച്ഛേദത്തില്‍ പറയുന്ന അഭിപ്രായപ്രകടനത്തിനുള്ള അവകാശം വിനിയോഗിച്ചതിനാണ് വിമാനക്കമ്പനികള്‍ താത്കാലിക വിലക്കേര്‍പ്പെടുത്തിയിരിക്കുന്നതെന്നു കുണാല്‍ കാംറ ആരോപിച്ചു. വിമാനജീവനക്കാരുടെയോ പൈലറ്റിന്റെയോ നിര്‍ദേശങ്ങള്‍ അനുസരിക്കാതിരുന്നിട്ടില്ല. യാത്രക്കാരിലാരുടെയും സുരക്ഷ അപകടത്തിലാക്കിയിട്ടില്ല. മാധ്യമപ്രവര്‍ത്തകനായ അര്‍ണബ് ഗോസ്വാമിയുടെ ഊതിപ്പെരുപ്പിച്ച അഹന്തയ്ക്കുമാത്രമേ ഞാന്‍ അപകടമുണ്ടാക്കിയിട്ടുള്ളൂ -അദ്ദേഹം പറഞ്ഞു.
അതേസമയം രാഹുൽ ഗാന്ധി കുണാല്‍ കാംറക്ക് പിന്തുണയുമായി രംഗത്തെത്തി. 24 മണിക്കൂറും സ്വന്തം ക്യാമറകള്‍ പ്രചാരണായുധമാക്കി ഉപയോഗിക്കുന്നവര്‍, തങ്ങള്‍ക്കുനേരെ ക്യാമറ തിരിയുമ്പോള്‍ കുറച്ചെങ്കിലും നട്ടെല്ലുള്ളവരാണെന്ന് തെളിയിക്കണമെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു.
Post Your Comments